22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 9, 2024
October 23, 2024
October 11, 2024
October 1, 2024
October 1, 2024
September 30, 2024
September 19, 2024
September 12, 2024
September 11, 2024
September 11, 2024

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്

അഡ്വ. കെ പ്രകാശ്ബാബു
September 1, 2024 4:30 am

കേരള ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായും പ്രശസ്ത സിനിമാ നടി ടി ശാരദ, സിവിൽ സർവീസിൽ നിന്നും വിരമിച്ച മുൻ പ്രിൻസിപ്പൽ സെക്രട്ടറി കെ ബി വത്സലകുമാരി എന്നിവർ അംഗങ്ങളായുമുള്ള കമ്മിറ്റി ഗവൺമെന്റിനു നൽകിയ റിപ്പോർട്ട്, കുടം തുറന്ന് പുറത്തുവന്ന ഭൂതം കണക്കെ മലയാള സിനിമാ മേഖലയെ ആകെ പിടിച്ചുലച്ചു കൊണ്ടിരിക്കുകയാണ്. ഡെൻമാർക്കിലെന്തോ ചീഞ്ഞുനാറുന്നു എന്നാണ് നമ്മൾ കേട്ടിരുന്നതെങ്കിൽ ഇവിടെ അതിലും വലിയ ചീഞ്ഞുനാറ്റമാണുണ്ടായിരിക്കുന്നത്. പുരുഷാധിപത്യവും സ്ത്രീചൂഷണവുമാണ് പ്രധാനമായും സിനിമാ വ്യവസായ മേഖലയിൽ തകർച്ചയുണ്ടാക്കുന്നത് എന്നാണ് ഹേമ കമ്മിറ്റി നൽകിയ പഠന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. 2017 മേയ് മാസം രൂപീകരിക്കപ്പെട്ട വിമൺ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) എന്ന സംഘടനയിലെ ഒരു സംഘം അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ കമ്മിറ്റി കേരളത്തിൽ രൂപീകരിക്കപ്പെട്ടത്.

പത്രപ്പരസ്യം നൽകിയും സമൂഹമാധ്യമങ്ങളിൽ പലതരം ഗ്രൂപ്പുകൾ രൂപീകരിച്ചും കമ്മിറ്റിയുടെ സിറ്റിങ്ങും ടേംസ് ഓഫ് റഫറൻസും പരസ്യപ്പെടുത്തിയും തെളിവുകൾ നൽകാനും മൊഴിനൽകാനും കമ്മിറ്റി ഫലപ്രദമായി ആദ്യം മുതൽ ശ്രമിച്ചിരുന്നു. ലഭിച്ച വാമൊഴിയും വരമൊഴിയും ഓഡിയോ, വീഡിയോ ക്ലിപ്പിങ്ങുകളും മറ്റു സമൂഹമാധ്യമ ആപ്ലിക്കേഷനിൽക്കൂടിയുള്ള തെളിവുകളും എല്ലാം ശേഖരിച്ച കമ്മിറ്റി അതീവ രഹസ്യമായിട്ടാണ് റിപ്പോർട്ട് തയ്യാറാക്കിയത്. മൊഴികൾ രേഖപ്പെടുത്തിയത് ഇൻകാമറ പ്രൊസീഡിങ്സിൽ കൂടിയാണ്. റിപ്പോർട്ട് തയ്യാറാക്കുന്നതിൽ മറ്റാരുടെയും സഹായം സ്വീകരിക്കാതെ ഡിടിപിയെടുക്കാൻ പഠിച്ച് സ്വയം തയ്യാറാക്കിയതാണെന്നുള്ള വിവരം കേരളത്തിലെ അന്വേഷണ കമ്മിറ്റികളുടെ (കമ്മിഷൻ) ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ്. കമ്മിറ്റിയംഗങ്ങളായ മൂന്നുപേരും ഇക്കാര്യങ്ങളിൽ അനുമോദനം അർഹിക്കുന്നു. ”മിന്നുന്നതെല്ലാം പൊന്നല്ല”യെന്ന് എല്ലാവരെയും ഓർമ്മപ്പെടുത്തുന്ന ആമുഖത്തോടുകൂടിയ റിപ്പോർട്ട്, സിനിമാ മേഖലയിൽ ജോലിചെയ്യുന്ന വിവിധ വിഭാഗം സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കി റിപ്പോർട്ട് നൽകാൻ കേരള ഗവൺമെന്റ് സ്വീകരിച്ച സമീപനത്തെ രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ സംഭവം എന്നും വിശേഷിപ്പിച്ചു. ജൂനിയർ ആർട്ടിസ്റ്റുകൾ അനുഭവിക്കുന്ന പ്രയാസങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും കിട്ടിയ പരാതികൾ കൂടി ഗവൺമെന്റ് കമ്മിറ്റിക്ക് കൈമാറിയതുകൊണ്ട് അതിന്റെയടിസ്ഥാനത്തിലുള്ള ഇ‑മെയിൽ പരാതികളും കമ്മിറ്റി സ്വീകരിച്ചു. ഉള്ള തൊഴിൽ നഷ്ടപ്പെടുമെന്നുള്ള ഭയാശങ്ക പരാതിക്കാർ പങ്കുവച്ചിരുന്നതുകൊണ്ടാണ് ഇ‑മെയിൽ പരാതികൾ സ്വീകരിക്കാൻ തീരുമാനിച്ചത്.

