ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ജുഡീഷ്യല്‍ ചുമതലകള്‍ ഡല്‍ഹി ഹൈക്കോടതി പിന്‍വലിച്ചു. ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സാഹചര്യത്തില്‍ സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. യശ്വന്ത് ശര്‍മ്മ കൈകാര്യം ചെയ്യുന്ന കേസുകള്‍ ജസ്റ്റിസുമാരായ സുബ്രഹ്മണ്യം പ്രസാദ്, ഹാരിഷ് വൈദ്യനാഥന്‍ ശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചിലേക്ക് മാറ്റിയതായും ഹൈക്കോടതി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
പണം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ മാത്യൂസ് ജെ നെടുംമ്പാറ, ഹേമാലി സുരേഷ് കുര്‍ണെ, രാജേഷ് വിഷ്ണു അദ്രേക്കര്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചു. ചീഫ് ജസ്റ്റിസ് രൂപീകരിച്ച സമിതിക്ക് അന്വേഷണാധികാരമില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. പൊലീസിന്റെ അന്വേഷണത്തില്‍ ഇടപെടുന്നതില്‍ നിന്നും ഉന്നതാധികാരികളെ വിലക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഭാഗത്ത് സത്യമുണ്ടെങ്കില്‍ എന്തുകൊണ്ട് എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ മടിക്കുന്നതെന്ന് ഹര്‍ജിക്കാരന്‍ ചോദിച്ചു. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്. ജുഡീഷ്യറിയുടെ എല്ലാ തലങ്ങളിലും നടക്കുന്ന അഴിമതി തടയുന്നതിനായി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
അതേസമയം സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ അന്വേഷണ സംഘം ഉടന്‍ നടപടികള്‍ ആരംഭിക്കും. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി എസ് സന്ധവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി എം എസ് അനു ശിവരാമന്‍ എന്നിവരാണ് അന്വേഷണ സമിതിയിലുള്ളത്. അടുത്ത കാലത്ത് യശ്വന്ത് വര്‍മ്മ പരിഗണിച്ച കേസുകളും സമിതി പരിശോധിക്കുമെന്നാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.