23 June 2024, Sunday

Related news

June 20, 2024
June 6, 2024
June 3, 2024
May 29, 2024
May 22, 2024
May 20, 2024
May 2, 2024
April 17, 2024
April 15, 2024
April 15, 2024

ജിഷ വധക്കേസ്; പ്രതിയുടെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
May 20, 2024 2:08 pm

കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ ജിഷ കൊലക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. വധശിക്ഷ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. ശിക്ഷ നടപ്പാക്കാൻ അനുമതി തേടി സർക്കാർ നൽകിയ അപേക്ഷ ഹൈക്കോടതി അംഗീകരിച്ചു.

കേസിൽ ഡിഎൻഎയും മറ്റു ശാസ്ത്രീയ തെളിവുകളുമാണ് നിർണായകമായത്. ഡിഎൻഎ സാമ്പിളുകൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ വിശ്വസിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വീടിന്റെ വാതിൽ, കട്ടിള എന്നിവയില്‍ നിന്നും പെൺകുട്ടിയുടെ ചുരിദാറിൽ നിന്നും കണ്ടെത്തിയ രക്തസാമ്പിളുകൾ തെളിവായി എടുക്കാമെന്നും കോടതി ഉത്തരവിൽ ചൂണ്ടികാട്ടി.
വിധി കേൾക്കാൻ ജിഷയുടെ അമ്മയും സഹോദരിയും കോടതിയിൽ എത്തിയിരുന്നു. നീതി കിട്ടിയെന്നും പ്രതി ചെയ്ത ക്രൂരതയ്ക്ക് അർഹമായ ശിക്ഷ കിട്ടിയെന്നും നിയമ വിദ്യാർത്ഥിനിയായിരുന്ന ജിഷയുടെ അമ്മ പ്രതികരിച്ചു. ഹൈക്കോടതിയിൽ നിന്ന് അനുകൂലമായ വിധി ഉണ്ടായതിൽ സന്തോഷമുണ്ടെന്നും അമ്മ പറഞ്ഞു.

കൊലപാതകം, ബലാത്സംഗം, അതിക്രമിച്ചുകയറൽ, മാരകമായി മുറിവേല്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അസാം സ്വദേശിയായ അമിറുൾ ഇസ്ലാമിനെതിരെ തെളിഞ്ഞത്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നുമാണ് പ്രതിയുടെ വാദം. 2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി കൊല്ലപ്പെട്ടത്.
==================================================

അപൂർവങ്ങളിൽ അത്യപൂർവമെന്ന് ഹൈക്കോടതി

കൊച്ചി: നിയമവിദ്യാർത്ഥിനിയുടെ കൊലപാതകക്കേസ് അപൂർവങ്ങളിൽ അത്യപൂർവമെന്ന് ഹൈക്കോടതി
ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. സമൂഹത്തിലെ കുറ്റവാളികൾക്കുള്ള സന്ദേശമാണ് ഹൈക്കോടതി വിധിയെന്ന് പ്രോസിക്യൂട്ടർ പ്രതികരിച്ചു. കുറ്റം ചെയ്ത ഒരാളും രക്ഷപ്പെടില്ലെന്ന ശക്തമായ താക്കീതു കൂടിയാണ് ഈ വിധി.

സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവച്ചത്. പ്രതിയുടെ രക്തം വീടിന്റെ വാതിലിൽ നിന്നും ലഭിച്ചിരുന്നു. ചുരിദാർ ടോപ്പിൽ നിന്നും നെയിൽ ക്ലിപ്പിംഗ്സിൽ നിന്നും പെൺകുട്ടിയുടെ പുറത്ത് കടിച്ചഭാഗത്തു നിന്നും ഡിഎൻഎ കിട്ടിയിട്ടുണ്ട്. ഈ നാലു ഡിഎൻഎകളും സാഹചര്യത്തെളിവുകളും സമർത്ഥമായി ശേഖരിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞതാണ് കേസിൽ നിർണായകമായി മാറിയതെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി.

സത്യം വിജയിച്ചിരിക്കുന്നു എന്ന് കേസന്വേഷണത്തിന് മേൽനോട്ടം വഹിച്ച എസ്‌പി ശശിധരൻ പറഞ്ഞു. ഇരയ്ക്ക് നീതി ലഭിച്ചിരിക്കുന്നു. പൊലീസ് സേനയ്ക്ക് വളരെ ആത്മവിശ്വാസം നൽകുന്ന ഉത്തരവാണ് ഹൈക്കോടതിയിൽ നിന്നും ഉണ്ടായിട്ടുള്ളത്. പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഒത്തൊരുമയോടെയുള്ള പരിശ്രമത്തിന്റെ ഫലമാണ് വിധിയെന്നും എസ്‌പി പറഞ്ഞു. അതേസമയം ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകനായ ബി എ ആളൂർ അറിയിച്ചു.

Eng­lish Sum­ma­ry: Jisha mur­der case; The High Court upheld the death sen­tence of the accused
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.