27 May 2024, Monday

Related news

May 26, 2024
May 26, 2024
May 25, 2024
May 25, 2024
May 24, 2024
May 23, 2024
May 21, 2024
May 20, 2024
May 20, 2024
May 19, 2024

തൊഴിലിടങ്ങള്‍ മരണക്കെണിയാകുന്നു; പ്രതിദിനം മൂന്ന് തൊഴിലാളികള്‍ കൊല്ലപ്പെടുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
January 31, 2023 10:42 pm

രാജ്യത്തെ ഫാക്ടറികളില്‍ പ്രതിദിനം മൂന്ന് തൊഴിലാളികള്‍ മരിക്കുന്നു. 2017–2020 വര്‍ഷങ്ങള്‍ക്കിടയില്‍‍ ഇന്ത്യന്‍ ഫാക്ടറികളില്‍ ശരാശരി 1109 തൊഴിലാളികള്‍ മരിക്കുകയും 4000 പേര്‍ക്ക് പരിക്കേറ്റതായും കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
സമാനകാലയളില്‍ ഫാക്ടറികളില്‍ വച്ച് പ്രതിദിനം മൂന്ന് തൊഴിലാളികള്‍ വീതം മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ഇന്ത്യാ സ്പെന്‍ഡ് വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷയില്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം നല്‍കിയ മറുപടി. 2017–2020 കാലയളവില്‍ 3331 തൊഴിലാളികള്‍ മരിച്ചതായി തൊഴിൽ മന്ത്രാലയത്തിന്റെ ഡയറക്ടറേറ്റ് ജനറൽ ഫാക്ടറി അഡ്വൈസ് സർവീസ് ആന്റ് ലേബർ ഇൻസ്റ്റിറ്റ്യൂട്ടുകൾ (ഡിജിഎഫ്എഎസ്എല്‍ഐ) പറയുന്നു. എന്നാല്‍ ഇത്തരം കേസുകളിലെ 1948ലെ ഫാക്ടറി നിയമ പ്രകാരം 14 പേര്‍ മാത്രമാണ് ജയില്‍ശിക്ഷ അനുഭവിച്ചത്.

ഫാക്ടറികളുടെ സംസ്ഥാന ചീഫ് ഇൻസ്പെക്ടർമാരിൽ നിന്നാണ് ഡിജിഎഫ്എഎസ്എല്‍ഐ തൊഴിൽ സുരക്ഷയും ആരോഗ്യവും (ഒഎസ്എച്ച്)സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുന്നത്. ഇന്ത്യയിലെ 90 ശതമാനം തൊഴിലാളികളും അനൗപചാരിക മേഖലയിലാണ് ജോലി ചെയ്യുന്നതെങ്കിലും, രജിസ്റ്റർ ചെയ്ത ഫാക്ടറികളെ മാത്രമാണ് ഈ രേഖകള്‍ പ്രതിനിധീകരിക്കുന്നത്. 2020ല്‍ ഇന്ത്യയില്‍ 3,63,442 രജിസ്റ്റര്‍ ചെയ്ത ഫാക്ടറികളും അവയില്‍ 20.3 ദശലക്ഷം തൊഴിലാളികളും ഉണ്ടെന്നാണ് ഡിജിഎഫ്എഎസ്എല്‍ഐ രേഖകളില്‍ പറയുന്നത്. ഈ ഫാക്ടറികളില്‍ 84 ശതമാനവും പ്രവര്‍ത്തന ക്ഷമമാണെന്നും സര്‍ക്കാര്‍ പറയുന്നു. അതേസമയം രജിസ്റ്റര്‍ ചെയ്യാത്ത ഫാക്ടറികളിലെ മരണങ്ങള്‍ക്കൂടി കണക്കാക്കപ്പെടുമ്പോള്‍ പ്രതിദിനം മരിക്കുന്ന തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാകുമെന്ന് ഇന്ത്യാ സ്പെന്‍ഡിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഫാക്ടറികളിലുണ്ടാകുന്ന തീപിടിത്തം, സ്ഫോടനം തുടങ്ങിയ അപകടങ്ങളിലാണ് കൂടുതല്‍ തൊഴിലാളികള്‍ കൊല്ലപ്പെടുന്നത്. എന്നാല്‍ ഈ കമ്പനികളില്‍ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളില്ലെന്നാണ് പിന്നീട് അന്വേഷണങ്ങളില്‍ കണ്ടെത്തുക. കഴിഞ്ഞ മേയ് 13ന് ഡല്‍ഹിയിലെ മുണ്ട്കയില്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 27 തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഭൂരിപക്ഷവും സ്ത്രീകളായിരുന്നു. എന്നാല്‍ അഗ്നിശമനാ സേനാ വകുപ്പിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന മുണ്ട്ക ഫാക്ടറിയിൽ ഒന്നിലധികം തൊഴിൽ, സുരക്ഷാ ലംഘനങ്ങൾ നടന്നതായി വസ്തുതാന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

3.5 ലക്ഷം മരണങ്ങള്‍

അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം പ്രതിവര്‍ഷം 3.5 ലക്ഷം തൊഴിലാളികളാണ് ഫാക്ടറി അപകടങ്ങളില്‍ മരിക്കുന്നത്. 313 ദശലക്ഷം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നുവെന്നും ഇത് അവരെ തൊഴില്‍ മേഖലകളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നതിന് കാരണമാകുന്നുവെന്നും ഐഎല്‍ഒ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
2020ൽ ഇന്ത്യ തൊഴിൽ സുരക്ഷ, ആരോഗ്യ നിയമ പരിഷ്കരണങ്ങള്‍ പാസാക്കിയിട്ടുണ്ട്, എന്നാൽ പുതിയ ഒഎസ്എച്ച്കോഡ് നിലവിൽ തൊഴിലാളി ക്ഷേമവും സുരക്ഷയും ഉൾക്കൊള്ളുന്ന 1948ലെ നിയമത്തേക്കാള്‍ കര്‍ക്കശമല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Eng­lish Summary:Jobs are death traps; Three work­ers are killed every day
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.