25 December 2025, Thursday

കെ-ഫോൺ ഇന്ന് ജനങ്ങളിലേക്ക്

Janayugom Webdesk
തിരുവനന്തപുരം
June 5, 2023 9:00 am

എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-ഫോൺ പദ്ധതി ഇന്ന് യാഥാര്‍ത്ഥ്യമാകുന്നു. വൈകിട്ട് നാലിന് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ അഭിമാന പദ്ധതി നാടിന് സമർപ്പിക്കും. സംസ്ഥാനതല ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നിയോജക മണ്ഡലാടിസ്ഥാനത്തിലും പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 30,000 സർക്കാർ സ്ഥാപനങ്ങളിലും ഒരു നിയമസഭാമണ്ഡലത്തിൽ 100 വീടുകൾ എന്ന കണക്കിൽ 14,000 വീടുകളിലും കെ-ഫോൺ ഇന്റർനെറ്റ് എത്തും. സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയാണ് കെ-ഫോണിലൂടെ സർക്കാർ ലക്ഷ്യംവയ്ക്കുന്നത്.

നിലവിൽ 18,000 ഓളം സർക്കാർ സ്ഥാപനങ്ങളിൽ കെ-ഫോൺ മുഖേന ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിക്കഴിഞ്ഞു. 7000 വീടുകളിൽ കണക്ഷൻ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ചു. അതിൽ 748 കണക്ഷൻ നൽകി. 40 ലക്ഷത്തോളം ഇന്റർനെറ്റ് കണക്ഷനുകൾ നൽകാൻ കഴിയുന്ന ഐടി അടിസ്ഥാന സൗകര്യങ്ങൾ കെ-ഫോൺ ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. സാമ്പത്തികമായതോ ഭൂമിശാസ്ത്രപരമായതോ ആയ അതിർവരമ്പുകളൊന്നും തടസമാകാതെ തന്നെ ഇന്റർനെറ്റ് ജനങ്ങളിലേക്ക് എത്തും. ജൂണ്‍ അവസാനത്തോടെ നിലവില്‍ ലഭിച്ചിരിക്കുന്ന പട്ടികയനുസരിച്ച് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കണക്ഷന്‍ എത്തിക്കും. 2023 ഓഗസ്റ്റോടുകൂടി ആദ്യഘട്ടം പൂർത്തീകരിച്ച് വാണിജ്യകണക്ഷൻ നൽകുന്നതിനുള്ള നടപടികളിലേക്ക് കടക്കും. ആദ്യവർഷം രണ്ടരലക്ഷം വാണിജ്യകണക്ഷനുകൾ നൽകാമെന്നാണ് കണക്കുകൂട്ടൽ.

മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുന്നതോടെ കെഫോണ്‍ മൊബൈൽ ആപ്ലിക്കേഷൻ ആപ്പ് സ്റ്റോറിലും പ്ലേസ്റ്റോറിലും ലഭ്യമാകും. ബിസിനസ് സപ്പോര്‍ട്ട് സെന്ററില്‍ നിന്ന് ഉപഭോക്താക്കളെ നേരിട്ട് ബന്ധപ്പെട്ട് കണക്ഷന്‍ നല്‍കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിച്ച് പിന്‍കോഡ് അടിസ്ഥാനത്തില്‍ ലോക്കല്‍ നെറ്റ്‌വര്‍ക്ക് പ്രൊവൈഡര്‍മാരെ കണക്ഷന്‍ നല്‍കാന്‍ ചുമതലപ്പെടുത്തും. സംശയങ്ങള്‍ ദൂരീകരിക്കാന്‍ എഫ്എക്യു സെക്ഷനും നിരക്കുകള്‍ മനസിലാക്കാന്‍ താരിഫ് സെക്ഷനും ആപ്പില്‍ ഒരുക്കിയിട്ടുണ്ട്.

Eng­lish Sum­ma­ry: k fon inau­gu­ra­tion on monday
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.