
വിവാഹാഘോഷത്തിനിടെ കാണാതായ ആറ് വയസ്സുകാരിയുടെ മരണത്തിന് പിന്നില്‍ കുട്ടിയുടെ അമ്മായി. ആറ് വയസ്സുകാരിയായ വിധിയെ കൊലപ്പെടുത്തിയത് സ്വന്തം അമ്മായിയായ പൂനമാണെന്ന് പോലീസ് കണ്ടെത്തി. തന്നേക്കാൾ സൗന്ദര്യമുണ്ടെന്ന തോന്നലിൽ, അസൂയയും നീരസവുമാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെ കാരണം. ഈ കൊലപാതകത്തിന് പുറമെ 2023ൽ സ്വന്തം ഇളയ മകൻ ഉൾപ്പെടെ മൂന്ന് കുട്ടികളെക്കൂടി താൻ കൊലപ്പെടുത്തിയതായി ചോദ്യം ചെയ്യലിനിടെ പൂനം സമ്മതിച്ചു. ഈ നാല് പേരെയും ബാത്ത് ടബ്ബിലോ വെള്ളത്തിലോ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
സോനിപ്പത്തിൽ താമസിക്കുന്ന വിധി എന്ന ആറ് വയസ്സുകാരി മുത്തശ്ശനും മുത്തശ്ശിക്കും അച്ഛനും അമ്മയ്ക്കും 10 മാസം പ്രായമുള്ള കുഞ്ഞുസഹോദരനുമൊപ്പമാണ് വിവാഹ ചടങ്ങിനെത്തിയത്. ഉച്ചയ്ക്ക് 1.30ഓടെ വിധിയെ കാണാതായി. എല്ലാവരും തിരച്ചിൽ നടത്തുന്നതിനിടെ, ഏകദേശം ഒരു മണിക്കൂറിന് ശേഷം മുത്തശ്ശിയാണ് കുളിക്കുന്ന വാട്ടർ ടബ്ബിൽ മുങ്ങിക്കിടക്കുന്ന നിലയിൽ വിധിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകളെ ആരോ കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് വിധിയുടെ പിതാവ് നൽകിയ പരാതിയിന്മേലുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്. തന്നേക്കാൾ സൗന്ദര്യമുള്ള പെൺകുട്ടികളോട് പൂനത്തിന് അസൂയയുണ്ടായിരുന്നുവെന്നും, സുന്ദരികളായ പെൺകുട്ടികളെയാണ് അവർ ലക്ഷ്യം വെച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി. 2023ൽ പൂനം തൻ്റെ ബന്ധുവിൻറെ മകളെ കൊലപ്പെടുത്തി. അതേ വർഷം തന്നെ, മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാനായി പൂനം സ്വന്തം ഇളയ മകനെ മുക്കിക്കൊന്നു. ഈ വർഷം ഓഗസ്റ്റിലാണ് മൂന്നാമത്തെ കൊലപാതകം.
പൂനം കുറ്റം സമ്മതിക്കുന്നതുവരെ ഈ കുട്ടികളുടെ മരണങ്ങളിലൊന്നും ആരും കൊലപാതക സാധ്യത സംശയിച്ചിരുന്നില്ല. കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.