ഗുജറാത്തിൽ 2002ൽ അരങ്ങേറിയ മുസ്‌ലിംവിരുദ്ധ കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയടക്കം സംസ്ഥാനത്തെ 63 ഉന്നതാധികാരികൾക്കെതിരെ കേസെടുക്കാൻ വിസമ്മതിച്ച കീഴ്‌ക്കോടതി നടപടിക്കെതിരെയുള്ള അപ്പീൽ സുപ്രീം കോടതി നിരസിച്ച് ഇരുപത്തിനാലു മണിക്കൂർ തികയും മുമ്പ് ഗുജറാത്ത് പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് പ്രമുഖ സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിനെ കസ്റ്റഡിയിലെടുത്തു. ഇതേ കേസിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കെ ബി ശ്രീകുമാറും അറസ്റ്റിലായി. ഗുജറാത്ത് പൊലീസിന്റെ എഫ്ഐആറിൽ ഉൾപ്പെട്ടിട്ടുള്ള മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് സമാനമായ കേസിൽ ഇപ്പോൾത്തന്നെ ജയിലിലാണ്. രണ്ടായിരത്തില്പരം നിരപരാധികൾ അരുംകൊല ചെയ്യപ്പെട്ടപ്പോൾ കാഴ്ചക്കാരും ഒത്താശക്കാരുമായി നിന്ന ഗുജറാത്ത് പൊലീസ് ഇപ്പോഴത്തെ അറസ്റ്റിൽ കാണിച്ച അസാധാരണ തിടുക്കം അതിനുപിന്നിലുള്ള ഭരണകൂട പ്രതികാരവാഞ്ഛയാണ് തുറന്നുകാണിക്കുന്നത്. ഇപ്പോഴത്തെ സുപ്രീം കോടതി വിധിക്ക് ആധാരമായ ഗുൽബർഗ സൊസൈറ്റി കൂട്ടക്കൊലയ്ക്കു മുമ്പ്, കൊലചെയ്യപ്പെട്ട മുൻപാർലമെന്റ് അംഗം എഹ്‌സാൻ ജാഫ്രി, ജീവനുവേണ്ടി പൊലീസിനോടും ഭരണാധികാരികളോടും നടത്തിയ യാചനയും അതിനോടുള്ള നിസംഗപ്രതികരണവും ചരിത്രത്തിന്റെ ഭാഗമാണ്. ടീസ്തയുടെയും ശ്രീകുമാറിന്റെയും അറസ്റ്റ്, ഗുജറാത്ത് കലാപത്തിൽ കൊലചെയ്യപ്പെട്ടവരോടും ആ പേടിസ്വപ്നത്തിൽ നിന്നും ഇനിയും വിമോചിതരായിട്ടില്ലാത്തവരുമായ അനേകായിരങ്ങൾക്കുള്ള തുടർപീഡനവും സമ്പൂർണ കീഴടങ്ങലിനുള്ള താക്കീതുമാണ്. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിധിയാണ് ഈ പ്രതികാര നടപടിക്കും തുടർ പീഡനത്തിനും കാരണമെന്നത് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തിനാണ് ക്ഷതമേല്പിക്കുന്നത്.