സിനിമാ വ്യവസായത്തെ 30 കാറ്റഗറിയായി തിരിച്ച് ആ മേഖലകളിൽ ജോലിചെയ്യുന്ന സ്ത്രീകളുടെ സേവന‑വേതന ഇടപാടുകളും അവർ അനുഭവിക്കേണ്ടിവരുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങളും കമ്മിറ്റി മനസിലാക്കുകയും ഗൗരവമായി കണ്ട് ചില പരിഹാരങ്ങൾ നിർദേശിക്കുകയുമാണ് ചെയ്തിരിക്കുന്നത്. ”കാസ്റ്റിങ് കൗച്ച്” എന്ന പദപ്രയോഗം സിനിമാ മേഖലയിൽ സുപരിചിതമെങ്കിലും പൊതുസമൂഹത്തിന് അത്ര പരിചിതമല്ല. അമേരിക്കയിൽ പോലും നിരോധിച്ചിട്ടുള്ള കാസ്റ്റിങ് കൗച്ചിന്റെ അർത്ഥം ജോലിക്കുപകരം ലൈംഗിക ആനുകൂല്യങ്ങൾ അഭ്യർത്ഥിക്കുന്നതാണ്. അതിന്റെ നിരാസമാണ് ജൂനിയർ ആർട്ടിസ്റ്റുകൾ പറയുന്ന അവസര നിഷേധമെന്നാണ് പലരും മൊഴി കൊടുത്തിട്ടുള്ളത്. ലൈംഗിക ചൂഷണവും പുരുഷാധിപത്യവും അടക്കിവാഴുന്ന സിനിമാ വ്യവസായത്തിൽ ”മാഫിയ”യെന്നും ”പവർ ഗ്രൂപ്പെ”ന്നും വിളിക്കപ്പെടുന്നവരുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന് റിപ്പോർട്ട് വായിക്കുന്ന ആർക്കും തോന്നും. ഈ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് ഒരു സംഘടന രൂപീകരിക്കാനും ഒരു തൊഴിൽ കരാർ ഉണ്ടാക്കാനും ശ്രമിച്ചത് പ്രശസ്ത സംവിധായകൻ വിനയനായിരുന്നു. സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ പ്രസിഡന്റായി രൂപീകരിക്കപ്പെട്ട ‘മാക്ട ഫെഡറേഷൻ’ സിനിമാ വ്യവസായത്തിൽ സേവന‑വേതന വ്യവസ്ഥകൾ രൂപപ്പെടുത്തുന്നതിലും നിർമ്മാതാവും അഭിനേതാക്കൾ ഉൾപ്പെടെയുള്ള ആർട്ടിസ്റ്റുകളും തമ്മിൽ ഒരു കരാർ നടപ്പിലാക്കുന്നതിനും മുൻകയ്യെടുത്തു. ഒരുപക്ഷെ വിനയനെതിരെ ‘വിലക്ക്’ ഏർപ്പെടുത്താൻ സൂപ്പർസ്റ്റാറുകൾ തീരുമാനിച്ചതും ഇതിന്റെയടിസ്ഥാനത്തിലായിരിക്കാം. തന്നെയും മാറ്റിനിർത്തിയത് ഈ വ്യവസായത്തിലെ ‘മാഫിയ’യാണെന്ന് തിലകൻ തന്നെ മുമ്പ് തുറന്നുപറഞ്ഞിട്ടുണ്ട്. ആ കാലയളവിൽ ഒരു വർഷത്തിലധികം കാലം തിലകനെ സംരക്ഷിച്ചതും സഹായിച്ചതും സംവിധായകൻ വിനയനും സിപിഐ നേതാവായ അമ്പലപ്പുഴ സി രാധാകൃഷ്ണനും ആയിരുന്നു. ഈ സംഘടനയെ ഇല്ലാതാക്കാൻ നടത്തിയ ശ്രമവും പുതിയ സംഘടനയുടെ രൂപീകരണവും അന്യായമായും ഭരണഘടനാ വിരുദ്ധമായും നടപ്പിലാക്കിയ വിലക്കുകളുമെല്ലാം റിപ്പോർട്ടിന്റെ ഭാഗമായി വന്നിട്ടുണ്ട്. കോമ്പറ്റീഷൻ കമ്മിഷൻ എഎംഎംഎ സംഘടനയ്ക്കും ഫെഫ്ക സംഘടനയ്ക്കും അതിന്റെ ഭാരവാഹികൾക്കും ചുമത്തിയ പിഴയുടെ വിശദാംശങ്ങൾ ഉൾപ്പെടെ റിപ്പോർട്ടിന്റെ ഭാഗമായി. ഡബ്ല്യുസിസി എന്ന വിമൺ ഇൻ സിനിമാ കളക്ടീവ് നടത്തിയ പോരാട്ടവും അവർ ഗവണ്‍മെന്റിന് നൽകിയ പരാതിയുമാണ് ജസ്റ്റിസ് കെ ഹേമ കമ്മിറ്റിയുടെ രൂപീകരണത്തിന് പെട്ടെന്നുണ്ടായ കാരണമായതെങ്കിലും സിനിമാമേഖലയിലെ മാഫിയാവൽക്കരണത്തിനെതിരായ പോരാട്ടത്തിന്റെ പഴക്കവും പശ്ചാത്തലവും സൂചിപ്പിക്കുന്നതാണ് ഈ റിപ്പോർട്ട്. സിനിമാമേഖലയിലെ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പൊതുവിലുള്ള പ്രശ്നങ്ങളായി കമ്മിറ്റി കണ്ടെത്തിയ 17 പ്രശ്നങ്ങളിൽ ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും ദുരുപയോഗങ്ങളുമെല്ലാം ഉൾപ്പെടുന്നു. ലൈംഗികാവശ്യങ്ങൾക്ക് വഴങ്ങാത്തവരുടെ നേരെയുള്ള പീഡനങ്ങൾ പ്രത്യേകമായി തന്നെ പരാമർശിക്കപ്പെട്ടിട്ടുണ്ട്.

