18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 18, 2025
April 18, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 15, 2025
April 15, 2025

പരാജയം നേട്ടമാക്കാൻ കെ മുരളീധരൻ; ലക്ഷ്യം കെപിസിസി അധ്യക്ഷ പദവി

ഉപതെരഞ്ഞെടുപ്പ് നടന്നാൽ വയനാട് സീറ്റ് ഏറ്റെടുക്കില്ല
അനില്‍കുമാര്‍ ഒഞ്ചിയം 
കോഴിക്കോട്
June 6, 2024 8:51 pm

തൃശൂരിൽ നേരിട്ട കനത്ത പരാജയം കോൺഗ്രസിൽ കലാപക്കൊടിയുയർത്തുമ്പോൾ അ­ത് തന്റെ വ്യക്തിനേട്ടത്തിന് എങ്ങനെ ഉപയോഗിക്കാമെന്ന് കണക്കുകൂട്ടുകയാണ് കെ മുരളീധരൻ. പാർട്ടി സംസ്ഥാന അധ്യക്ഷ പദം ലഭിച്ചാൽ മാത്രമേ ഇനി അനുരഞ്ജനത്തിനുള്ളുവെന്നാണ് മുരളീധരന്റെ നിലപാട്. അത് അംഗീകരിക്കാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയുന്നപക്ഷം അവിടെ മത്സരിപ്പിക്കാമെന്നുമാണ് നേതൃത്വം ഉറപ്പു നൽകുന്നത്. എന്നാൽ സംസ്ഥാന രാഷ്ട്രീയത്തിൽ താല്പര്യമുള്ള മുരളീധരൻ അടുത്ത തവണ യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി പദമാണ് സ്വപ്നം കാണുന്നത്. പാർട്ടി സംസ്ഥാനാധ്യക്ഷ പദവി ലഭിച്ചാൽ മാത്രമേ അത്തരത്തിലുള്ള നീക്കങ്ങൾ ഫലപ്രദമാകൂവെന്നതിനാൽ അതിനുള്ള ശ്രമങ്ങളാണ് മുരളീധരൻ നടത്തുന്നത്.
വയനാട് ലോക്‌സഭാ മണ്ഡലം ഇപ്പോൾ ഹൈക്കമാൻഡിന്റെ കയ്യിലായതിനാൽ പ്രിയങ്കാ ഗാന്ധിയെ അവിടെ മത്സരിപ്പിക്കാനാണ് സാധ്യത. അതാണ് വയനാട് വേണ്ടെന്ന നിലപാടിലേക്ക് മുരളീധരൻ എത്തിയത്. തൃശൂർ ജില്ലയിലെ പാർട്ടി നേതൃത്വം തന്നെ കാലുവാരി തോല്പിക്കുകയായിരുന്നുവെന്ന് വ്യക്തമായതായി മുരളീധരൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇനി മത്സര രംഗത്തില്ലെന്നും പൊതു പ്രവർത്തന രംഗത്തുനിന്നും വിട്ടുനിൽക്കുകയാണെന്നും പ്രഖ്യാപിച്ച മുരളീധരനെ അനുനയിപ്പിക്കാൻ കെപിസിസി നേതൃത്വം നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കെ സുധാകരൻ ഇന്ന് വൈകിട്ട് കെ മുരളീധരന്റെ കോഴിക്കോട്ടെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുമെല്ലാം മുരളീധരന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. മുരളീധരന് പാർട്ടിയിൽ അർഹമായ എല്ലാ പരിഗണനയും നൽകുമെന്നും അതിൽ ഒരു വിട്ടുവീഴ്ചയും വരുത്തില്ലെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു.

ഇതിനിടെ കെ മുരളീധരന് പിന്തുണയുമായി ഒരു വിഭാഗം യൂത്ത് കോൺഗ്രസുകാരും യുവനേതാക്കളും രംഗത്തെത്തി. മുരളിയെ പിന്നിൽ നിന്ന് കുത്തിയത് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി എൻ പ്രതാപനും ചേർന്നാണെന്ന് തൃശൂരിലെ യൂത്ത് കോൺഗ്രസ് നേതൃത്വം പരസ്യമായി ആരോപിച്ചിരുന്നു. കേരളത്തിൽ യുഡിഎഫ് നല്ല വിജയം നേടിയപ്പോൾ തൃശൂരിൽ മൂന്നാം സ്ഥാനത്തേക്ക് പോയത് നാണക്കേടായെന്നും ബിജെപിക്ക് തൃശൂർ പിടിയ്ക്കാൻ അവസരം ഒരുക്കിയത് കോൺഗ്രസിലെ വിഭാഗീയതയാണെന്നും നേതൃത്വത്തിൽ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. 

ഇന്ന് വൈകീട്ട് മുരളീധരന്റെ കോഴിക്കോട് ബിലാത്തിക്കുളത്തെ വസതിയിലെത്തിയ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അടച്ചിട്ട മുറിയിൽ 40 മിനിറ്റോളം ചര്‍ച്ചനടത്തി. ബുധനാഴ്ച കോഴിക്കോട്ടെ വീട്ടിലെത്തിയ മുരളീധരന്‍ പാർട്ടി പ്രവർത്തകരെയോ നേതാക്കളെയോ കാണാൻ കൂട്ടാക്കിയിരുന്നില്ല. മാധ്യമങ്ങളിൽ നിന്നും അദ്ദേഹം അകലം പാലിച്ചു. മുതിർന്ന നേതാക്കൾ പലരും ഫോണിൽ വിളിച്ച് അനുനയിപ്പിക്കുന്നുണ്ടെങ്കിലും പ്രതിഷേധം മാറിയിട്ടില്ല. മുരളീധരനുണ്ടായ വിഷമം മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സുധാകരൻ നേരിട്ടെത്തി കൂടിക്കാഴ്ച നടത്തിയത്. കെ മുരളീധരനെ പ്രവർത്തന രംഗത്തേക്ക് തിരിച്ചുകൊണ്ടുവരുമെന്നും അത് ഞങ്ങളുടെ എല്ലാവരുടെയും ബാധ്യതയാണെന്നും കൂടിക്കാഴ്ചക്കുശേഷം കെ സുധാകരൻ പ്രതികരിച്ചു. മുരളീധരന് ഓഫറുകൾ നൽകിയെന്ന പ്രചരണം തെറ്റാണ്. ചർച്ചയിൽ ഒരാവശ്യവും അദ്ദേഹം മുന്നോട്ട് വച്ചിട്ടില്ല. അർഹിക്കുന്ന പദവി നൽകുന്ന കാര്യം പാർട്ടി തീരുമാനിക്കും. കെപിസിസി അധ്യക്ഷ പദവിയടക്കം ചർച്ചയാകും. തൃശൂരിൽ സംഘടനാ രംഗത്ത് പാളിച്ചയുണ്ട്. അത് പാർട്ടി പരിശോധിക്കുമെന്നും സുധാകരൻ പറഞ്ഞു. 

Eng­lish Summary:K Muralid­ha­ran to turn fail­ure into suc­cess; The goal is the post of KPCC president

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.