
മനുഷ്യന്റെ കൈകടത്തലുകള്‍ പരിസ്ഥിതിയെ മാറ്റാനാകാത്തവിധം കുഴപ്പത്തിലാക്കിയെന്നതിന്റെ ഗുരുതരമായ ഓർമ്മപ്പെടുത്തലാണ് ജോഷിമഠെന്ന് പാരിസ്ഥിതിക, ഭൗമശാസ്ത്ര വിദഗ്‌ധര്‍. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം എന്നീ വിഷയങ്ങളിൽ പഠനം നടത്തുന്ന ക്ലൈമറ്റ് ട്രെൻഡ്സ് ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
പുതിയ നിര്‍മ്മാണ രീതികളാണ് ഉത്തരാഖണ്ഡ് പോലുള്ള ഭൂപ്രദേശത്ത് തിരിച്ചടിയാകുന്നതെന്ന് ഇവര്‍ പറയുന്നു. ഭൂകമ്പങ്ങളെയും മണ്ണിടിച്ചിലുകളെയും നേരിടാൻ പരമ്പരാഗത ഭവന നിർമ്മാണ സാങ്കേതികവിദ്യകൾക്ക് കഴിയും. ജോഷിമഠിനെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത് പ്രയോഗികമല്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണെന്ന് ഉത്തരാഖണ്ഡിലെ ഹേമവതി നന്ദന്‍ ബഹുഗുണ ഗര്‍വാള്‍ സര്‍വകലാശാലയിലെ ജിയോളജി വിഭാഗം തലവന്‍ പ്രൊഫ. വൈ പി സുന്ദ്രിയാല്‍ പറഞ്ഞു.
ജനസംഖ്യ പലമടങ്ങ് വർധിച്ചു, അതിനനുസരിച്ച് വിനോദസഞ്ചാരികളുടെ തിരക്കും കൂടി. സൂക്ഷ്മപരിശോധന നടത്താതെയാണ് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചത്. ജോഷിമഠ് പട്ടണത്തില്‍ ശരിയായ ഡ്രൈനേജ് സംവിധാനം പോലുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാറകള്‍ക്ക് ബലക്ഷയം ഉണ്ടാക്കി. ഇതാണ് മണ്ണിടിച്ചിലിനും വീടുകളിലെ വിള്ളലിനും കാരണമായത്. ജലവൈദ്യുത പദ്ധതികള്‍ക്കായി പാറകള്‍ തകര്‍ത്ത് തുരങ്കങ്ങള്‍ നിര്‍മ്മിച്ചത് പ്രാദേശിക ഭൂചലനങ്ങള്‍ക്കും ഉരുള്‍പൊട്ടലുകള്‍ക്കും കാരണമായി. 2013ലെ കേദാര്‍നാഥ്, 2021ലെ റിഷി ഗംഗ പ്രളയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഒന്നും പഠിച്ചില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഹിമാലയം വളരെ ദുർബലമായ ഒരു ആവാസവ്യവസ്ഥയാണ്. ഉത്തരാഖണ്ഡിന്റെ ഭൂരിഭാഗം പ്രദേശങ്ങള്‍ ഭൂകമ്പ സാധ്യതയുള്ള അഞ്ച്, അല്ലെങ്കിൽ നാല് മേഖലയിലാണ് സ്ഥിതി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാലാവസ്ഥാ വ്യതിയാനം യാഥാര്‍ത്ഥ്യമാകുന്നു എന്നതിന്റെ ഉദാഹരണമാണ് ജോഷിമഠെന്ന് ഐപിസിസി റിപ്പോര്‍ട്ടുകളുടെ രചയിതാവും ഭാരതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസിയിലെ ഗവേഷക ഡയറക്ടറുമായ അഞ്ജല്‍ പ്രകാശ് പറഞ്ഞു.
ഇന്ത്യയിലെ ചില മലയോര സംസ്ഥാനങ്ങളിൽ കാലാവസ്ഥാ വ്യതിയാനം ഗുരുതരമായ ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ഇതിന് ഉദാഹരണമാണ് 2021ലും 2022ലും ഉത്തരാഖണ്ഡിലുണ്ടായ ദുരന്തങ്ങള്‍. മണ്ണിടിച്ചിലിന് കാരണമായ കനത്ത മഴ പോലുള്ള നിരവധി കാലാവസ്ഥാ ദുരന്തങ്ങള്‍ ഉണ്ടായി. ഈ പ്രദേശങ്ങൾ വളരെ ദുർബലമാണെന്നും ആവാസവ്യവസ്ഥയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങളോ അസ്വസ്ഥതകളോ ഗുരുതരമായ ദുരന്തങ്ങളിലേക്കാണ് നയിക്കുകയെന്നും മനസിലാക്കണം. അതാണ് ജോഷിമഠിൽ ഇന്ന് കാണുന്നത്. ഹിമാലയന്‍ മേഖലകളില്‍ എന്താണ് ചെയ്യേണ്ടത് എന്താണ് പാടില്ലാത്തത് എന്ന് ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷ (എന്‍ടിപിസി) ന്റെ ജലവൈദ്യുത പദ്ധതിയാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമായതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. എൻടിപിസി പദ്ധതിയുടെ തുരങ്കങ്ങളിലുണ്ടായ സ്‌ഫോടനത്തിന്റെ ആഘാതത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി കഴിഞ്ഞ മാസം മൂന്ന് തവണ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. പട്ടണത്തില്‍ നിന്നും ഏതാനും കിലോമീറ്റര്‍ മാത്രം അകലെയാണ് പദ്ധതി നടക്കുന്നത്. സ്ഫോടനങ്ങളെ തുടര്‍ന്ന് വീടുകളിലും റോഡുകളിലും വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതായും പ്രദേശവാസികള്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പലായനം തുടരുന്നു
ഇടിഞ്ഞുതാഴ്ന്നു കൊണ്ടിരിക്കുന്ന ജോഷിമഠില്‍ നിന്നും പലായനം തുടരുന്നു. മേഖല ദുരന്ത സാധ്യതയുള്ള പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. അപകടകരമായ അവസ്ഥയില്‍ വീടുകളിലും റോഡുകളിലും വിള്ളലുകള്‍ രൂപപ്പെട്ടതോടെയാണ് ദുരന്ത സാധ്യതാ മേഖലയായി പ്രഖ്യാപിച്ചത്. മണ്ണിടിച്ചിലിനെത്തുടർന്ന് അപകടസാധ്യത നേരിടുന്ന കെട്ടിടങ്ങളിൽ ജില്ലാ ഭരണകൂടം റെഡ് ക്രോസ് അടയാളപ്പെടുത്താൻ തുടങ്ങി.
സാഹചര്യങ്ങള്‍ വിലയിരുത്താന്‍ രണ്ട് കേന്ദ്രസംഘങ്ങള്‍ ഇന്ന് സ്ഥലത്തെത്തും. ജോഷിമഠിലും സമീപപ്രദേശങ്ങളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. വാസയോഗ്യമല്ലാത്ത വീടുകളിൽ താമസിക്കുന്ന കുടുംബങ്ങളെ താൽക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്ന നടപടികള്‍ തുടരുകയാണ്. അതിനിടെ ജോഷിമഠ് വിഷയത്തില്‍ സുപ്രീം കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് ശങ്കരാചാര്യ മഠത്തിലെ മഠാധിപതി സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി ഇന്ന് പരിഗണിക്കും.
English Summary: Joshimath: Environmental experts as warning; The evacuations continues
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.