9 January 2026, Friday

Related news

January 4, 2026
January 2, 2026
January 1, 2026
December 31, 2025
December 29, 2025
December 27, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025

അഡാനിയുടെ ക്രമക്കേടുകളും മോഡി ചങ്ങാത്തവും ജെപിസി അന്വേഷിക്കണം: സിപിഐ

Janayugom Webdesk
ന്യൂഡൽഹി
November 21, 2024 10:44 pm

ഗൗതം അഡാനിയുടെ ക്രമക്കേടുകളും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള ചങ്ങാത്തവും സംബന്ധിച്ച് സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. അഡാനിയുടെ ക്രമക്കേടുകൾ, പ്രധാനമന്ത്രിയുമായുള്ള ചങ്ങാത്തം, ജനങ്ങളെ അവഗണിച്ചുകൊണ്ട് ബിജെപി തുടരുന്ന ചങ്ങാത്ത മുതലാളിത്തം, കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ താല്പര്യ സംരക്ഷണം എന്നിവയ്ക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കാൻ സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.
250 ദശലക്ഷം യുഎസ് ഡോളറിലധികം കൈക്കൂലി നൽകിയതിന് ഗൗതം അഡാനിക്കും കൂട്ടാളികൾക്കുമെതിരെ യുഎസ് കോടതിയിലുണ്ടായിരിക്കുന്ന കുറ്റാരോപണം, ബിജെപിയുടെയും നരേന്ദ്ര മോഡിയുടെയും കീഴിലുള്ള കേന്ദ്ര ഭരണത്തിൽ അഴിമതി എത്രത്തോളം ആഴത്തിൽ പടർന്നുവെന്നതിന്റെ തെളിവാണ്. രാഷ്ട്രീയ ക്രമക്കേടുകളുടെയും സാമ്പത്തിക കുറ്റകൃത്യങ്ങളുടെയും വെളിപ്പെടുത്തലാണിത്. 

അഡാനി ഗ്രൂപ്പിന്റെയും അതിന്റെ വാണിജ്യപരമായ വൃത്തികേടുകളുടെയും പട്ടികയിൽ മറ്റൊന്നായ ഇത്, ഗൗതം അഡാനിയുടെ മാത്രം കാര്യമല്ല. ഇത്തരം നെറികേടുകൾ തഴച്ചുവളരുന്നതിന് ഒത്താശ ചെയ്യുന്ന ഇന്ത്യൻ ഭരണാധികാരികളുടെ നടപടികളും ചോദ്യം ചെയ്യപ്പെടുന്നു. അഡാനി ഗ്രൂപ്പിന്റെ ബാധ്യതകൾ മറച്ചുപിടിച്ച് ഓഹരി മൂല്യത്തിൽ കൃത്രിമത്വം നടത്തിയെന്ന 2023ലെ ഹിൻഡൻബർഗ് വെളിപ്പെടുത്തലിന് പിന്നാലെയാണ് ഇപ്പോഴത്തെ തുറന്നുകാട്ടൽ. അടുത്തിടെയുണ്ടായ മറ്റൊരു വിവാദം ഓഹരി വിപണിയിലെ അഡാനിയുടെ കൃത്രിമത്വം സംബന്ധിച്ച സെബി അന്വേഷണം മരവിച്ചതായിരുന്നു. 

സെബി മേധാവി മാധബി ബുച്ചിന്റെ അനധികൃത ഇടപെടലും സുതാര്യതയില്ലായ്മയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിലെ കാലതാമസവുമെല്ലാം സംശയങ്ങൾക്ക് ആക്കം കൂട്ടി. അഡാനിക്ക് അനുകൂലമായ നയങ്ങൾ മുതൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതുവരെ പ്രധാനമന്ത്രി മോഡിയുടെ ചങ്ങാത്തത്തെക്കുറിച്ചും ആരോപണങ്ങളുണ്ട്. കോഴ, ഓഹരി കൃത്രിമത്വം, അത് തടയുന്നതിൽ ഉന്നതതല പരാജയം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും മോഡി സർക്കാർ അവഗണിക്കുകയാണ്. ഈ സാഹചര്യത്തിൽ നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുകൊണ്ടുവരാൻ കഴിയൂ എന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.