23 February 2026, Monday

ജെ സി ഡാനിയേൽ പുരസ്കാരം ടി വി ചന്ദ്രന്

Janayugom Webdesk
തിരുവനന്തപുരം‌
July 29, 2023 10:43 pm

മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2022 ലെ ജെ സി ഡാനിയേൽ പുരസ്കാരം സംവിധായകൻ ടി വി ചന്ദ്രന്. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്ന ജെ സി ഡാനിയേൽ അവാർഡ്.
1975ൽ ‘കബനീ നദി ചുവന്നപ്പോൾ’ എന്ന ചിത്രത്തിലൂടെ അഭിനേതാവായി ചലച്ചിത്രരംഗത്ത് എത്തിയ ടി വി ചന്ദ്രൻ സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, നടൻ എന്നീ നിലകളിൽ അരനൂറ്റാണ്ടുകാലമായി നല്ല സിനിമയ്ക്കൊപ്പം ഉറച്ച നിലപാടുകളുമായി നിലകൊള്ളുന്നുവെന്ന് ജൂറി വിലയിരുത്തി.
1981 ൽ സ്വന്തം നിർമ്മാണത്തിൽ സംവിധാനം ചെയ്ത ‘കൃഷ്ണൻകുട്ടി‘യാണ് ആദ്യ ചിത്രം. 15 മലയാള സിനിമകളും രണ്ടു തമിഴ് സിനിമകളും ഒരുക്കി. കൂടാതെ മൂന്ന് ഡോക്യുമെന്ററികളും മൂന്ന് ഹ്രസ്വചിത്രങ്ങളും ഒരു ടെലി സീരിയലും സംവിധാനം ചെയ്തിട്ടുണ്ട്. മൂന്നു ചിത്രങ്ങളിൽ അഭിനേതാവായി. കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരം ലഭിക്കുന്ന 30ാമത്തെ വ്യക്തിയാണ് ടി വി ചന്ദ്രൻ.
1993ൽ മികച്ച സംവിധായകനുള്ള ദേശീയപുരസ്കാരം ഉൾപ്പെടെ ഏഴ് ദേശീയ അവാർഡുകളും 10 കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും ടി വി ചന്ദ്രൻ നേടിയിട്ടുണ്ട്. ഒമ്പത് ചിത്രങ്ങൾ ഇന്ത്യൻ പനോരമയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം സംവിധാനം ചെയ്ത ‘ആലീസിന്റെ അന്വേഷണം’ ലൊകാർണോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഗോൾഡൻ ലെപ്പേർഡ് അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. പൊന്തൻമാട, മങ്കമ്മ, ഡാനി, ഓർമ്മകളുണ്ടായിരിക്കണം, പാഠം ഒന്ന് ഒരു വിലാപം, സൂസന്ന, കഥാവശേഷൻ, ആടുംകൂത്ത്, ഭൂമിമലയാളം എന്നിവ വിവിധ വിഭാഗങ്ങളിൽ ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടി.

eng­lish sum­ma­ry; JC Daniel Award to TV Chandran

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.