10 January 2025, Friday
KSFE Galaxy Chits Banner 2

നീതിപീഠ നിരീക്ഷണവും ജനവിരുദ്ധ ഭരണകൂടവും

യെസ്‍കെ
May 11, 2023 4:15 am

ബിൽക്കിസ് ബാനു കേസിൽ ഗുജറാത്ത് സർക്കാർ മോചിപ്പിച്ച ഒരു കുറ്റവാളിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ രണ്ട് ഗുജറാത്തി പത്രങ്ങളിൽ നോട്ടീസ് പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടു. 11 കുറ്റവാളികളെ മോചിപ്പിച്ച സർക്കാർ നടപടി ചോദ്യം ചെയ്ത് ബിൽക്കിസ് ബാനു ഉള്‍പ്പെടെ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശമുണ്ടായത്. വിഷയം അതല്ല, ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് കെ എം ജോസഫും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും തമ്മിലുണ്ടായ ചര്‍ച്ചയാണ്. ‌മാധ്യമ സ്വാതന്ത്ര്യമായിരുന്നു ചര്‍ച്ചാ വിഷയം. മാധ്യമ സ്വാതന്ത്ര്യത്തിൽ ആഗോളതലത്തിലെ ഇന്ത്യയുടെ സ്ഥാനം 161-ാം സ്ഥാനത്താണെന്ന് ജസ്റ്റിസ് കെ എം ജോസഫ് അഭിപ്രായപ്പെട്ടതിനെ സോളിസിറ്റർ ജനറൽ എതിർക്കുകയായിരുന്നു. റാങ്കിങ് നടത്തുന്നത് ഏത് ഏജൻസി എന്നതനുസരിച്ചാകും റാങ്ക് നിശ്ചയിക്കപ്പെടുകയെന്നാണ് സോളിസിറ്റർ ജനറൽ അഭിപ്രായപ്പെട്ടത്. ഇന്ത്യ മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഒന്നാം റാങ്കിലുള്ള റിപ്പോർട്ടുകളുണ്ടെന്നും അത് വേണമെങ്കിൽ സുപ്രീം കോടതിക്ക് നല്കാമെന്നും തുഷാർ മേത്ത വെല്ലുവിളിക്കുകയും ചെയ്തു.
കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോഡിയുടെ പ്രതിനിധിയായ തുഷാര്‍മേത്തയുടെ നിലപാട് ഇതില്‍നിന്ന് വ്യത്യസ്തമാകാനിടയില്ല എന്ന് മുന്നനുഭവങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. ഇന്ത്യ മാധ്യമ സ്വാതന്ത്ര്യത്തിൽ ഒന്നാം റാങ്കിലുള്ള റിപ്പോർട്ടുകള്‍ തങ്ങളുടെ കെെവശമുണ്ടെന്ന് പരമോന്നത നീതിപീഠത്തോട് പറയുമ്പോള്‍ അനുകൂലനിലപാടുണ്ടാക്കാനുള്ള ഏജന്‍സികള്‍ തങ്ങളുണ്ടാക്കിയിട്ടുണ്ടെന്നു തുറന്നുപറയുകയാണ് മേത്ത. വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സ് റാങ്കിങ്ങിനെ കുറിച്ചായിരുന്നു ജസ്റ്റിസ് ജോസഫ് പരാമർശിച്ചത്. ഈ റാങ്കിങ്ങിനെ നേരത്തെ കേന്ദ്രസർക്കാർ തളളിപ്പറഞ്ഞിരുന്നു.


