18 March 2025, Tuesday
KSFE Galaxy Chits Banner 2

ജീവിതമെന്നു പറയുന്നത് ഒരു എതവാ…

ഡോ. നിത്യ പി വിശ്വം
February 9, 2025 8:45 am

ജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത സിനിമയാണ് പൊന്മാൻ. ജി ആർ ഇന്ദുഗോപന്റെ ‘നാലഞ്ചു ചെറുപ്പക്കാർ’ എന്ന നോവലിന്റെ സ്വതന്ത്ര അനുവർത്തനമാണിത്. തിരക്കഥാരചനയിൽ അദ്ദേഹത്തോടൊപ്പം ജസ്റ്റിൻ മാത്യുവും ഒത്തുചേർന്നിരിക്കുന്നു. കൊല്ലത്തിന്റെ ആഴവും ആത്മാവും ജന്മനാൽ അറിഞ്ഞുജീവിക്കുന്ന ഇന്ദുഗോപന്റെ സംഭാഷണ രചനയുടെ മികവ് ചലച്ചിത്രത്തെ യഥാതഥവും ജീവിതഗന്ധിയും ആക്കിയിരിക്കുന്നു. കൊല്ലം ഭാഷയുടെ ഈണവും താളവും വഴക്കവും നാടൻചൊല്ലുകളും ഒരിടത്തും ഇടറാതെ കാത്തു പോന്നിട്ടുണ്ട് സംഭാഷണത്തിൽ. 

കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട മൂന്നു സ്ഥലങ്ങളെ കേന്ദ്രീകരിച്ചാണ് കഥ മുന്നേറുന്നത്. കൊല്ലം നഗരപ്രാന്തവും തലവെട്ടിച്ചിറ എന്ന തുരുത്തും കുണ്ടറയും. ഇവിടങ്ങളിലെ വ്യത്യസ്തമായ ഭൂപ്രകൃതിയും മനുഷ്യപ്രകൃതിയും ജീവിതചര്യകളും അതീവ സൂക്ഷ്മതയോടെ ചിത്രീകരിച്ചിട്ടുണ്ട് . കഥാപാത്രങ്ങളിൽ ഒരാളുപോലും ഭാഷയിലും പ്രകൃതത്തിലും കൊല്ലം ആവേശിക്കാത്തവരായിട്ടില്ല . ജയ ജയ ജയ ഹേയിലെ കൊല്ലം കാരനിൽനിന്നും
പി പി അജേഷ് എന്ന പൊന്മാൻ പ്രകൃതത്തിലേക്ക് എത്തുമ്പോഴേക്കും ബേസിൽ ജോസഫ് കറതീർന്ന അഭിനേതാവായി കഴിഞ്ഞിരിക്കുന്നു. ആനന്ദ് മന്മഥന്റെ ബ്രൂണോ എടുത്തുചാട്ടത്തിലും തകർന്നുടയലിലും കൃത്യതയാർന്ന പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത് . ലിജോ മോളുടെ സ്റ്റെഫിയും സ്റ്റെഫിയുടെ അമ്മ ആഗ്നസായി വേഷമിട്ട സന്ധ്യാരാജേന്ദ്രനും അന്ത:സംഘർഷങ്ങളെ തുളുമ്പാതെയും അതിഭാവുകത്വം കലർത്താതെയും കയ്യടക്കത്തോടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. തൊഴിലിടത്തിലെ ആത്മാർത്ഥതയും കാരിരുമ്പിന്റെ പ്രകൃതവും അപൂർവമായി പാളിനോക്കിയ നിസഹായതയുംകൊണ്ട് മരിയാനോ (സജിൻ ഗോപു ) അഭ്രപാളിയെ ത്രസിപ്പിക്കുന്നുണ്ട്. ഉപ്പുകാറ്റും കനത്ത വെയിലും കൊണ്ട് കരുവാളിച്ച, പൊന്നിന് പെണ്ണിനെക്കാൾ മൂല്യമുണ്ടെന്ന് വിലപേശുന്ന, കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന വാശിയെ പൊലിപ്പിക്കുന്ന, ജീവിതത്തിന്റെ കരിമ്പാറക്കെട്ടുകൾക്കുള്ളിൽ നിന്നും ആർദ്രതയുടെ ഉറവുകിനിയുന്ന കൊല്ലംകാരുടെ തനത് വ്യക്തിത്വത്തെയും ജീവിത സങ്കീർണതകളെയും പച്ചയായി ആവിഷ്കരിക്കുന്ന സിനിമയാണ് പൊന്മാൻ.
“അങ്ങനങ്ങ് തോൽക്കില്ല. ലൈഫിൽ കിട്ടുന്ന സമയത്ത് എൻജോയ് ചെയ്യും. ബാക്കി സമയം എന്തു മാങ്ങാത്തൊലി വന്നാലും ഫൈറ്റ് ചെയ്യും” എന്നുള്ളത് പി പി അജേഷിന്റെ ചിന്തയായിട്ടല്ല, കൊല്ലത്തുകാരുടെ മുഴുവൻ ഭാവുകത്വമായിട്ട് വേണം അടയാളപ്പെടുത്തുവാൻ.

