15 January 2026, Thursday

പല്ലുകൊഴിഞ്ഞ സിംഹമായി ലോക്പാൽ

അബ്ദുൾ ഗഫൂർ
January 16, 2026 3:12 am

ഴിമതി തടയുന്നതിനുള്ള ലോക്പാലിന്റെ അധ്യക്ഷനായി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ എം ഖാൻവിൽക്കർ നിയമിതനായപ്പോൾതന്നെ വിവാദങ്ങളുണ്ടായതാണ്. 2022ൽ സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച അദ്ദേഹത്തെ 2024 ഫെബ്രുവരി 27നാണ് മോഡി സർക്കാർ ലോക്പാൽ അധ്യക്ഷനാക്കുന്നത്. സുപ്രീം കോടതിയിലെ തന്റെ സേവനകാലത്ത് മോഡിക്കും ഭരണമുന്നണിക്കും അനുകൂലമെന്ന് വ്യാഖ്യാനിക്കാവുന്ന വിധി പ്രസ്താവങ്ങളിലൂടെയാണ് ജസ്റ്റിസ് ഖാൻവിൽക്കർ വിവാദനായകനാകുന്നത്. അതുകൊണ്ടുതന്നെ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയായിരുന്നു ഈ സ്ഥാലനബ്ധി.
2018ൽ ഖാൻവിൽക്കർ ഉൾപ്പെട്ട ബെഞ്ചാണ് ആധാർ നിയമത്തിന്റെ ഭരണഘടനാ സാധുത ശരിവച്ചത്. പൗരന്മാരുടെ സ്വകാര്യതാ അവകാശത്തെ ആധാർ ലംഘിക്കുന്നുവെന്ന വാദത്തെ കോടതി അംഗീകരിച്ചില്ല. പിന്നീട് ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനുള്ള ഉപാധിയായി ആധാറിനെ ഉപയോഗിക്കുന്നതിന് ഈ വിധി കേന്ദ്ര സർക്കാരിന് അവസരം നൽകി. ആധാർ വിവരങ്ങൾ ചോരുന്ന വാർത്തകളും നിരവധിയുണ്ടായി.
2022ൽ അദ്ദേഹം അംഗമായ മൂന്നംഗ ബെഞ്ചാണ് 2020ലെ വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി നിയമം ശരിവച്ചത്. സർക്കാരിതര സംഘടനകൾക്ക് വിദേശ സംഭാവന സ്വീകരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ഉദ്ദേശിച്ചുള്ള ഈ നിയമ ഭേദഗതി ഉപയോഗിച്ചാണ് മോഡി സർക്കാർ തങ്ങൾക്ക് ഇഷ്ടമില്ലാത്ത സംഘടനകളുടെ വിദേശ വിനിയമാവകാശം റദ്ദാക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) അധികാരങ്ങൾ നൽകുന്ന വിധിയും അദ്ദേഹത്തിൽ നിന്നുണ്ടായി. വിരമിക്കുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നു വിധി. അറസ്റ്റ് ചെയ്യാനുള്ള അധികാരം കൈകാര്യം ചെയ്യുന്ന 19-ാം വകുപ്പ് ഏകപക്ഷീയമായി ഉപയോഗിക്കപ്പെടുന്നില്ലെന്നും കള്ളപ്പണം വെളുപ്പിക്കലിൽ ഉൾപ്പെട്ടവരുടെ സ്വത്ത് കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട അഞ്ചാം വകുപ്പിന് ഭരണഘടനാ സാധുതയുണ്ടെന്നുമായിരുന്നു വിധി. എല്ലാ കേസിലും എൻഫോഴ്സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) ബന്ധപ്പെട്ട വ്യക്തിക്ക് നൽകേണ്ടത് നിർബന്ധമല്ലെന്നും വ്യക്തമാക്കിയിരുന്നു. ഈ വിധിപ്രസ്താവങ്ങൾ പ്രതിപക്ഷ നേതാക്കളെയും പ്രവർത്തകരെയും ഭീഷണിപ്പെടുത്തുന്നതിന് , നരേന്ദ്ര മോഡി സർക്കാരിനുവേണ്ടി പക്ഷപാതപരമായി പ്രവർത്തിക്കുന്ന ഏജൻസിയാകുന്നതിന് അവർക്ക് കരുത്തേകുകയും ചെയ്തതാണ്.