ഇതുകൂടി വായിക്കൂ:  എനിക്കിനിയും പൊരുതി നില്‍ക്കണം


മണിപ്പൂർ കലാപത്തിൽ ജീവനും സ്വത്തും നഷ്ടപ്പെടുന്നതിൽ ആശങ്കയറിയിച്ച സുപ്രീം കോടതി ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണമെന്ന നിർദേശം നൽകിയതും കഴിഞ്ഞദിവസമാണ്. പുനരധിവാസ കേന്ദ്രങ്ങളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും നല്കണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. സംരക്ഷണം, അഭയം, പുനരധിവാസം എന്നിവയാണ് കോടതിയുടെ പ്രഥമ പരിഗണനയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇതൊരു മാനുഷിക പ്രശ്നമായതിനാൽ സർക്കാർ ഉടൻ നടപടി എടുത്തേ തീരൂവെന്നും കോടതി നിർദേശം നല്കി. എന്നാല്‍ ഇക്കാര്യത്തിലെ ഭരണകൂട നിലപാട് തികച്ചും ആശങ്കാജനകമാണ്. സ്വന്തം പാര്‍ട്ടി ഭരിക്കുന്ന മണിപ്പൂരില്‍ കലാപം പടരുമ്പോള്‍ അതിനെതിരെ ഒരുവാക്ക് പോലും പറയാത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി കര്‍ണാടകയിലും രാജസ്ഥാനിലും റോഡ്ഷോയിലാണ്.
മുസ്ലിം സംവരണ കേസിൽ കർണാടകത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പ്രസംഗത്തെയും സുപ്രീം കോടതി കഴിഞ്ഞദിവസം വിമർശിച്ചു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ പ്രസ്താവനകൾ പാടില്ലെന്ന് ജസ്റ്റിസ് നാഗരത്ന ഓര്‍മ്മിപ്പിക്കുകയും ചെയ്തു. പൊതുപ്രവർത്തകർ കോടതി നടപടിയുടെ പവിത്രത പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കർണാടകയിൽ നാല് ശതമാനം മുസ്ലിം സംവരണം നിർത്തലാക്കിയ സർക്കാർ തീരുമാനത്തിനെതിരെയുള്ള കേസ് പരിഗണിക്കുന്ന ഘട്ടത്തിലാണ് അമിത് ഷാ നടത്തിയ പ്രസംഗം ഹർജിക്കാർ കോടതിയിൽ ഉന്നയിച്ചത്. കോടതിയല്ല, അധികാരി സര്‍ക്കാരും നിയമനിര്‍മ്മാണസഭയും ആണെന്ന് കിരണ്‍ റിജിജു എന്ന നിയമകാര്യ മന്ത്രിയെക്കൊണ്ട് ഇടയ്ക്കിടെ പറയിക്കുന്ന അമിത് ഷാ, സുപ്രീം കോടതിയുടെ ഈ വിമര്‍ശനത്തെ എങ്ങനെ കാണുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.


ഇതുകൂടി വായിക്കൂ:  ജസ്റ്റിസ് തഹിൽ രമണിയെ വീണ്ടുമോർക്കണം


സ്വവർഗ വിവാഹത്തിന് നിയമസാധുത ആവശ്യപ്പെട്ടുള്ള ഹര്‍ജികളിൽ വാദം തുടരുന്നതിനിടെ സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചത് ഭരണഘടനയെക്കുറിച്ചാണ്. പാരമ്പര്യ രീതികളെ തിരുത്തിക്കുറിക്കുന്നതാണ് ഇന്ത്യൻ ഭരണഘടനയെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. പാരമ്പര്യം ലംഘിക്കപ്പെടാൻ തന്നെയുള്ളതാണെന്നും കോടതി വ്യക്തമാക്കി. പല പാരമ്പര്യങ്ങളും മറികടന്നില്ലായിരുന്നുവെങ്കിൽ ജാതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽക്കുടുങ്ങി സമൂഹത്തിന്റെ അവസ്ഥ എന്താകുമായിരുന്നുവെന്നായിരുന്നു കോടതി ചോദിച്ചത്. വിവാഹത്തിന്റെ കാര്യത്തിലും ഈ മാറ്റങ്ങൾ ആവശ്യമാണെന്നും ബെഞ്ച് വ്യക്തമാക്കി. പാരമ്പര്യം പരിഗണിച്ചാൽ മിശ്രവിവാഹം പോലും അനുവദനീയമല്ലല്ലോ എന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട് ചോദിച്ചു. കാലം മാറുന്നതിനനുസരിച്ചു വിവാഹത്തെക്കുറിച്ചുള്ള ചിന്തകളും മാറേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.
പാരമ്പര്യവാദത്തിന്റെ പേരില്‍ ചരിത്രത്തെയും ശാസ്ത്രീയ നേട്ടങ്ങളെയും തമസ്കരിക്കാന്‍ കൊണ്ടുപിടിച്ചു ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന കേന്ദ്രഭരണകൂടത്തിനു മുമ്പില്‍ നീതിപീഠത്തിന്റെ നിലപാടുകള്‍ എത്രമാത്രം ഫലപ്രദമാകുമെന്ന് കണ്ടറിയണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.