മലയാള ചലച്ചിത്രഗാന പാരമ്പര്യത്തിൽ തൃശൂരും ഇടുക്കിയും ആലപ്പുഴയും കോഴിക്കോടുമൊക്കെ മുമ്പേ അടയാളപ്പെട്ടു കഴിഞ്ഞതാണ്. കൊല്ലത്തിനു സ്വന്തമായൊരു പാട്ട് പൊന്മാനിലൂടെ വെളിച്ചം കണ്ടിരിക്കുന്നു. “അവിടാരാണ്ടെട ദോണ്ടെ…” എന്ന ഗാനം രചിച്ചിരിക്കുന്നത് അൻവർ അലിയും ആലപിച്ചിരിക്കുന്നത് രശ്മി സതീഷുമാണ്. മറ്റു മൂന്നുപാട്ടുകളും സുഹൈൽ കോയ രചിച്ചിരിക്കുന്നു. ഒരു നാടിന്റെ അകവും പുറവും വഴക്കവും പ്രതിഫലിപ്പിക്കുവാൻ ഈ ഗാനങ്ങൾക്ക് കഴിഞ്ഞിരിക്കുന്നു.

ധനാർത്തിയിൽ കുപ്രസിദ്ധിയുള്ള കൊല്ലത്തിന്റെ പണമിടപാടുകളെ ഇഴകീറി പരിശോധിക്കുന്നുണ്ട് പൊന്മാനിൽ. മകന്റെ സ്ത്രീധനം അണാപൈസ തെറ്റാതെ ചോദിച്ചു വാങ്ങുന്നവർ, അത് കിട്ടിക്കഴിയുമ്പോൾ സ്വന്തം പെൺമക്കളെ കെട്ടിച്ചു വിടാനുള്ള മൂലധനമായി കാണുന്നവർ, കല്യാണത്തലേന്ന് പിരിഞ്ഞുകിട്ടാനുള്ള തുക മുന്നിൽകണ്ട് അജേഷിനെ പോലുള്ള ‘മടിയിൽ ജ്വല്ലറി‘ക്കാരെ ആശ്രയിച്ചു ജീവിക്കുന്നവർ… ഇത്തരത്തിലുള്ള അതിസാധാരണക്കാരായ തനി കൊല്ലത്തുകാരെ പൊന്മാനിൽ കാണാം. പൊന്മാനിലെ പൊന്നും മാനും പേരിൽ മാത്രമാണെന്നതുപോലെ സിനിമയിലെ പൊന്നിനും അതിന്റെ കയ്യാളായ മനുഷ്യർക്കും തമ്മിൽ അവകാശപ്പെടാൻ ബന്ധങ്ങൾ ഒന്നുമില്ല. നിസ്സഹായരും നിരാലംബരുമായിപ്പോയ കുറച്ചു മനുഷ്യരുടെ ജീവിതമാണ് ചലച്ചിത്രം ദൃശ്യവൽക്കരിക്കുന്നത്. 

