
കെ പി സി സി ഭാരവാഹികളുടെ പുന: സംഘടനയ്ക്കുള്ള ജംബോ കമ്മിറ്റി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. പുന: സംഘടനയ്ക്കുള്ള ജംബോകമ്മിറ്റിയിൽ ഇടം ലഭിക്കാത്തതിനെ തുടർന്ന് പല നേതാക്കൾക്കും അമർഷമുണ്ടെന്നാണ് സൂചന. പല നേതാക്കളെയും പരിഗണിച്ചില്ലെന്ന പരാതി ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞു. വനിതാ നേതാക്കൾക്ക് അർഹമായ സ്ഥാനം നൽകിയില്ലെന്ന പരാതിയുമുണ്ട്. സംഭവത്തിൽ നീരസം പരസ്യമാക്കി കണ്ണൂരിലെ വനിതാ നേതാവായ ഡോ. ഷമാ മുഹമ്മദ് രംഗത്തെത്തി.
കെ പി സി സി പട്ടികക്ക് പിന്നാലെ കഴിവ് മാനദണ്ഡമോയെന്ന പരിഹാസ ഫേസ് ബുക്ക് പോസ്റ്റുമായാണ് ഷമ മുഹമ്മദ് ഇന്നലെ രംഗത്തെത്തിയത്. പുനഃസംഘടനയിൽ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ഷമ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കണ്ണൂർ ഡി സി സിയുടെ പരിപാടികളിലും സമരങ്ങളിലും ഷമ അടുത്തിടെ സജീവമായിരുന്നു. എന്നിട്ടും പുനഃസംഘടനയിൽ ഇടം ലഭിക്കാത്തതാണ് ഷമയെ പ്രകോപിച്ചത്. ഷമക്ക് പിന്നാലെ സ്ഥാനം ലഭിക്കാത്ത കൂടുതൽ നേതാക്കൾ വരും ദിവസങ്ങളിൽ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തുമെന്നാണ് സൂചന. തൃശ്ശൂർ ഡിസിസി മുൻ പ്രസിഡന്റ് ജോസ് വള്ളൂരിനെ കെപിസിസി ജനറൽ സെക്രട്ടറിയാക്കിയതിൽ ഒളിയമ്പുമായി കെ മുരളീധനും രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ സഹായിച്ചതാണല്ലോയെന്നും അപ്പോൾ അവർക്ക് സ്ഥാനം നൽകണമല്ലോയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുരളീധരൻ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ മത്സരിക്കുമ്പോൾ ജോസ് വള്ളൂരായിരുന്നു ഡിസിസി പ്രസിഡന്റ്. അന്നത്തെ കോൺഗ്രസ് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ മുരളീധരൻ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ചാണ്ടി ഉമ്മനെ പരിഗണിക്കാത്തതിലും ഒരുവിഭാഗത്തിന് അതൃപ്തിയുണ്ട്. പുറമെ ഗ്രൂപ്പില്ലെന്ന് പറയുന്നുണ്ടെങ്കിലും ഗ്രൂപ്പ് സമവായത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക. എന്നാൽ രമേശ് ചെന്നിത്തലയും കെ സുധാകരനും കൊടുത്ത പട്ടിക പൂർണമായും അംഗീകരിച്ചിട്ടില്ല. ഇതിന്റെ പേരിൽ വരുംദിവസങ്ങളിലും പൊട്ടിത്തെറിയുണ്ടായേക്കും.
ഏറെനാൾ നീണ്ടുനിന്ന തർക്കങ്ങൾക്കും വിലപേശലുകൾക്കുമൊടുവിലാണ് കെപിസിസി ജംബോ കമ്മിറ്റിയുമായി പുന-ഃസംഘടിപ്പിച്ചത്. 58 ജനറൽ സെക്രട്ടറിമാർ, 13 വൈസ് പ്രസിഡന്റുമാർ അടക്കമുള്ള പട്ടികയിൽ തർക്കം കാരണം സെക്രട്ടറിമാരെ പ്രഖ്യാപിച്ചിട്ടില്ല.
അതേ സമയം ജംബോകമ്മിറ്റിയെ ട്രോളി കൊണ്ട് സോഷ്യൽ മീഡിയികളിൽ നിരവധി പോസ്റ്റുകളാണ് വരുന്നത്. നൂറ് കടക്കും നൂറ് കടക്കും എന്ന് ആവർത്തിച്ച് പറഞ്ഞത് ഇതാണല്ലേ എന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യമുന്നണി നൂറ് സീറ്റ് നേടി അധികാരത്തിലെത്തുമെന്ന കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനെയ കുടി പരാമർശിച്ചുകൊണ്ടിയിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. പുതിയ കെ പി സി സി ലിസ്റ്റിൽ ഒരാളൂടെ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനേ. പി വി അൻവർ എന്തുകൊണ്ടും ഈ ലിസ്റ്റിൽ പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റിയിൽ തന്നെ ഉൾപ്പെടുത്താൻ യോഗ്യനാണ് എന്നാണ് സി പി എം നേതാവ് പി സരിൻ ഫേസ്ബുക്കിൽ കുറിച്ചത്. കെപിസിസി ഭാരവാഹികളുടെ പേര് വിവരങ്ങൾ ഓർത്തു വെക്കാൻ പാർട്ടിക്ക് കഴിയില്ല. അവരവരുടെ സ്ഥാനമാനങ്ങൾ അവരവർ തന്നെ ഓർത്തു വെക്കേണ്ടതാണ്. പരസ്പരം മാറിപ്പോകാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ എന്നായിരുന്നു സരിന്റെ മറ്റൊരു പോസ്റ്റ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.