14 January 2026, Wednesday

മൂന്നാംവയസില്‍ അധികാരിയായ ഡോ. കെ കെ എൻ കുറുപ്പ്

ഡോ. ഇ കെ ഗോവിന്ദവര്‍മ്മ രാജ
February 14, 2023 4:45 am

പൊലീസുകാരുടെ കിരാതവാഴ്ചയ്ക്കും കൈക്കൂലിക്കുമെതിരെ കയ്യൂർ ജനത ഇളകിമറിഞ്ഞ കാലം. കൈക്കൂലിക്കെതിരെ ദക്ഷിണ കനറാ കളക്ടർക്ക് കയ്യൂർജനത ഭീമഹര്‍ജി നല്കുന്നു. തെക്കെ തൃക്കരിപ്പൂർ പാരമ്പര്യ പട്ടേലരായ കുട്ടമത്ത് കുഞ്ഞിരാമക്കുറുപ്പ് നാട്ടുകാരുടെ ന്യായമായ ആവശ്യത്തോട് കൂറ് പുലർത്തിയത് പൊലീസുകാരെയും റവന്യൂ ഉദ്യോഗസ്ഥരെയും ചൊടിപ്പിച്ചു. പട്ടേലരെ പുകച്ചുചാടിക്കാൻ പല കുറുക്കുവഴികളും ഭരണകൂടം നോക്കി. ഒന്നും ഫലിച്ചില്ല. ഒടുവിൽ തെയ്യം കെട്ടിപ്പുറപ്പെടുമ്പോൾ ചടങ്ങിന്റെ ഭാഗമായി നല്കുന്ന ഒറ്റരൂപ നാണയത്തെ മറയാക്കി കൈക്കൂലി ആരോപിച്ച് പട്ടേലരെ പിരിച്ചുവിട്ടു. അങ്ങനെ തറവാട്ടിലെ ഇളംമുറക്കാരനായ കെ കെ എൻ കുറുപ്പ് മൂന്നാം വയസിൽ പട്ടേലര്‍(അധികാരി) ആയി. പ്രായപൂർത്തിയായ മുറയ്ക്ക് നേരിട്ട് അധികാരിയായി ചാർജെടുത്തു. അതുകൊണ്ട് ഉന്നത വിദ്യാഭ്യാസം ഇടതടവില്ലാതെ തുടരാൻ പറ്റിയില്ല. പാരമ്പര്യമായി വൈദ്യം, ജ്യോതിഷം, തർക്കം, കാവ്യനാടകം, സംസ്കൃതം എന്നിവ പഠിച്ചും പഠിപ്പിച്ചും വന്നിരുന്ന കുട്ടമത്ത് തറവാടിന്റെ പിൻമുറക്കാരൻ സ്വന്തം നിലയിൽ തന്നെ പഠിച്ച് ഉന്നതബിരുദങ്ങൾ നേടി ഡോ. കെ കെ എന്‍ കുറുപ്പായി ഉന്നത പദവികളിൽ എത്തിയത് സ്ഥിരോത്സാഹത്തിന്റെ മഹത്വം കൊണ്ടാണ്. കയ്യൂർ സമരാനന്തര കാലഘട്ടത്തിൽ കയ്യൂർ തട്ടകത്തിൽ അധികാരിയായി വന്നതുകൊണ്ടും വാമൊഴി വഴക്കങ്ങളിൽ വിഹരിച്ചതു കൊണ്ടും പല റവന്യുരേഖകളും തന്നിലൂടെ കടന്നുപോയത് കൊണ്ടും കയ്യൂർ സമരത്തിന്റെ അറിയാക്കഥകൾ അനാവരണം ചെയ്യാൻ അദ്ദേഹത്തിന് നിഷ്പ്രയാസം കഴിഞ്ഞു. മലബാറിലെ കർഷകസമരങ്ങൾ സ്വാതന്ത്ര്യസമരമല്ലെന്ന് വാദിക്കുന്നവർക്കെതിരെ വസ്തുതകൾ നിരത്തി ദേശീയസ്വാതന്ത്ര്യസമരത്തെ ഗ്രാമങ്ങളിലെത്തിച്ചത് കർഷകസമരങ്ങളാണെന്ന് അദ്ദേഹം സ്ഥാപിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ എന്ന നിലയിൽ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടി ബിഎഡ്, കമ്പ്യൂട്ടര്‍, പശ്ചിമേഷ്യന്‍ പഠനം, ഫോക് ലോര്‍ എന്നീ കോഴ്സുകൾ ഉൾനാടുകളിലേക്കെത്തിച്ച ക്രാന്തദർശിയായ ഭരണാധികാരിയാണ് ഡോ. കെ കെ എൻ കുറുപ്പ്. രാഷ്ട്രീയ വൈരം മൂത്ത് യൂണിവേഴ്സിറ്റിക്ക് സാമ്പത്തിക ഞെരുക്കം ഉണ്ടാക്കിയപ്പോൾ ഡിമാന്റുള്ള പുതിയ കോഴ്സുകൾ തുടങ്ങി റവന്യു വരുമാനം കൂട്ടിയ വൈസ് ചാൻസലറാണ് ഇദ്ദേഹം. ‘സാമോറിന്‍സ് ഓഫ് കാലിക്കറ്റ്’ പോലുള്ള പുസ്തകങ്ങൾ സാമൂതിരിരാജാവിന്റെ സാമ്പത്തിക സഹായത്തോടെ യൂണിവേഴ്സിറ്റി പ്രസിദ്ധീകരിക്കുകയും ചെയ്തു. മൃതപ്രായമായ യൂണിവേഴ്സിറ്റിയിലെ പ്രസിദ്ധീകരണ വിഭാഗത്തെ സജീവമാക്കി മാറ്റി. കേരളത്തിൽ ആദ്യമായി ഫോക് ലോർ വിഭാഗം ആരംഭിച്ചത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്. നവനാമ്പുകളെ സ്വന്തം ചെലവിൽ സെമിനാറുകൾക്ക് കൊണ്ടുപോയി വളർത്തുകയും പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുകയും വളരാൻ വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന കെ എ കേരളീയന്റെ ഓർമ്മ നിലനിർത്തുന്നതിന് വേണ്ടി പ്രവർത്തിക്കുന്നത് അസൽവാദ രാഷ്ട്രീയത്തിന്റെ തെളിവാണ്. സത്യവും സഹൃദയത്വവുമാണ് കുറുപ്പ് മാഷുടെ മുഖമുദ്ര. ആയിരം പൂർണചന്ദ്രനെ കണ്ട കുറുപ്പ് മാഷുടെ ജന്മം കർമ്മശുദ്ധികൊണ്ട് പരിപോഷിപ്പിക്കപ്പെട്ടതാണ്.

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.