15 February 2026, Sunday

Related news

February 14, 2026
February 14, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 12, 2026

ജീവനേകാം ജീവനാകാം അമൽ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും

* നാല് അവയവങ്ങൾ ദാനം ചെയ്തു
Janayugom Webdesk
തിരുവനന്തപുരം
October 16, 2025 3:29 pm

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച അമൽ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം പൊന്നാനി സ്വദേശിയായ 33കാരനിലാണ് ഹൃദയം മിടിക്കുക. തിരുവനന്തപുരം, മലയിൻ കീഴ്, തച്ചോട്ട് കാവ് സ്വദേശി അമൽ ബാബുവിന്റെ (25) ഹൃദയം ഉൾപ്പടെയുള്ള നാല് അവയങ്ങളാണ് ദാനം ചെയ്തത്. ഹൃദയം, കരൾ, രണ്ട് വൃക്കകൾ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ്, മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗികൾക്കാണ് നൽകിയത്.
തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാൻ സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. അമൽ ബാബുവിന് ആദരാഞ്ജലികൾ അർപ്പിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. അവയവ വിന്യാസം വേഗത്തിലാക്കിയ കേരള സ്റ്റേറ്റ് ഓർഗൻ ആന്റ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ സോട്ടോ), പൊലീസ് സേന, ജില്ലാ ഭരണകൂടങ്ങൾ, ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ, ആംബുലൻസ് ജീവനക്കാർ, പൊതുജനങ്ങൾ തുടങ്ങിയ എല്ലാവർക്കും മന്ത്രി നന്ദി അറിയിച്ചു.
മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം അവയവങ്ങൾ എത്രയും പെട്ടെന്ന് അതാത് ആശുപത്രികളിൽ എത്തിക്കാൻ കെ-സോട്ടോ നടപടി സ്വീകരിച്ചു. എറണാകുളത്ത് എത്രയും പെട്ടെന്ന് ഹൃദയം എത്തിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്റ്റർ ആണ് ഉപയോഗിച്ചത്. റോഡ് മാർഗമുള്ള ഗതാഗതവും പൊലീസ് ക്രമീകരിച്ചിരുന്നു. കെ സോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും ഏകോപനവും നടന്നത്.
ഈഞ്ചക്കലിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന അമൽ കഴിഞ്ഞ 12ന് രാത്രി ഒൻപതിന് ജോലി ചെയ്തു മടങ്ങുമ്പോൾ കുണ്ടമൺ കടവിന് സമീപം അമൽ സഞ്ചരിച്ച ബൈക്ക് എതിർ വശത്ത് നിന്ന് വന്ന കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമലിനെ ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ബുധനാഴ്ച മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു. അച്ഛൻ എ ബാബു (റിട്ട. എസ് ഐ), അമ്മ ഷിംല ബാബു, സഹോദരി ആര്യ എന്നിവരാണ് അമൽ ബാബുവിന്റെ കുടുംബാംഗങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.