അദ്ദേഹം അധ്യക്ഷനായതിന് ശേഷം ലോക്പാൽ പല്ലും നഖവും നഷ്ടപ്പെട്ട്, ഭരണക്കാരുടെ ഇംഗിതത്തിനൊത്ത് തുള്ളുന്ന പാവയായി മാറിയിരിക്കുന്നുവെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്. ബിജെപി ലോക്‌സഭാംഗം നിഷികാന്ത് ദുബെയ്ക്കും കുടുംബത്തിനുമെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതി തള്ളിയതാണ് അതിലൊന്ന്. അവിടെയും അവസാനിക്കുന്നില്ല എന്നിടത്താണ് ഖാൻവിൽക്കർ അധ്യക്ഷനായ ലോക്പാലിന്റെ വിധി ശ്രദ്ധേയവും അതേസമയം പക്ഷപാതപരവുമാകുന്നത്. പരാതിക്കാരനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ദുബെയ്ക്ക് ഹർജി നൽകാമെന്ന വിചിത്ര നിർദേശവും നൽകിയിരിക്കുകയാണ്.
2009 മുതൽ 2024 വരെ ഗോഡ്ഡയിൽ നിന്ന് മത്സരിച്ച ദുബെ നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തെ അടിസ്ഥാനമാക്കിയായിരുന്നു സാമൂഹ്യ പ്രവർത്തകൻ അമിതാഭ് ഠാക്കൂർ പരാതി നൽകിയത്. ഇക്കാലയളവിൽ ദുബെയുടെ സ്വത്തിൽ വർധനയുണ്ടായില്ലെങ്കിലും ജീവിതപങ്കാളി അനാമിക ഗൗതമിന്റേതിൽ അവിശ്വസനീയ വർധന ഉണ്ടായെന്നായിരുന്നു അമിതാഭിന്റെ പരാതി.
ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും പരിഗണനാർഹമല്ലെന്നും ചൂണ്ടിക്കാട്ടി ഖാൻവിൽക്കർ പരാതി തള്ളി. ലോക്പാലിന്റെ അധികാരപരിധിയിൽ വരുന്ന എംപിയെയല്ല, മറിച്ച് ദുബെയുടെ ഭാര്യയെയാണ് പരാതി ലക്ഷ്യം വച്ചതെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. വ്യക്തിപരവും രാഷ്ട്രീയവുമായ വിദ്വേഷത്തോടെയാണ് ഠാക്കൂർ പ്രവർത്തിച്ചതെന്നും പരാതി സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ചതിലൂടെ രഹസ്യസ്വഭാവ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നും വിധിയിൽ പറയുന്നു.
134 പേജുള്ള ഉത്തരവിൽ ഠാക്കൂറിന്റെ സ്വഭാവത്തെയും പെരുമാറ്റത്തെയും എതിർക്കുന്നതിനുള്ള നിരവധി കാര്യങ്ങൾ ലോക്പാൽ പരാമർശിക്കുകയും ചെയ്തിരിക്കുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ വെളിപ്പെടുത്തുന്നു. തീർപ്പുകല്പിച്ചിട്ടില്ലാത്ത പരാതിയുടെ ഉള്ളടക്കം പരസ്യമാക്കുന്നത് കേസ് നടപടിക്രമങ്ങളെ ബാധിച്ചുവെന്നും ദുഷ്ടലാക്കോടെയാണ് പരാതിയെന്ന് ബോധ്യപ്പെടുത്തുവെന്നും പറഞ്ഞ ഖാൻവിൽക്കർ പരാതിക്കാരനെതിരെ നടപടിയെടുക്കാമെന്ന് നിർദേശിക്കുകയും ചെയ്തിരിക്കുകയാണ്.
