വിവാദ വ്യവസ്ഥകളടങ്ങിയ വഖഫ് ഭേദഗതി ബില്ലിനെതിരെ എന്‍ഡിഎ ഘടകകക്ഷിയായ നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും രംഗത്ത്. ചിരാഗ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി, ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടി എന്നിവയ്ക്ക് പിന്നാലെയാണ് മോഡി ഭരണത്തെ താങ്ങിനിര്‍ത്തുന്ന ജെഡിയുവിന്റെ ചുവപ്പ് കൊടി. വിവാദ ബില്ലിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കുമെന്ന് ടിഡിപി, ജെഡിയു നേതാക്കള്‍ ഉറപ്പ് നല്‍കിയതായി മുസ്ലിം വ്യക്തി നിയമ ബോര്‍ഡും അറിയിച്ചു. മോഡി ഭരണത്തെ താങ്ങിനിര്‍ത്തുന്ന മൂന്നാമത്തെ കക്ഷിയായ ജെഡിയു കൂടി രംഗത്ത് വന്നതോടെ വിവാദ ബില്‍ പിന്‍വലിച്ച് തടിതപ്പാനാണ് സാധ്യത.
നേരത്തെ ബ്രോഡ്കാസ്റ്റ് ബില്‍, ആദായ നികുതിയിളവ് ബില്‍ എന്നിവ പിന്‍വലിക്കാന്‍ മോഡി സര്‍ക്കാര്‍ നിര്‍ബന്ധിതമായിരുന്നു. വഖഫ് ബില്ലിനെതിരെ പ്രതിപക്ഷസഖ്യം ഇന്ത്യയും മുസ്ലിം സംഘടനകളും വ്യാപക പ്രതിഷേധം ഉയര്‍ത്തിയെങ്കിലും ബില്ലുമായി മുന്നോട്ടുപോകാനായിരുന്നു മോഡിയുടെയും അമിത് ഷായുടെയും തീരുമാനം. എന്നാല്‍ പാളയത്തില്‍ത്തന്നെ പടപ്പുറപ്പാട് ആരംഭിച്ചത് മോഡിക്കും ബിജെപിക്കും തിരിച്ചുപോക്കിന് വഴിയൊരുക്കും.
വിവാദ ബില്ലിനെ യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്ന് രാജീവ് രഞ്ജന്‍ എംപി വ്യക്തമാക്കി. മുസ്ലിം വിരുദ്ധ വ്യവസ്ഥകള്‍ അടങ്ങിയ നിര്‍ദിഷ്ട ബില്‍ ന്യൂനപക്ഷവിരുദ്ധമാണെന്നും അദ്ദേഹം പ്രതികരിച്ചു. ബിഹാര്‍ ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഹമ്മദ് സാമഖാന്റെ പ്രസ്താവനയ്ക്ക് പിന്നലെയാണ് രാജീവ് രഞ്ജന്‍ നിലപാട് വ്യക്തമാക്കിയത്. ഇതിനിടെ വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കി ജെഡിയു നേതാക്കള്‍ കേന്ദ്ര നിയമകാര്യ മന്ത്രി കിരണ്‍ റിജിജുവുമായി ചര്‍ച്ച നടത്തുകയും ചെയ്തു. പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് സഞ്ജയ് ഝാ, മുഹമ്മദ് സമഖാന്‍ എന്നിവരാണ് മന്ത്രിയുമായി കുടിക്കാഴ്ച നടത്തിയത്. വഖഫ് നിയമ ഭേദഗതി സംബന്ധിച്ച എതിര്‍പ്പ് കേന്ദ്ര സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചതായി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അധ്യക്ഷന്‍ ഖലിദ് സൈഫുള്ള റഹ്മാനി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.