
കേരളത്തിൽ ഏറ്റവും തീവണ്ടി ഗതാഗത സാന്ദ്രതയുള്ള എറണാകുളം — ഷൊര്‍ണൂര്‍ മേഖലയിൽ കവച് സുരക്ഷാ സംവിധാനം നടപ്പാക്കുന്നു. പദ്ധതി നടപ്പാക്കാനുള്ള കരാര്‍ കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനും (കെ — റെയില്‍) ആന്ധ്രയിലെ എസ്എസ് റെയിലും ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിനു ലഭിച്ചു.
105.87 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി 18 മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് കരാര്‍. എറണാകുളം ജങ്ഷൻ മുതല്‍ ഷൊര്‍ണൂര്‍ ജങ്ഷന്‍ വരെ 106.8 കിലോമീറ്ററാണ് പദ്ധതിയുടെ ദൈര്‍ഘ്യം. കേരളത്തില്‍ കവച് സുരക്ഷാ സംവിധാനം നടപ്പിലാകുന്ന ആദ്യ മേഖലയായിരിയ്ക്കും ഇത്.
തീവണ്ടികൾ കൂട്ടിമുട്ടുന്നത് ഒഴിവാക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേക്കു വേണ്ടി റിസര്‍ച്ച് ഡിസൈന്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ (ആർഡിഎസ്ഒ) വികസിപ്പിച്ച സംവിധാനമാണ് കവച്. സെന്‍സറുകളും ജിപിഎഎസ് സംവിധാനവും വാര്‍ത്താവിനിയമ സംവിധാനവും ഉള്‍പ്പെടുന്ന സംവിധാനം, ഒരേ പാതയിൽ വരുന്ന തീവണ്ടികൾ കൂട്ടിമുട്ടാനുള്ള സാധ്യത യഥാസമയം കണ്ടെത്തുകയും, സ്വമേധയാ തടയുകയും ചെയ്യും. എറണാകുളം മുതല്‍ വള്ളത്തോള്‍ നഗര്‍ വരെയുള്ള ഭാഗത്ത് ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനു പിന്നാലെയാണ് പുതിയ പദ്ധതി. ഓട്ടോ മാറ്റിക് സിഗ്നലിങ് പദ്ധതി നടപ്പാക്കുന്നത് കെ — റെയില്‍ — ആര്‍വിഎന്‍എല്‍ സഖ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.