30 January 2026, Friday

ഐടി മേഖലയിൽ തൊഴിൽ ഭീഷണി; മുന്നറിയിപ്പ് നല്‍കി സാമ്പത്തിക സർവേ

എഐ തരംഗത്തിൽ ഇന്ത്യയുടെ ‘ബാക്ക് ഓഫിസ് ’ മാതൃക തകരുന്നു
Janayugom Webdesk
ന്യൂഡല്‍ഹി
January 30, 2026 10:16 pm

ഇന്ത്യയുടെ ഐടി, വൈറ്റ് കോളർ തൊഴിൽ മേഖലകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (എഐ) നിന്ന് കനത്ത വെല്ലുവിളി നേരിടുന്നതായി 2025–26 സാമ്പത്തിക സർവേ. ജനറേറ്റീവ് എഐ സാങ്കേതികവിദ്യയുടെ വളർച്ചയോടെ, സാധാരണ ഗതിയിൽ മനുഷ്യർ ചെയ്തിരുന്ന വൈജ്ഞാനിക ജോലികൾ ഓട്ടോമേഷനിലേക്ക് മാറുന്നത് രാജ്യത്തെ പ്രൊഫഷണലുകളുടെ തൊഴിൽ സുരക്ഷയെ ബാധിക്കുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. സേവന മേഖലയെ അമിതമായി ആശ്രയിക്കുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ എഐ ചെലുത്തുന്ന സ്വാധീനം സർവേ അക്കമിട്ട് നിരത്തുന്നു. സാമ്പത്തിക വളർച്ചയ്ക്ക് ആനുപാതികമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാത്ത സാഹചര്യം നിലവിലുണ്ട്. ഉല്പാദനക്ഷമത വര്‍ധിക്കുന്നുണ്ടെങ്കിലും പുതിയ നിയമനങ്ങൾ കുറയുന്നത് എഐയുടെ സ്വാധീനം മൂലമാണെന്ന് സർവേ നിരീക്ഷിക്കുന്നു. കുറഞ്ഞ ചെലവിൽ ഐടി സേവനങ്ങൾ നൽകുന്ന ‘ലോകത്തിന്റെ ബാക്ക് ഓഫിസ്’ എന്ന ഇന്ത്യയുടെ പദവി ഭീഷണിയിലാണ്. ആഗോള കമ്പനികൾ ജോലികൾ വേഗത്തിലും കുറഞ്ഞ ചെലവിലും തീർക്കാൻ എഐയെ ആശ്രയിച്ചു തുടങ്ങുന്നത് ഇന്ത്യക്ക് തിരിച്ചടിയാകും. വിവരങ്ങൾ ശേഖരിക്കുക, സംഗ്രഹിക്കുക, ആവർത്തന സ്വഭാവമുള്ള ബിസിനസ് ജോലികൾ ചെയ്യുക തുടങ്ങിയ വിഭാഗങ്ങളിലെ തൊഴിലുകളാണ് പ്രധാനമായും അപകടത്തിലാവുന്നത്. ഈ പ്രതിസന്ധി മറികടക്കാൻ സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് സർവേ ആവശ്യപ്പെടുന്നു.

തൊഴിൽ വിപണിയിലെ ആഘാതങ്ങൾ പഠിക്കാനും തൊഴിൽ സംരക്ഷിച്ചുകൊണ്ട് എങ്ങനെ എഐ നടപ്പിലാക്കാം എന്ന് തീരുമാനിക്കാനും പ്രത്യേക കൗൺസിൽ രൂപീകരിക്കണം. ആവർത്തന സ്വഭാവമുള്ള ജോലികളിൽ നിന്ന് മാറി, കൂടുതൽ സർഗാത്മകതയും വിധിനിർണയ ശേഷിയും ആവശ്യമുള്ള തസ്തികകളിലേക്ക് തൊഴിലാളികളെ മാറ്റാൻ പരിശീലനം നൽകണം. സ്ഥാപനങ്ങൾ മനുഷ്യ പ്രയത്നത്തിന് പകരം ഓട്ടോമേഷൻ മാത്രം തെരഞ്ഞെടുക്കുന്ന പ്രവണത നിയന്ത്രിക്കാൻ ആവശ്യമായ നയങ്ങൾ രൂപീകരിക്കണം. ഡിജിറ്റലൈസ് ചെയ്ത മേഖലകളിലാണ് ഈ തൊഴിൽ മാന്ദ്യം പ്രകടമാകുന്നത്. മൂലധന നിക്ഷേപം ഓട്ടോമേഷനിലേക്ക് വഴിമാറുന്നത് സാധാരണക്കാരായ പ്രൊഫഷണലുകളുടെ അവസരങ്ങൾ ഇല്ലാതാക്കും. ഇത് ഇന്ത്യയുടെ ജനസംഖ്യാപരമായ നേട്ടങ്ങളെ ദോഷകരമായി ബാധിക്കുമെന്നും സർവേ മുന്നറിയിപ്പ് നൽകുന്നു. തൊഴിലുകൾ ഒറ്റരാത്രി കൊണ്ട് അപ്രത്യക്ഷമാവില്ല, പക്ഷേ ഓരോ യൂണിറ്റ് ഉല്പാദന വളർച്ചയ്ക്കും ആവശ്യമായ മനുഷ്യ അധ്വാനം കുറഞ്ഞുവരുന്നത് ആശങ്കാജനകമാണെന്നും സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar