8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 1, 2025
January 1, 2025
December 27, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024

നാടിനെ സംരക്ഷിക്കാനുള്ള സമരത്തിൽ അണിചേരുക

ടി പി രാമകൃഷ്ണന്‍
December 5, 2024 4:30 am

ലോകത്തെ ജനങ്ങളെയാകെ ഞെട്ടിച്ച ദുരന്തമാണ് വയനാട്ടിലെ മുണ്ടക്കൈ — ചൂരൽ മല പ്രദേശത്തുണ്ടായ ഉരുൾപൊട്ടൽ. ഒരു ഭൂപ്രദേശമാകെ തകർന്നു പോവുകയും നിരവധി ജീവനുകൾ നഷ്ടമാവുകയും ചെയ്ത മഹാദുരന്തമായിരുന്നു അത്. മനഃസാക്ഷിയുള്ളവരെല്ലാം വയനാടിനെ സഹായിക്കാൻവേണ്ടി രംഗത്തിറങ്ങുകയായിരുന്നു. എന്നാൽ ഈ ദുരന്തത്തിൽ നാടിനെ സഹായിക്കേണ്ട കേന്ദ്ര സർക്കാർ തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്നും പുറംതിരിഞ്ഞുനിൽക്കുകയാണ്. ഇതിനെതിരെയുള്ള കേരള ജനതയുടെ പ്രതിഷേധം അണപൊട്ടുന്ന സമരത്തിനാണ് എൽഡിഎഫിന്റെ നേതൃത്വത്തിൽ ഇന്ന് കേരളം സാക്ഷ്യംവഹിക്കുന്നത്. 

വയനാട്ടിലെ ദുരന്തം ഇക്കഴിഞ്ഞ ജൂലൈ 30നാണ് ഉണ്ടായത്. അവിടുത്തെ ജനതയനുഭവിച്ച യാതന വിവരണാതീതമാണ്. ഉറ്റവരും, ഉടയവരും നഷ്ടപ്പെട്ടവർ, ജീവിതത്തിൽ നേടിയതെല്ലാം മണ്ണിൽ ചേരുന്നത് കാണേണ്ടിവന്നവർ, ദുരന്ത ഭൂമിയിലെ വേദനാജനകമായ കാഴ്ചകൾ ആരെയും വേദനിപ്പിക്കുന്നതായിരുന്നു. സംസ്ഥാന സർക്കാരിന്റെ പഴുതടച്ച രക്ഷാപ്രവർത്തനമാണ് ഈ ഘട്ടത്തിൽ ആശ്വാസകരമായത്. ദുരന്തമുണ്ടായി പത്താം ദിവസം കേന്ദ്ര സംഘവും, 11-ാം ദിവസം പ്രധാനമന്ത്രിയും സംഭവ സ്ഥലത്തെത്തി. ദുരിതബാധിതരെ സന്ദർശിച്ചു. അവരുമായി പ്രധാനമന്ത്രി ചേർന്നുനിൽക്കുന്നതിന്റെ ചിത്രങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിച്ചു. നമ്മുടെ മാധ്യമങ്ങൾ ആ വാർത്ത ലോകം മുഴുവൻ എത്തിക്കുകയും ചെയ്തു. 

കല്പറ്റയിൽ ചേർന്ന അവലോകനയോഗത്തിൽ സഹായധനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിവേദനം നൽകി. എന്നാൽ മാധ്യമങ്ങൾ വിശേഷിപ്പിച്ചതുപോലുള്ള യാതൊരു ഇടപെടലും ഉണ്ടായില്ല. വിശദമായ നിവേദനം നൽകാൻ നിർദേശിക്കുക മാത്രമാണ് ചെയ്തത്. പ്രധാനമന്ത്രിയുടെ നിർദേശമനുസരിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1,202 കോടി രൂപയുടെ പ്രാഥമിക സഹായമാണ് കേരളം ആവശ്യപ്പെട്ടത്. കേന്ദ്രസഹായം വൈകരുതെന്നും വയനാടിനായി അടിയന്തരമായി കാര്യങ്ങൾ ചെയ്യണമെന്നും ഹൈക്കോടതിയും നിർദേശിച്ചു. എന്നാൽ കേന്ദ്രത്തിന് മിണ്ടാട്ടമുണ്ടായില്ല. സഹായം വൈകുന്നത് പുനരധിവാസ പ്രവർത്തനത്തെ ബാധിക്കുമെന്ന് ഹൈക്കോടതി പറഞ്ഞിട്ടും കേന്ദ്ര സർക്കാർ അനങ്ങിയില്ല. 

മുണ്ടക്കൈ ദുരന്തബാധിതർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകണമെന്ന് ഒക്ടോബർ 14നാണ് കേരള നിയമസഭ ഒറ്റക്കെട്ടായി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ദുരന്തബാധിതരുടെ വായ്പ പൂർണമായും എഴുതിത്തള്ളണമെന്ന കാര്യവും ഉന്നയിക്കപ്പെട്ടു. എന്നാൽ സഹായം നൽകേണ്ടെന്ന് ഉറപ്പിച്ചവർ അനങ്ങിയില്ല. കേന്ദ്ര അവഗണനയുടെ പ്രശ്നങ്ങൾ പലപ്പോഴും ഉയർന്നുവന്നിട്ടുണ്ടെങ്കിലും ഇത്തരം ദുരന്തമുഖത്ത് പോലും അത്തരമൊരു സ്ഥിതിവിശേഷം ആരും പ്രതീക്ഷിച്ചതായിരുന്നില്ല. കഴിഞ്ഞ പ്രളയകാലത്തും കേരളത്തോട് അവഗണന കാണിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. വിദേശ രാജ്യങ്ങൾ വാഗ്ദാനം ചെയ്ത സഹായങ്ങൾ വാങ്ങുന്നതിന് പോലും അനുമതി നൽകാൻ ഇവർ തയ്യാറായില്ല. അതേസമയം ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് അവ വാങ്ങുന്നതിനുള്ള സമ്മതം നൽകുകയും ചെയ്തു. ഇത്തരം ഇരട്ടത്താപ്പ് നയമാണ് ഇപ്പോഴും കേന്ദ്ര സർക്കാർ തുടരുന്നത്. 

കഴിഞ്ഞ പ്രളയകാലത്ത് സഹായം നൽകുന്ന കാര്യത്തിൽ സ്വീകരിച്ച സമീപനവും തെറ്റായ ദിശയിലുള്ളതായിരുന്നു. പ്രളയബാധിതർക്ക് സൗജന്യമായി അരി വിതരണം ചെയ്യണമെന്ന് സംസ്ഥാനം അഭ്യർത്ഥിച്ചു. പക്ഷെ കേന്ദ്രത്തിന് അലിവുണ്ടായില്ല. പണമടച്ചില്ലെങ്കിൽ കേന്ദ്ര ഭക്ഷ്യ സബ്സിഡിയിൽ നിന്ന് തിരിച്ചുപിടിക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ അന്ത്യശാസനം നൽകി. ഇതിനെല്ലാം പുറമെ രക്ഷാപ്രവർത്തനത്തിനെത്തിയ ഹെലികോപ്റ്ററിന്റെ വാടകയായി 33.79 കോടി രൂപയും, വ്യോമസേനയുടെ വിമാനങ്ങളുപയോഗിച്ചതിന് 25 കോടി രൂപയും സംസ്ഥാനം നൽകേണ്ടി വന്നു. 

പ്രകൃതി ദുരന്തത്തിൽ കേരളത്തോട് കാണിച്ച സമീപനമല്ല മറ്റ് സംസ്ഥാനങ്ങളോട് കാണിച്ചത്. കണക്കുകൾ ഇക്കാര്യം വ്യക്തമാക്കുന്നു. ത്രിപുരയ്ക്ക് 40 കോടിയും, ആന്ധ്രാപ്രദേശിനും, തെലങ്കാനയ്ക്കുമായി 3,448 കോടിയും കേന്ദ്ര സർക്കാർ നൽകുകയുണ്ടായി. ഔദ്യോഗികമായ സഹായാഭ്യർത്ഥനയ്ക്ക് പോലും കാത്തുനിൽക്കാതെയാണ് ഈ തുക അവർക്ക് നൽകിയത്. ദുരന്തം സംഭവിക്കുന്നതിന് മുമ്പ് തന്നെ ബിഹാറിന് 11,500 കോടി രൂപ സഹായമായി പ്രഖ്യാപിക്കുകയും ചെയ്തു. ആന്ധ്രയ്ക്കും, ബിഹാറിനും പ്രളയ ദുരിതത്തിൽ മാത്രമല്ല ബജറ്റിലും വഴിവിട്ട സഹായങ്ങൾ നൽകിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രാജ്യത്ത് ഉയർന്നുവന്നതാണ്. ചില സംസ്ഥാനങ്ങൾക്ക് മെമ്മോറാണ്ടം പോലും സമർപ്പിക്കാതെ പണം നൽകുകയും, മറ്റ് സംസ്ഥാനങ്ങൾക്ക് എന്ത് നൽകിയാലും പണം നൽകില്ല എന്ന സമീപനം രാജ്യത്തിന്റെ ഐക്യത്തെയും, അഖണ്ഡതയെയും ബാധിക്കുന്ന നില സൃഷ്ടിക്കുമെന്ന കാര്യം ഓർക്കേണ്ടതുണ്ട്.
സംസ്ഥാനത്തോട് ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട അവഗണന തുടരുന്നതിന്റെ കണക്കുകളും ഇതിനിടെ പുറത്തുവരികയുണ്ടായി. സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയിൽ കേന്ദ്രത്തിന്റെ വിഹിതമായും ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്നുള്ള മുൻകൂർ തുകയായും 5,858 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. മഹാരാഷ്ട്രയ്ക്ക് 1,492 കോടി, ആന്ധ്രാപ്രദേശിന് 1,036 കോടി, അസമിന് 716 കോടി, ബിഹാറിന് 655.60 കോടി, ഗുജറാത്തിന് 600 കോടി, ഹിമാചൽ പ്രദേശിന് 189.20 കോടി എന്നിങ്ങനെ നൽകി. കേരളത്തിന് 2024–25 സാമ്പത്തിക വർഷത്തിൽ ലഭിക്കേണ്ട 291 കോടി രൂപയിൽ ആദ്യ ഗഡുവായ 145.6 കോടി രൂപ മാത്രമാണ് നൽകിയത്. വയനാട് ദുരന്തമുണ്ടായിട്ടും രണ്ടാം ഗഡു പിടിച്ചുവയ്ക്കുകയും ചെയ്തു. 

കേന്ദ്ര സർക്കാരിന്റെ ഇത്തരം വിവേചനങ്ങൾക്കിടയിലും ജനങ്ങളെ ചേർത്തുപിടിച്ചുകൊണ്ടുള്ള പുനരധിവാസ പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോവുകയാണ്. അതിന്റെ ഭാഗമായി അടിയന്തര പുനരധിവാസവും അതോടൊപ്പം ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളും സർക്കാർ മുന്നോട്ടുവയ്ക്കുകയാണ്. സിഎംഡിആർഎഫിൽ നിന്നും, എസ്ഡി എഫ്ആറിൽ നിന്നും 5,000 രൂപ വീതം 1,032 കുടുംബങ്ങൾക്ക് നൽകി. ജീവനോപാധി നഷ്ടപ്പെട്ടവർക്ക് ധനസഹായം അനുവദിക്കുകയുണ്ടായി. കിടപ്പ് രോഗികൾക്ക് ഒരു മാസം 300 രൂപ വീതം നൽകി. മരിച്ചവരുടെ ആശ്രിതർക്ക് എസ്ഡിഎഫ്ആറിൽ നിന്ന് നാല് ലക്ഷം രൂപയും സിഎംഡിആർഎഫിൽ നിന്നും 1.9 ലക്ഷം രൂപയും നൽകുകയുണ്ടായി. ചികിത്സയും, സഹായമെന്ന നിലയിൽ 4.16 ലക്ഷം രൂപയും നൽകി. ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി വാടകയിനത്തിലും 1.23 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നൽകി. ഇത്തരത്തിൽ അടിയന്തരമായ നടപടികൾ സ്വീകരിക്കുന്നതിനോടൊപ്പം ടൗൺഷിപ്പ് ഉൾപ്പെടെയുള്ള ദീർഘകാല പുനരധിവാസ പദ്ധതികളും നടപ്പിലാക്കുകയാണ്. 

കേന്ദ്രത്തിന്റെ വിവേചനം സംസ്ഥാനത്തോട് വിവിധ തരത്തിൽ തുടരുകയാണ്. ഈ നയത്തിന്റെ ഭാഗമായി വലിയ നഷ്ടമാണ് കേരളത്തിനുണ്ടാവുന്നത്. കേന്ദ്ര വിഹിതത്തിന്റെ വകയിൽ 57,000 കോടി രൂപയാണ് കഴിഞ്ഞ എട്ട് വർഷം കൊണ്ട് സംസ്ഥാനത്തിന് ലഭിക്കാതെ പോയത്. കടമെടുക്കുന്ന കാര്യത്തിലാവട്ടെ അനാവശ്യ നിയമങ്ങൾ കൊണ്ടുവന്ന് സംസ്ഥാനത്തെ വിഭവ സമാഹരണ സാധ്യതകളെ തകർക്കുകയും ചെയ്തിരിക്കുന്നു. 1,08,000 കോടി രൂപയാണ് ഈ ഇനത്തിൽ ലഭിക്കാതെ പോയത്. ഇത്തരത്തിലുള്ള സാമ്പത്തിക ഉപരോധത്തിലൂടെ സംസ്ഥാനത്തെ ജനങ്ങളുടെ നട്ടെല്ലൊടിച്ച ശേഷമാണ് പുതിയ ദുരന്തങ്ങൾ കേന്ദ്രം നൽകിക്കൊണ്ടിരിക്കുന്നത്. 

ഓരോ മേഖല പരിശോധിച്ചാലും ഇത് കാണാവുന്നതാണ്. 12-ാമത് ധന കമ്മിഷന്റെ കാലത്ത് കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾക്കുള്ള വിഹിതം 4.54 ശതമാനമായിരുന്നത് 15-ാം ധനകമ്മിഷൻ ആകുമ്പോഴേക്കും 2.68 ശതമാനമായി കുറച്ചിരിക്കുകയാണ്. ബിജെപി ഭരണം നടത്തുന്ന യുപിക്ക് രണ്ടര ശതമാനത്തിലധികം വർധിപ്പിച്ച് 16.05 ശതമാനം വിഹിതം നൽകുമ്പോഴാണ് കേരളത്തിന് കടുംവെട്ട്. സാമ്പത്തിക സഹായം നൽകിയില്ലെന്നത് പോവട്ടെ ദുരന്തത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമവും അമിത് ഷാ നടത്തുകയുണ്ടായി. എന്നാൽ അത് വസ്തുതാവിരുദ്ധമാണെന്ന കാര്യം പിന്നീട് പുറത്തുവന്നു. കേരളത്തോട് കാണിക്കുന്ന ഈ അവഗണനയ്ക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ നാടിനെ സ്നേഹിക്കുന്ന മുഴുവൻ ജനങ്ങളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.