താമസസ്ഥലത്തും യാത്രയിലും ആവശ്യമായ സുരക്ഷിതത്വം ഇല്ലാത്തതും മനുഷ്യാവകാശ ലംഘനം പോലും നടക്കുന്നതും നിയമവിരുദ്ധമായും അനധികൃതമായും വിലക്ക് ഏർപ്പെടുത്തുന്നതും ഇതിലുൾപ്പെടുന്നു. മദ്യവും മയക്കുമരുന്നും വിഹരിക്കുന്ന ആണിടമായി ലൊക്കേഷനുകൾ മാറ്റുന്നതും പറഞ്ഞുറപ്പിക്കുന്ന പ്രതിഫലംപോലും നൽകാത്തതും ഇഷ്ടമില്ലാത്തവർക്കെതിരെ നടക്കുന്ന സൈബർ അറ്റാക്കുകളും കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. പ്രശസ്ത സിനിമാനടി കൂടിയായ ശാരദ തന്റെ പ്രത്യേക റിപ്പോർട്ടിൽ അടിസ്ഥാന സൗകര്യങ്ങളുടെയും വസ്ത്രം മാറ്റുന്നതിനുള്ള സുരക്ഷിത മുറികളുടെയും അഭാവവും പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. ”അഡജസ്റ്റ്മെന്റ്”, ”കോംപ്രമൈസ്” എന്നീ വാക്കുകളുടെ പ്രയോഗത്തെ സംബന്ധിച്ചും കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും ശാരദ വിശദീകരിക്കുന്നുണ്ട്. പഴയ കാലഘട്ടത്തിൽ നായക‑നായികമാർ തമ്മിൽ പരസ്പരസമ്മതത്തോടുകൂടി ബന്ധങ്ങളുണ്ടായിരുന്നു എന്ന് തുറന്നു പറയുന്നതോടൊപ്പം ഈ വ്യവസായ മേഖലയിലെ ചില ആർട്ടിസ്റ്റുകളുടെ വസ്ത്രധാരണ രീതിയെയും ശാരദ വിമർശനപരമായി വിലയിരുത്തിയിട്ടുണ്ട്. വിരമിച്ച ഗവണ്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി കെ ബി വത്സലകുമാരി മറ്റു സമൂഹത്തിലെന്നപോലെ പുരുഷാധിപത്യ സമൂഹമാണ് ഈ മേഖലയെന്നും ചൂണ്ടിക്കാണിക്കുന്നു. എന്നാൽ മറ്റു മേഖലകളേക്കാൾ ഈ മാധ്യമത്തിനുള്ള ബഹുജന സ്വാധീനത്തിന്റെ പ്രത്യേകതകളും അവർ വിശദമാക്കുന്നു.

