17 December 2025, Wednesday

Related news

December 17, 2025
December 17, 2025
December 15, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 12, 2025
December 12, 2025
December 12, 2025

മോഡി ഭരണത്തില്‍ രാജ്യത്ത് തൊഴില്‍ സ്തംഭനം

Janayugom Webdesk
ന്യൂഡല്‍ഹി/ ലഖ്നൗ
February 18, 2024 10:54 pm

നരേന്ദ്ര മോഡി ഭരണത്തില്‍ രാജ്യത്ത് തൊഴില്‍സ്തംഭനമെന്ന് സര്‍ക്കാര്‍ ഏജന്‍സികളുടെ പഠനം. അസംഘടിത തൊഴില്‍ മേഖലയിലും അഭ്യസ്തവിദ്യരുടെ ഇടയിലും തൊഴിലില്ലായ്മ രൂക്ഷമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, ബിറ്റ്സ് പിലാനി, കേന്ദ്ര കാര്‍ഷിക മന്ത്രാലയം എന്നിവ നടത്തിയ സംയുക്ത പഠനത്തിലാണ് രാജ്യം നേരിടുന്ന ഗുരുതരമായ സ്ഥിതിവിശേഷത്തിന്റെ ചിത്രമുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെതന്നെ നാഷണല്‍ സാമ്പിള്‍ സര്‍വേ (എന്‍എസ്എസ്ഒ) രേഖ ഉദ്ധരിച്ചാണ് രൂക്ഷമായ തൊഴിലില്ലായ്മയുടെ കണക്ക് അവതരിപ്പിച്ചിരിക്കുന്നത്. 1987–88 മുതല്‍ 2004-05 വരെ തൊഴില്‍ശക്തിയില്‍ മുന്നേറിയപ്പോള്‍ മോഡി ഭരണത്തില്‍ തിരിച്ചടി നേരിട്ടു. 2018–19 വരെയുള്ള കാലത്താണ് ഗണ്യമായ തിരിച്ചടിയുണ്ടായത്. സാമ്പത്തിക രംഗത്തുണ്ടായ തകര്‍ച്ചയുടെ ഫലമായി പുതിയ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കുന്നത് നിലച്ചു.

മോഡി സര്‍ക്കാര്‍ തൊഴില്‍ സൃഷ്ടിക്കുന്നതില്‍ പിന്നാക്കം പോയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴിലില്‍ സ്ത്രീ-പുരുഷ അനുപാതത്തിന്റെ അന്തരം വര്‍ധിക്കുന്നു. സാങ്കേതിക വൈദഗ്ധ്യം കുറഞ്ഞ മേഖലയിലാണ് തൊഴില്‍ ലഭ്യതയുടെ രൂക്ഷമായ ശോഷണമുള്ളത്. ഗ്രാമീണ — നഗരമേഖലകളില്‍ തൊഴില്‍ നഷ്ടമാകുന്ന പ്രവണത ഏറിവരികയാണ്. ഇന്ത്യന്‍ ജേണല്‍ ഓഫ് ലേബര്‍ ഇക്കണോമിക്സിലെ പഠന റിപ്പോര്‍ട്ട് പറയുന്നു. 2020–21 ല്‍ രാജ്യത്തെ തൊഴില്‍ശക്തി 5561 ലക്ഷമായിരുന്നു. ഇതില്‍ ഭൂരിപക്ഷം-54.0 ശതമാനം സ്വയംതൊഴില്‍ മേഖലയിലായിരുന്നുവെന്ന് ഐഐഎം പിലാനിയിലെ പ്രൊഫസര്‍ എസ് ത്രിപാഠി പറഞ്ഞു. 22.8 ശതമാനം മാത്രമായിരുന്നു സ്ഥിരംതൊഴില്‍. ദിവസവേതനം അനുസരിച്ചുള്ള തൊഴില്‍ ശക്തി 22.3 ശതമാനമായിരുന്നു.

