
ചാരവൃത്തി നടത്തിയ കേസില്‍ പിടിയിലായ വ്ലോഗര്‍ ജ്യോതി മല്‍ഹോത്ര കേരളം സന്ദര്‍ശിച്ച വിഷയം സംസ്ഥാന സര്‍ക്കാരിനെതിരെ ‘സുവര്‍ണാവസര’മാക്കാനുള്ള നീക്കത്തിന് തിരിച്ചടി. വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങില്‍ അന്നത്തെ കേന്ദ്രമന്ത്രി വി മുരളീധരനുള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പം ജ്യോതി മല്‍ഹോത്ര യാത്ര ചെയ്തതിന്റെ വിവരങ്ങള്‍ പുറത്തുവന്നതോടെ ബിജെപിയുടെ പ്രചരണം തിരിഞ്ഞുകൊത്തുന്ന നിലയായി. വി മുരളീധരന്‍ വിചിത്രവാദങ്ങളുന്നയിച്ച് തടിതപ്പാന്‍ നോക്കുന്നുണ്ടെങ്കിലും, നേരത്തെ ആരോപണമുന്നയിച്ച കെ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖറുമെല്ലാം മൗനത്തിലാണിപ്പോള്‍. ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയതിന്റെ പേരില്‍ ടൂറിസം വകുപ്പിനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ ഗുരുതരമായ ആരോപണങ്ങളായിരുന്നു ബിജെപി ദേശീയതലത്തില്‍ തന്നെ ഉയര്‍ത്തിയത്. തീവ്രവാദികളുടെ നാടെന്ന പ്രചരണത്തിന് പിന്നാലെ, കേരളത്തെയാകെ അപമാനിക്കാനുള്ള നീക്കമായിതന്നെ ബിജെപി വിഷയത്തെ മാറ്റിയെടുത്തിരുന്നു. ജ്യോതി മല്‍ഹോത്രയുടെ യഥാര്‍ത്ഥ മുഖം കണ്ടെത്താന്‍ കഴിയാതിരുന്ന കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ച മറച്ചുവയ്ക്കാനുമായി നടത്തിയ നീക്കം പക്ഷെ ഇപ്പോള്‍ ബിജെപിക്ക് ശക്തമായ തിരിച്ചടിയായി.
തിരുവനന്തപുരം — കാസർകോട് വന്ദേഭാരതിന്റെ ഉദ്ഘാടന ദിവസമായ 2023 ഏപ്രില്‍ 25നായിരുന്നു ജ്യോതി മല്‍ഹോത്രയുടെ യാത്രയും വീഡിയോ ചിത്രീകരണവും. കാവി വന്ദേഭാരതിന്റെ ഉദ്ഘാടനമെന്ന തലക്കെട്ടിലാണ് അതീവ ആഹ്ലാദിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബിജെപിയുടെ മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ ജ്യോതിയുമായി വന്ദേഭാരതിനെക്കുറിച്ചുള്ള പ്രതികരണം പങ്കുവയ്ക്കുന്നതും വീഡിയോയിലുണ്ട്. വിവിഐപികള്‍ ഉള്‍പ്പെടെ എത്തിയ പരിപാടിയില്‍, ചാരവൃത്തിക്ക് പിടിക്കപ്പെട്ട ജ്യോതി മല്‍ഹോത്ര എത്തിയതെങ്ങനെയാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. താന്‍ ക്ഷണിച്ചിട്ടല്ല വ്ലോഗര്‍ യാത്രയില്‍ പങ്കെടുത്തതെന്നാണ് വി മുരളീധരന്‍ ഉയര്‍ത്തുന്ന വാദം. ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും നേട്ടമായി കൊട്ടിഘോഷിച്ച വന്ദേഭാരതിന്റെ ഉദ്ഘാടനദിവസം പ്രത്യേക പാസുകള്‍ നല്‍കിയാണ് കൂടുതല്‍പേരെയും യാത്രയില്‍ പങ്കെടുപ്പിച്ചത്. ബിജെപിയുടെ നേതൃത്വത്തിലാണ് പാസുകള്‍ പലര്‍ക്കും ലഭിച്ചതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
അന്ന് കേന്ദ്രമന്ത്രിയായിരുന്ന വി മുരളീധരന്റെയും അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെയും അടുപ്പക്കാര്‍ക്കാണ് പാസുകള്‍ കൂടുതലും നല്‍കിയതെന്ന് അന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു. ജ്യോതി മല്‍ഹോത്രയ്ക്ക് പാസ് നല്‍കിയത് ആരാണെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയില്ലാതെ ഉരുണ്ടുകളിക്കുകയാണ് വി മുരളീധരന്‍. ഹരിയാന ബിജെപി എന്ന് പറഞ്ഞ് ജ്യോതി മല്‍ഹോത്ര സ്വയം പരിചയപ്പെടുത്തുന്ന വീഡിയോ അവരുടെ സമൂഹമാധ്യമത്തിലുണ്ട്. ജ്യോതിയുടെ പ്രവര്‍ത്തനങ്ങള്‍ ബിജെപി ഭരിക്കുന്ന ഹരിയാനയിലെ സര്‍ക്കാരിനും മനസിലാക്കാന്‍ കഴിഞ്ഞില്ലേയെന്നും ചോദ്യങ്ങളുയരുന്നുണ്ട്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ബിജെപിയുടെ നേട്ടമായി കൊട്ടിഘോഷിക്കാന്‍ വന്ദേഭാരതിന്റെ ഉദ്ഘാടനത്തിന് ജ്യോതി മല്‍ഹോത്രയെ ക്ഷണിച്ചുകൊണ്ടുവന്നത് ആരാണെന്നത് എല്ലാവര്‍ക്കും വ്യക്തമാകുമെന്നാണ് സമൂഹമാധ്യമങ്ങളില്‍ മിക്കവരും പ്രതികരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.