ഹർജിക്കാരനെതിരെ പ്രതികാര നടപടി സ്വീകരിക്കാൻ ജസ്റ്റിസ് ഖാൻവിൽക്കർ ഉത്തരവിടുന്നത് ഇതാദ്യമായിരുന്നില്ല. 2002ലെ ഗുജറാത്ത് കലാപക്കേസിൽ നരേന്ദ്ര മോഡി ഉൾപ്പെടെ 64 പേർക്ക് പ്രത്യേക അന്വേഷണ സംഘം ക്ലീൻ ചിറ്റ് നൽകിയതിനെ ചോദ്യം ചെയ്ത് കൊല്ലപ്പെട്ട എംപി ഇഹ്സാൻ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി നൽകിയ ഹർജി 2022ൽ തള്ളിയ സുപ്രീം കോടതി ബെഞ്ചിൽ അംഗമായിരുന്നു ജസ്റ്റിസ് ഖാൻവിൽക്കർ. സാമൂഹ്യ പ്രവർത്തക ടീസ്റ്റാ സെതൽവാദിനെ അറസ്റ്റ് ചെയ്ത് തടങ്കലിൽ വച്ചതും ഗുജറാത്ത് സംസ്ഥാനത്തെയും മറ്റ് ചില വ്യക്തികളെയും അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കേണ്ടിവന്നതും ആരാണ് കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിച്ചതെന്ന സംശയം ബലപ്പെടുത്തുവെന്ന നിരീക്ഷണം രേഖപ്പെടുത്തിയതും ഈ വിധിയിലാണ്. ഈ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകൾ സൃഷ്ടിച്ചുവെന്ന കുറ്റത്തിന് ടീസ്റ്റ സെതൽവാദിനെയും മുൻ ഐപിഎസ് ഓഫിസർ ആർ ബി ശ്രീകുമാറിനെയും ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.
നേരത്തെതന്നെ രാജ്യത്ത് അഴിമതി തടയുന്നതിനുള്ള നിയമങ്ങൾ ഉണ്ടായിരുന്നുവെങ്കിലും യുപിഎ സർക്കാരിന്റെ കാലത്ത് വളർന്നുവന്ന, ശക്തമായ ലോക്പാൽ ബില്ലെന്ന ആവശ്യത്തെ തുടർന്നാണ് 2013ലെ ലോക്പാൽ നിയമം ഉണ്ടാകുന്നത്. നിരവധി സ്വതന്ത്ര വ്യക്തിത്വങ്ങളും സംഘടനകളും പങ്കെടുത്തതായിരുന്നു പ്രസ്തുത പ്രക്ഷോഭമെങ്കിലും ബിജെപിയും അതിന്റെ അവിഭാജ്യ ഘടകമായിരുന്നു. എന്നാൽ 2014ൽ മോഡി അധികാരത്തിലെത്തിയതോടെ ചിറകരിയപ്പെട്ട ലോക്പാലിനെയാണ് രാജ്യം കാണുന്നത്. അതിന്റെ ഉദാഹരണത്തിൽ പലതാണ് ഖാൻവിൽക്കറുടെ അധ്യക്ഷ നിയമനവും ദുബെയ്ക്കെതിരെ പരാതി നൽകിയ അമിതാഭിനെതിരെ നടപടിയെടുക്കാമെന്ന നിർദേശവും.
ഇവിടെയും അവസാനിക്കുന്നില്ല 2013ലെ നിയമത്തിൽ വ്യവസ്ഥ ചെയ്തതനുസരിച്ചുള്ള വാർഷിക റിപ്പോർട്ട് യഥാസമയം പാർലമെന്റിൽ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്നുവെന്ന വിവരവും കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. 2013ലെ ലോക്പാൽ, ലോകായുക്ത നിയമത്തിലെ 48-ാം വകുപ്പ് പ്രകാരം പ്രവർത്തനങ്ങളെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ട് രാഷ്ട്രപതിക്ക് സമർപ്പിക്കേണ്ടതുണ്ട്. റിപ്പോർട്ട് ലഭിച്ചാൽ രാഷ്ട്രപതി അതിന്റെ ഒരു പകർപ്പ് പാർലമെന്റിൽ സമർപ്പിക്കുന്നതിന് നൽകുകയും വേണം. എന്നാൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഈ പ്രക്രിയ നടക്കുന്നില്ല. റിപ്പോർട്ട് തയ്യാറാക്കി രാഷ്ട്രപതിക്ക് സമർപ്പിക്കുന്നതിന് സന്നദ്ധമാണെങ്കിലും അവരെ കാണുന്നതിന് സമയം അനുവദിച്ചുകിട്ടുന്നില്ലെന്നാണ് ലോക്പാൽ അധികൃതരുടെ വിശദീകരണമായി വന്നിട്ടുള്ളത്.
