20 December 2025, Saturday

Related news

December 20, 2025
December 17, 2025
December 16, 2025
December 16, 2025
December 15, 2025
December 15, 2025
December 13, 2025
December 12, 2025
December 10, 2025
December 7, 2025

തൊഴിലുറപ്പ് പദ്ധതി റദ്ദാക്കി; ഡൽഹിയിൽ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു

എംപിമാരെ പൊലീസ് നീക്കി
Janayugom Webdesk
ന്യൂഡൽഹി
December 20, 2025 8:59 pm

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ രാജ്യതലസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങൾക്ക് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്. വിയോജിപ്പ് രേഖപ്പെടുത്താനുള്ള ജനാധിപത്യപരമായ അവകാശങ്ങൾ സർക്കാർ തടയുകയാണെന്ന് ആരോപിച്ച് വിവിധ സംഘടനകളുടെ കൂട്ടായ്മയായ എൻആർഇജിഎ സംഘർഷ് മോർച്ച രംഗത്തെത്തി.

ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കാൻ അനുമതി തേടിയ സംഘാടകരോട് പത്ത് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പ്രതിഷേധവുമായി മുന്നോട്ട് പോയാൽ നിയമനടപടി സ്വീകരിക്കുമെന്ന് സംഘാടകരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

അനുമതി നിഷേധിച്ചിട്ടും ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ബാനറുകളും പ്ലക്കാർഡുകളുമായി മോർച്ച പ്രതിനിധികൾ ജന്തർ മന്തറിൽ ഒത്തുകൂടി. എംപിമാരായ ശശികാന്ത് സെന്തിൽ (കോൺഗ്രസ്), എസ്. മുരസൊലി, തങ്ക തമിഴ് സെൽവൻ (ഡിഎംകെ), രാജാറാം സിങ് (സിപിഐ‑എംഎൽ), ബികാഷ് ഭട്ടാചാര്യ (സിപിഐ എം) എന്നിവരും പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയിരുന്നു. പദ്ധതി റദ്ദാക്കിയതിനെതിരെയും പ്രതിഷേധിക്കാനുള്ള അവകാശത്തിന് വേണ്ടിയും ഇവർ ഫ്ലാഷ് ഡെമോ സംഘടിപ്പിച്ചു. തുടർന്ന് പൊലീസ് ഇടപെട്ട് ഇവരെ സ്ഥലത്തുനിന്നും ബലം പ്രയോഗിച്ച് നീക്കി.
നോട്ട് നിരോധനവും ലോക്ക്ഡൗണും വെറും നാല് മണിക്കൂർ മുൻപ് മാത്രം പ്രഖ്യാപിച്ച സർക്കാർ, സമാധാനപരമായ പ്രതിഷേധത്തിന് 10 ദിവസം മുൻപ് അനുമതി തേടണമെന്ന് പറയുന്നത് വിരോധാഭാസമാണെന്ന് എൻആർഇജിഎ സംഘർഷ് മോർച്ച പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പാർലമെന്റ് സമ്മേളനം അവസാനിക്കുന്നതിന് തൊട്ടുമുൻപാണ് പദ്ധതി റദ്ദാക്കുന്ന ബില്ല് സഭയിൽ അവതരിപ്പിച്ചത്.

രാജ്യത്തെ വലിയൊരു വിഭാഗം ദരിദ്ര ജനങ്ങളുടെ ഏക ആശ്രയമായ പദ്ധതി അവസാനിപ്പിച്ചത് വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്. ഈ പ്രതിഷേധങ്ങൾ രാജ്യവ്യാപകമായി പടരുന്നത് ഭയന്നാണ് കേന്ദ്ര സർക്കാർ സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നതെന്ന് പ്രക്ഷോഭകർ ആരോപിച്ചു. കേരളമുൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലും പദ്ധതി റദ്ദാക്കിയതിനെതിരെ ഇന്നലെ പ്രതിഷേധങ്ങൾ നടന്നു.

വായു മലിനീകരണം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവർക്ക് നേരെ ലാത്തിച്ചാർജ് നടത്തിയതും അവരെ മാവോയിസ്റ്റുകളായി മുദ്രകുത്തിയതും അടുത്തിടെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി എത്തിയവർക്കും ഡൽഹി പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.