രാജ്യത്ത് മോശം തൊഴില്‍ സാഹചര്യവും കുറഞ്ഞ വേതനവുമാണ് നിലനില്‍ക്കുന്നതെന്ന് സിഎംഐഇ ഗവേഷകനായ മഹേഷ് വ്യാസ് പറഞ്ഞു. സംഘടിത‑അസംഘടിത മേഖലയില്‍ ലോകത്ത് ഏറ്റവും കുറവ് വേതനം ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്. തൊഴില്‍ശക്തി പങ്കാളിത്തത്തിലും കടുത്ത അന്തരമാണ് നിലനില്‍ക്കുന്നത്. നഗര‑ഗ്രാമ മേഖലകളില്‍ 1983 മുതല്‍ 2021 വരെയുള്ള കാലത്ത് സ്ത്രീത്തൊഴിലാളി പങ്കാളിത്തം 32.46 ശതമാനം മാത്രമായിരുന്നു.
ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ പ്രതിഫലനമാണ് ഇസ്രയേലിലേക്കുള്ള തൊഴിലാളി കുടിയേറ്റമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2023 മേയ് മാസത്തിൽ തന്നെ 42,000 നിര്‍മ്മാണ, നഴ്സിങ് തൊഴിലാളികളെ ഇസ്രയേലിലേക്ക് അയയ്ക്കുന്ന കരാറിൽ കേന്ദ്രം ഒപ്പുവച്ചിരുന്നു. തായ്‌വാനുള്‍പ്പെടെ സര്‍ക്കാരുകളുമായും തൊഴില്‍ക്കരാറില്‍ ഏര്‍പ്പെടുന്നുണ്ട്. തായ്‌വാനുമായി ഇക്കഴിഞ്ഞ 16നാണ് ധാരണാപത്രം ഒപ്പുവച്ചത്.

വിദ്യാഭ്യാസ നിലവാരം ഉയരുന്നതിനനുസരിച്ച് തൊഴിൽ സാധ്യതകൾ മെച്ചപ്പെടുന്നില്ലെന്ന് മാത്രമല്ല, ക്രമേണ മോശമാവുകയും ചെയ്യുന്നു. നിരക്ഷരരുടെയും വിദ്യാഭ്യാസം കുറഞ്ഞവരുടെയും (പ്രൈമറിക്ക് താഴെയുള്ള) തൊഴിലില്ലായ്മാ നിരക്ക് യഥാക്രമം 0.57 ഉം 1.13 ഉം ശതമാനമായിരുന്നു, ഉയർന്ന വിദ്യാഭ്യാസമുള്ള വിഭാഗത്തിന് (ബിരുദവും അതിനുമുകളിലും) 15–29 പ്രായത്തിലുള്ളവരുടേത് 2020–21ൽ 14.73 ശതമാനമായിരുന്നു.
ദാരിദ്ര്യ നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ട് ആരംഭിച്ച ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമീണ മേഖലകളിൽ അഞ്ച് ശതമാനം വേതനം വർധിപ്പിക്കുക, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കുക, താഴ്ന്നമേഖലയിലെ തൊഴിലാളികളുടെ വിലപേശൽ ശേഷി മെച്ചപ്പെടുത്തുക, ഗ്രാമീണ വേതന നിലവാരം വർധിപ്പിക്കുക, ഉയർന്ന ശ്രേണിയിലുള്ള തൊഴിലുടമകളെ ആശ്രയിക്കുന്നത് കുറയുക എന്നിവയ്ക്ക് ഗ്രാമീണ തൊഴിലുറപ്പുപദ്ധതി ക്രിയാത്മകമായി സഹായിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഒഴിവ് 60,000; യുപിയില്‍ പരീക്ഷയെഴുതിയത് 50 ലക്ഷം പേര്‍

ഉത്തര്‍പ്രദേശിലെ പൊലീസ് സേനയിലെ 60,000 ഒഴിവിലേക്ക് പരീക്ഷയെഴുതിയത് 50 ലക്ഷത്തിലേറെ ഉദ്യോഗാർത്ഥികൾ. ശനി, ഞായർ ദിവസങ്ങളിലായാണ് പരീക്ഷ നടന്നത്. 75 ജില്ലകളിലെ 2385 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ.
യുപിക്ക് പുറത്തുള്ള ആറ് ലക്ഷം പേരും പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നു. യുപിയിലെ മൂന്നിലൊന്ന് യുവാക്കളും തൊഴിൽരഹിതരാണെന്ന് പരീക്ഷയെഴുതാനെത്തിയവരുടെ ചിത്രം പങ്കുവച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. 1.5 ലക്ഷം സർക്കാർ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ബിരുദാനന്തര ബിരുദധാരികളും പിഎച്ച്ഡി നേടിയവരും തൊഴിലന്വേഷിച്ച് വരിനിൽക്കുകയാണ്.
ഇരട്ട എന്‍ജിൻ സർക്കാർ തൊഴിൽ രഹിതർക്ക് ഇരട്ട പ്രഹരമാണ് നൽകുന്നതെന്നും ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. അതിനിടെ പരീക്ഷയില്‍ ക്രമക്കേടുകള്‍ നടന്നതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നൂറിലധികം പേരെ അറസ്റ്റ് ചെയ്തതായും വിവരങ്ങളുണ്ട്.

Eng­lish Summary:Job stag­na­tion in the coun­try under the Modi regime
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.