2013ൽ നിയമം പ്രാബല്യത്തിൽ വന്നുവെങ്കിലും തുടർന്ന് അധികാരത്തിലേറിയ മോഡി സർക്കാർ ലോക്പാലിനെ നിർവീര്യമാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിയതെന്ന് സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനും സാമൂഹ്യ പ്രവർത്തനുമായ പ്രശാന്ത് ഭൂഷൺ പറയുന്നു. “നിയമം പാസായി അഞ്ച് വർഷം ഒരു ലോക്പാലിനെയും നിയമിച്ചില്ല. നിയമനം നടന്നപ്പോഴാകട്ടെ ഓഫിസ് സൗകര്യം നൽകിയില്ല. ന്യൂഡൽഹിയിലെ ഒരു ആഢംബര ഹോട്ടലിലായിരുന്നു ഓഫിസ് പ്രവർത്തിപ്പിച്ചത്. വാർഷിക റിപ്പോർട്ടുകൾ സർപ്പിക്കുന്നതിൽ വരുന്ന വീഴ്ച, ലോക്പാൽ അതിന്റെ അടിസ്ഥാന ജോലി പോലും ചെയ്യുന്നില്ലെന്നതിന്റെ തെളിവാണ്” എന്നാണ് പ്രശാന്ത് ഭൂഷന്റെ അഭിപ്രായം.
മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ പൊതുപ്രവർത്തകർക്കെതിരെ അഴിമതി ആരോപിച്ച് ആയിരക്കണക്കിന് പരാതികൾ സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷവും പരിഗണനാ ഘട്ടത്തിൽതന്നെ നിരാകരിക്കുകയാണ് ചെയ്യുന്നത്. അധികാരപരിധി, നിശ്ചിത മാനദണ്ഡം പാലിച്ചില്ല, അല്ലെങ്കിൽ പരാതി സ്ഥാപിക്കുന്നതിനുള്ള തെളിവുകളുടെ അഭാവം തുടങ്ങിയ സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് നിരാകരണം. പാർലമെന്ററി സമിതികൾ പോലും ഈ വിഷയം ആവർത്തിച്ച് വിമർശിച്ചിട്ടുണ്ട്. ജീവനക്കാരുടെ കുറവ്, നിയമനങ്ങളിലെ കാലതാമസം, നടപടിക്രമങ്ങളിലെ തടസങ്ങൾ, അന്വേഷണ സംവിധാനമില്ലാത്തതിനാൽ ബാഹ്യ ഏജൻസികളെ ആശ്രയിക്കേണ്ടിവരുന്നത് എന്നിവ സ്വീകരിക്കുന്ന പരാതികളുടെ അന്വേഷണങ്ങളെയും തുടർ നടപടികളെയും മന്ദഗതിയിലാക്കുകയും ചെയ്യുന്നു.
സർക്കാരിന്റെ നിക്ഷിപ്ത താല്പര്യങ്ങൾക്കനുസൃതമായി അധ്യക്ഷനെയും അംഗങ്ങളെയും നിയമിച്ചുകൊണ്ട് ലോക്പാലെന്ന, ഫലപ്രദമാകേണ്ടിയിരുന്ന സംവിധാനം പല്ലുകൊഴിഞ്ഞ സിംഹമാകുന്നതിനാണ് നാം സാക്ഷിയാകുന്നത്. ഇത് കേവലം ലോക്പാൽ പോലുള്ള ഒരു സ്ഥാപനത്തോടുള്ള മോഡി സർക്കാരിന്റെ നിസംഗതയെയല്ല പ്രതിഫലിപ്പിക്കുന്നത്; മറിച്ച് അഴിമതിയോടുള്ള അവരുടെ അനുകൂലമനോഭവത്തെയാണ്.

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.