കായലുപണിയും കൊഞ്ചുവളർത്തലും മീൻപിടുത്തവും ഇഷ്ടികച്ചൂളയിലെ പണിയുമായി അധ്വാനിച്ച് ജീവിക്കുന്ന കരുത്തരും മുരടരുമായ ഒരുപറ്റം മനുഷ്യരുടെ കഥയാണിത്. “ജീവിതമെന്നു പറയുന്നത് ഒരു എതവാ…” എന്ന് സിനിമ പറഞ്ഞുവെക്കുന്നുണ്ട്. “കല്യാണത്തലേന്ന് കൊല്ലത്ത് നടക്കുന്ന പിരിവാ പിരിവ്. നിന്റെ കല്യാണത്തിന് ഞാൻ അഞ്ഞൂറ് കൊടുത്താൽ എന്റെ കല്യാണത്തിന് അറുനൂറ് എങ്കിലും തരണം. അഞ്ഞൂറിൽ കുറഞ്ഞൊരു എടപാടില്ല” എന്നതാണ് കൊല്ലത്തെ ചിട്ട. “തെണ്ടാൻ പോകുന്നതാ ഇതിലും ഭേദം” എന്നുപറയുന്ന ധീരവിപ്ലവകാരിയോട്, “പെങ്ങടെ കല്യാണം വരുമ്പോൾ ഇങ്ങനെ തോന്നും. സ്വന്തം കല്യാണം വരുമ്പോൾ അതങ്ങ് മാറും” എന്ന് തരംപോലെ മറുപടി നൽകുന്നുമുണ്ട് പൊൻമാനിൽ. വിചാരിച്ചത്ര ആൾ വരാതിരിക്കുകയും പണം പിരിഞ്ഞു കിട്ടാതിരിക്കുകയും ചെയ്ത വിവാഹത്തിന്റെ ദയനീയത മുഴുവൻ രാത്രി കടലിൽ തട്ടുന്ന ഒരു ചെമ്പ് നിറയെയുള്ള ഫ്രൈഡ് റൈസിലൂടെ കൃത്യമായി പ്രതീകവൽക്കരിച്ചിരിക്കുന്നു. പള്ളിയിൽ കെട്ട്നടക്കുമ്പോൾ വിയർത്തൊട്ടി മുഷിഞ്ഞ തൂവാല നവവധുവിനെ ഏൽപ്പിക്കുന്ന ദൃശ്യത്തോടെ വിവാഹ ബന്ധത്തിലെ പരമ്പരാഗത മേധാവിത്വവും മുഷിപ്പും മറനീക്കിത്തുടങ്ങുന്നു. 

വൈകുന്നേരത്തെ സൽക്കാരത്തിന് ബന്ധുക്കൾ എത്തിയപ്പോൾ മുറ്റത്തോളം എത്തിയ വേലിയേറ്റത്തിലെ ചെളിയിലേക്ക് കാലെടുത്തുവെക്കാൻ മടിക്കുന്ന നവവധുവിന് കിട്ടുന്ന ഉപദേശം, “നിറയെ അഴുക്കും തൊളിയുമാണ്. വഴുതിവീഴാതെ സൂക്ഷിക്കണം” എന്നതാണ്. തുടർ ജീവിതത്തിന്റെ കൃത്യമായ സൂചനയാണത്. പൊന്നിനും പെണ്ണിനും ഇടയിൽ ആധിയേറിയും നിസഹായരായും പിടയുന്ന ഒരു ജനതയുടെ കഥകൂടിയാണ് പൊന്മാൻ. “പൊന്നില്ലാതെ ഈ നാട്ടിൽ ജീവിക്കാനാവുമോ?” എന്ന ചോദ്യത്തിന്റെ മുനമ്പത്ത് “ഞാനൊന്ന് നോക്കട്ടെ” എന്ന് ഒരുവൾ മറുപടി തൊടുത്തുവെക്കുമ്പോൾ മാറുന്ന കാലവും ദേശവും ഒരു പ്രതീക്ഷയായി പ്രേക്ഷകന്റെ മനസിലും എത്തുന്നു. അക്ഷരങ്ങളുടെയും ആശയങ്ങളുടെയും നീലയേക്കാൾ ജീവിതത്തിന്റെ പച്ചയാണ് പൊന്മാനിൽ തെളിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.