സേവന‑വേതന വ്യവസ്ഥയ്ക്കുള്ള രേഖാമൂലമുള്ള കരാർ, ലിംഗപരമായ അടിസ്ഥാന വിദ്യാഭ്യാസം, മദ്യം, മയക്കുമരുന്നുകൾക്ക് ലൊക്കേഷനിൽ വിലക്ക് ഏർപ്പെടുത്തുക, ഉപഗ്രഹമൂല്യം കൂടി കണക്കിലെടുത്ത് പുരുഷ ആർട്ടിസ്റ്റുകൾക്ക് പ്രതിഫലം നിശ്ചയിക്കുന്നത്, ജൂനിയർ ആർട്ടിസ്റ്റുകൾ, അസിസ്റ്റന്റ് അസോസിയേറ്റ് ഡയറക്ടർമാർക്ക് കിട്ടുന്ന കുറഞ്ഞ പ്രതിഫലം, മനുഷ്യത്വരഹിതമായ പെരുമാറ്റം ഇവയെല്ലാം വിശദമായി പ്രതിപാദിക്കുന്നതാണ് വത്സലകുമാരിയുടെ പ്രത്യേക റിപ്പോർട്ട്. സിനിമാ മേഖലയെക്കുറിച്ച് വിശദമായി പഠിച്ച ഈ റിപ്പോർട്ടും അതിലെ ശുപാർശകളും ഇന്ത്യയിൽത്തന്നെ ഒരു ചരിത്രസംഭവമായിരിക്കും എന്നതിൽ സംശയമില്ല. രാജ്യത്തെ ഏറ്റവും വലിയ ഒരു ആസ്വാദക സമൂഹവും സ്വാധീനവുമുള്ള കലയെ മാഫിയാ സംഘങ്ങൾക്ക് കീഴ്പ്പെടുത്തിക്കൊടുക്കാതെ മുന്നോട്ടുകൊണ്ടുപോകണം. മാഫിയാ സംഘങ്ങളും അവരുടെ സംരക്ഷണയിൽ തഴച്ചുവളർന്നവരും നിയമത്തിന്റെ മുമ്പിൽ എത്തപ്പെടണം. കുറ്റവാളികൾ ആരായാലും അവർ ശിക്ഷിക്കപ്പെടുക തന്നെ വേണം. അർഹതയും യോഗ്യതയും അംഗീകരിക്കപ്പെടണം. സൂര്യകിരീടങ്ങളിൽ ചിലത് വീണുടയുന്നതുകൊണ്ടോ ചില മാണിക്യങ്ങൾ തകരുന്നതുകൊണ്ടോ ഈ വ്യവസായം തകരുകയില്ല. തകരാൻ പാടില്ല. സിനിമാ വ്യവസായത്തിലെ ശുദ്ധീകരണത്തിന് ഈ റിപ്പോർട്ട് വെളിച്ചം പകരുന്ന ഒന്നായിരിക്കും.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.