യുദ്ധം കൊടുംപിരിക്കൊണ്ടിരിക്കുന്ന ഉക്രെയ്‌നില്‍ നിന്നും മകൻ ജോയൽ എത്തിച്ചേർന്നതിന്റെ സന്തോഷത്തിലാണ് കുടശ്ശനാട് ഗവണ്‍മെന്റ് എച്ച് എസ് എസ് പ്രിൻസിപ്പാൾ ചരുംമൂട് കരിമുളയ്ക്കൽ നെടിയത്ത് ജ്യോതിസിൽ കെ ബാബുവും കുടുംബാംഗങ്ങളും. ഒഡേസയിൽ നാലാം വർഷ എം ബി ബി എസ് വിദ്യാർത്ഥിയായ ജോയൽ ഫിലിപ്പ് ജോർജ് ഉക്രെയ്ന്‍ അതിർത്തിയായ റൊമേനിയയിൽ എത്തിയ ശേഷമാണ് ഡൽഹിയിലും തുടർന്ന് നെടുമ്പാശ്ശേരിയിലുമെത്തിയത്.
വിദേശികളോട് ഉക്രെയ്‌നികളായ സൈനികർ ക്രൂരതയാണ് കാട്ടുന്നതെന്ന് ജോയൽ പറഞ്ഞു. റഷ്യൻ മിസൈലുകൾ ആദ്യം പതിച്ച സ്ഥലം കൂടിയാണ് ഒഡേസ. യുദ്ധം തുടങ്ങിയതോടെ ഹോസ്റ്റലിൽ തന്നെ കഴിഞ്ഞുകൂടുകയായിരുന്നു. തീർത്തും ദുരിത ദിനങ്ങളാണ് തള്ളിനീക്കിയതെന്ന് ജോയൽ പറഞ്ഞു. കേരളത്തിൽ നിന്നും ഒരു മാസം മുമ്പൊക്കെ എത്തിയ വിദ്യാർത്ഥികൾ വല്ലാതെ ബുദ്ധിമുട്ടിലാണ്. ഭാഷയറിയാതെ എങ്ങോട്ട് പോകണമെന്നറിയാതെ ബങ്കറിൽ തന്നെ കഴിയുന്നവർ ഇപ്പോഴും ഏറെയുണ്ട്. വിദേശ വിദ്യാർത്ഥികളുൾപ്പെടെ 15 പേരടങ്ങുന്ന സംഘത്തിലായിരുന്നു ജോയൽ.
മറ്റു രാജ്യങ്ങളിലെ പൗരൻമാർക്ക് കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ ലഭിക്കുമ്പോഴും തങ്ങൾക്ക് എംബസിയുടെ സഹായം ലഭിച്ചില്ലെന്ന് ജോയൽ പറഞ്ഞു. കൂടെയുള്ള മെഡിക്കൽ വിദ്യാർത്ഥിയായ സുഹൃത്തിന്റെ ദുബൈയിലുള്ള ബന്ധുവിന്റെ സ്വന്തമായ ഇടപെടലുകളാണ് തങ്ങൾക്ക് അതിർത്തി കടക്കാൻ കഴിഞ്ഞതെന്നും ജോയൽ പറഞ്ഞു. വ്യാഴാഴ്ച രാത്രി നെടുമ്പാശ്ശേരിയിലെത്തിയ ജോയലിനെ പിതാവ് ബാബുവും മാതാവ് ഗ്രേസിയും സഹോദരൻ ജെഫിയും ചെറിയച്ഛൻ കെ സണ്ണിക്കുട്ടിയും ചേർന്നാണ് വീട്ടിലേക്ക് കൂട്ടി കൊണ്ടുവന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.