സുപ്രീം കോടതി വിധി അസന്ദിഗ്ധമാണ്. അത് ഗുജറാത്ത് പൊലീസിന്റെ എഫ്ഐആറിൽ പരാമർശിക്കപ്പെട്ട മൂവരെയും കുറ്റവാളികളായി കാണുന്നു. എന്നാൽ അത് ഇന്ത്യയിലെയും ലോകത്തെയും നീതിബോധമുള്ള മനഃസാക്ഷികളെ തിരുത്താൻ പര്യാപ്തമല്ല. ഐക്യരാഷ്ട്ര സഭയും മനുഷ്യാവകാശ സംഘടനകളും പ്രമുഖ നിയമജ്ഞരും അത് അംഗീകരിക്കാൻ വിസമ്മതിക്കുന്നു. ഗുജറാത്ത് കലാപത്തിൽ ഉൾപ്പെട്ട അന്നത്തെ നരേന്ദ്രമോഡി സർക്കാരിലെ ഒരു മന്ത്രിയടക്കം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടു എന്നതും വിസ്മരിക്കാവുന്നതല്ല. ആ കലാപത്തിന്റെ ഭാഗമായി 68 പേർ കൊലചെയ്യപ്പെട്ട ഗുൽബർഗ സൊസൈറ്റി കൂട്ടക്കൊലയെ ആ കലാപത്തിൽനിന്നും വേറിട്ടുകാണുക സാമാന്യയുക്തിക്ക് നിരക്കുന്നതല്ല. ആ സംഭവത്തിൽ ഭരണകൂടത്തെ കുറ്റവിമുക്തമാക്കുന്നത് സുപ്രീം കോടതിയുടെ മുൻ നിലപാടുകളോടും വിധികളോടും പൊരുത്തപ്പെടുന്നതല്ല എന്ന് നിയമവൃത്തങ്ങൾ തന്നെ അഭിപ്രായപ്പെടുന്നു. ഭരണകൂട നിസംഗതയ്ക്കും നിലപാടുകൾക്കും എതിരെ സുപ്രീം കോടതി തന്നെ ഇടപെടുകയും തിരുത്തുകയും ചെയ്ത സമീപകാല സംഭവങ്ങൾ നമുക്കുമുന്നിലുണ്ട്. ദശലക്ഷക്കണക്കിനു അന്യസംസ്ഥാന തൊഴിലാളികളെ വഴിയാധാരമാക്കിയ കോവിഡ് അടച്ചുപൂട്ടലിലും കോവിഡ് പ്രതിരോധ വാക്സിൻ വിഷയത്തിലും സുപ്രീം കോടതി ഇടപെടലുകൾ ഇത്തരുണത്തിൽ പ്രത്യേകം പ്രസ്താവ്യമാണ്. അവ തീർച്ചയായും ഹതാശയരായ സാമാന്യജനങ്ങളിൽ രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസവും പ്രതീക്ഷയും നല്കുന്ന ഇടപെടലുകളും നിലപാടുകളും ആയിരുന്നു. എന്നാൽ അയോധ്യയടക്കം ചില വിഷയങ്ങളിൽ പരമോന്നത കോടതി സ്വീകരിച്ച നിലപാടുകൾ ആ വിശ്വാസത്തിനും പ്രതീക്ഷയ്ക്കും മങ്ങലേല്പിച്ചു. സമാനമായ അവിശ്വാസത്തിനാണ് ഇപ്പോഴത്തെ വിധി വഴിവച്ചിരിക്കുന്നത്.
ഭരണകൂടത്തിന്റെ ഇംഗിതങ്ങൾക്കു വിരുദ്ധമായി വിമർശനം ഉന്നയിക്കാനും ഭരണകൂടത്തിന്റെ അറിവോടെയും ഒത്താശയോടെയും നടക്കുന്ന കൂട്ടക്കൊലകളടക്കം മനുഷ്യാവകാശധ്വംസനങ്ങളെ അപലപിക്കാനും നിയമാനുസൃതം ചോദ്യംചെയ്യാനുമുള്ള പൗരന്റെ അവകാശങ്ങൾ ഈ വിധിയോടെ പരിമിതപ്പെടുമെന്ന ആശങ്ക അസ്ഥാനത്തല്ല. ഭരണകൂട അതിക്രമങ്ങൾക്കെതിരെ നിസ്വരും നിരാലംബരുമായ ഇരകൾക്കുവേണ്ടി ശബ്ദിക്കാനും അവർക്കുവേണ്ടി നീതിപീഠത്തിന് മുൻപിൽ പ്രതിനിധീകരിക്കാനുമുള്ള വ്യക്തികളുടെയും സംഘടനകളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും അവകാശംപോലും ഈ വിധി പരിമിതപ്പെടുത്തുകയും നിഷേധിക്കുകയും ചെയ്യുന്നു എന്ന ആശങ്കയും ശക്തമാണ്. ജനങ്ങളുടെയും പൊതുസമൂഹത്തിന്റെയും ഈ ആശങ്കകൾ ദൂരീകരിക്കാൻ പരമോന്നത നീതിപീഠം തന്നെ ഇടപെടേണ്ടതുണ്ട്. അതിനു സുപ്രീം കോടതി വിസമ്മതിക്കുന്നത് ഒരു ഫാസിസ്റ്റ് സ്വേച്ഛാധികാര ഭരണകൂടത്തിന് അനിയന്ത്രിത അമിതാധികാരത്തിനുള്ള ലൈസൻസായി മാറും.
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.