
ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യാന്‍ നോട്ടീസ് നല്‍കി എംപിമാര്‍. ലോക‌്സഭയില്‍ 150 എംപിമാരും, ഉപരിസഭയായ രാജ്യസഭയില്‍ 60 ലധികം എംപിമാരുമാണ് ഇന്നലെ ഇംപീച്ച്മെന്റ് നോട്ടീസ് നല്‍കിയത്. ലോക്‌സഭാ-രാജ്യസഭ പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കാണ് നോട്ടീസ് സമര്‍പ്പിച്ചത്. 52 കോണ്‍ഗ്രസ് എംപിമാരും 80 ബിജെപി അംഗങ്ങളും നോട്ടീസില്‍ ഒപ്പ് വച്ചിട്ടുണ്ട്. ഭരണഘടനയുടെ 124, 217, 218 എന്നീ വകുപ്പുകൾ പ്രകാരം ജസ്റ്റിസ് വർമ്മയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 150 ലോക്‌സഭാ എംപിമാരുടെ ഒപ്പുകൾ അടങ്ങിയ നോട്ടീസ് സര്‍വകക്ഷി പ്രതിനിധി സംഘം ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് സമർപ്പിച്ചു. ഉപരിസഭയിലെ 60 നോട്ടീസുകള്‍ രാജ്യസഭ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര്‍ക്കാണ് സമര്‍പ്പിച്ചത്. ലോക്സഭയില്‍ നിന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എന്‍സിപി അഗം സുപ്രിയ സുലെ, ഡിഎംകെയുടെ ടി ആര്‍ ബാലു, ആര്‍എസ് പി അംഗം എന്‍ കെ പ്രേമചന്ദ്രന്‍, മുസ്ലിം ലീഗിലെ ഇ ടി മുഹമ്മദ് ബഷീര്‍, ബിജെപി എംപിമാരായ രവിശങ്കര്‍ പ്രസാദ്, അനുരാഗ് താക്കൂര്‍ എന്നിവരാണ് ഒപ്പ് വെച്ചത്. 63 രാജ്യസഭ എംപിമാര്‍ രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖറിന് നോട്ടീസ് സമര്‍പ്പിച്ചതായി കോണ്‍ഗ്രസ് രാജ്യസഭാ ചീഫ് വീപ്പ് ജയറാം രമേശ് പറഞ്ഞു.
മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ യാദവിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമാനമായ ഒരു പ്രമേയം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13 ന് രാജ്യസഭ ചെയര്‍മാന് സമര്‍പ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ പ്രമേയത്തില്‍ ഒപ്പിടില്ലെന്ന് സമാജ് വാദി പാര്‍ട്ടി അറിയിച്ചു. ഇംപീച്ച്മെന്റ് നടപടികളുടെ ഭാഗമായി സ്പീക്കർ ഒരു അന്വേഷണ സമിതി രൂപീകരിക്കേണ്ടതുണ്ട്. സുപ്രീം കോടതിയിലെ ഒരു ജഡ്ജി, ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഒരു പ്രശസ്ത നിയമജ്ഞൻ എന്നിവർ കമ്മിറ്റിയിൽ ഉൾപ്പെട്ടേക്കും. സമിതിയുടെ റിപ്പോർട്ട് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ പരിഗണനയ്ക്ക് വന്നേക്കും,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.