4 March 2026, Wednesday

Related news

March 2, 2026
February 18, 2026
February 10, 2026
February 6, 2026
December 21, 2025
November 29, 2025
October 5, 2025
September 27, 2025
September 23, 2025
June 29, 2025

അതിജീവിതരുടെ പേരുകള്‍ വെളിപ്പെടുത്തുന്നു; നീതിന്യായ വകുപ്പിനെതിരെ ആരോപണം

Janayugom Webdesk
വാഷിങ്ടണ്‍
February 10, 2026 9:56 pm

ജെഫ്രി എപ്‍സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളിൽ അതിജീവിതരുടെ പേരുകള്‍ യുഎസ് നീതിന്യായ വകുപ്പ് ബോധപൂര്‍വം പരസ്യപ്പെടുത്തുന്നുവെന്ന് ആരോപണം. നിയമനിർമ്മാതാക്കൾക്ക് ലഭ്യമാക്കിയ രേഖകളില്‍ ദുരുപയോഗം ചെയ്തവരുടെ പേരുകൾ നീക്കം ചെയ്യുകയും എന്നാല്‍ അതിജീവിതരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തുകയും ചെയ്ത തിരുത്തലുകള്‍ ശ്രദ്ധയില്‍പ്പെട്ടതായി ഹൗസ് ജുഡീഷ്യറി റാങ്കിങ് അംഗമായ ജാമി റാസ്കിൻ പറഞ്ഞു. നവംബറിൽ കോൺഗ്രസ് പാസാക്കിയ എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട് പ്രകാരം, അതിജീവിതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്ന് കര്‍ശന വ്യവസ്ഥയുണ്ടായിരുന്നു. ഇത് ലംഘിച്ചാണ് നീതിന്യായ വകുപ്പിന്റെ നടപടി. മറ്റ് ഫയലുകളിലും ഇത്തരം തിരുത്തലുകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് മനസിലാക്കാന്‍ മുഴുവന്‍ രേഖകളും പരിശോധനയ്ക്ക് വിധേയമാക്കണം. അതിജീവിതരുടെ പേര് വെളിപ്പെടുത്തുന്നതിലൂടെ എപ്‍സ്റ്റീനെതിരെയും മറ്റ് പ്രമുഖര്‍ക്കെതിരെയും പരാതിയുമായി മുന്നോട്ടുവരാന്‍ തീരുമാനിച്ചിരിക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണ് നീതിന്യായ വകുപ്പ് ചെയ്യുന്നതെന്നും റാസ്കിന്‍ കൂട്ടിച്ചേര്‍ത്തു.

എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഏകദേശം 35 ലക്ഷം ഫയലുകൾ നീതിന്യായ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. മൂന്ന് ലക്ഷം ഫയലുകള്‍ കൂടി പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. നീതിന്യായ വകുപ്പിൽ സജ്ജീകരിച്ചിരിക്കുന്ന നാല് കമ്പ്യൂട്ടറുകളിൽ ഒന്നിൽ നിന്ന് പുറത്തിറക്കിയ എഡിറ്റ് ചെയ്യാത്ത ഫയലുകളിൽ 40 എണ്ണം മാത്രമേ പരിശോധിക്കാന്‍ കഴിഞ്ഞുള്ളൂവെന്ന് റാസ്കിന്‍ പറഞ്ഞു. അജ്ഞാതമായ കാരണങ്ങളാല്‍ നിരവധി പേരുകള്‍ ഫയലുകളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. വിക്ടോറിയ സീക്രട്ട് സ്ഥാപകൻ ലെസ് വെക്സ്നറിന്റെ പേര് ഫയലുകളില്‍ നിന്ന് നീക്കം ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എപ്‍സ്റ്റീന്‍ പങ്കാളിയായ ഗിസ്‍ലെയ‍്‍ന്‍ മാക്സ്‍വെല്ലിന് അയച്ച ഒരു ഇമെയിലും നീക്കം ചെയ്തിട്ടുണ്ട്. അതിൽ 2009 ൽ ട്രംപിന്റെ അഭിഭാഷകരുമായി നടത്തിയ സംഭാഷണത്തിന്റെ വിശദാംശങ്ങളുണ്ടായിരുന്നു. അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി ഹൗസ് ജുഡീഷ്യറി കമ്മിറ്റിക്ക് മുമ്പാകെ മൊഴി രേഖപ്പെടുത്താന്‍ ഹാജരാകുന്ന അവസരത്തില്‍ തിരുത്തലുകളെക്കുറിച്ച് വിശദമായി ചോദ്യം ചെയ്യുമെന്ന് റാസ്കിന്‍ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.