22 December 2024, Sunday
KSFE Galaxy Chits Banner 2

കെ-റൈസ് വിപണിയിലേക്ക്; വിതരണം 12 ന് ആരംഭിക്കും

ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും
സ്വന്തം ലേഖിക
തിരുവനന്തപുരം
March 6, 2024 6:16 pm

പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ നല്ലയിനം അരി ലഭ്യമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന ശബരി കെ- റൈസ് വിപണിയിലേക്ക്. കെ റൈസ് വിതരണം ഈ മാസം 12 മുതല്‍ ആരംഭിക്കും. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും. സപ്ലൈകോ കേന്ദ്രങ്ങള്‍ വഴിയാണ് അരി വിതരണം ചെയ്യുക. ജയ അരി കിലോയ്ക്ക് 29 രൂപ നിരയ്ക്കിലും മട്ട അരിയും കുറുവ അരിയും കിലോയ്ക്ക് 30 രൂപ നിരക്കിലുമായിരിക്കും വിതരണം ചെയ്യുക. ഓരോ മേഖലയിലും വ്യത്യസ്ത അരികളാകും സപ്ലൈകോ കേന്ദ്രങ്ങളിലെത്തുക.

തിരുവനന്തപുരം ഭാഗത്ത് ജയ അരിയും കോട്ടയം എറണാകുളം മേഖലയില്‍ മട്ട അരിയും പാലക്കാട്, കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമാകും വിതരണത്തിനെത്തുക. റേഷന്‍ കാര്‍ഡ് ഒന്നിന് ഒരു മാസം അഞ്ചുകിലോ അരിയുടെ പാക്കറ്റ് നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സപ്ലൈകോ സബ്സിഡിയായി കാര്‍ഡ് ഒന്നിന് നല്‍കി വന്നിരുന്ന 10 കിലോ അരി നിലവിലും തുടരും. ശബരി കെ-റൈസ് അതിന്റെ ഭാഗം തന്നെയാണെന്നും മന്ത്രി പറഞ്ഞു. തുണി സഞ്ചിയിലാണ് അരി വിതരണം ചെയ്യുക. മൾട്ടി നാഷണൽ കമ്പനികളുമായി വിപണിയിൽ മത്സരിക്കുന്ന സ്ഥാപനമാണ് സപ്ലൈകോ. അതുകൊണ്ട് തന്നെ ഈ സ്ഥാപനത്തിന്റെ ബ്രാൻഡ് ഇമേജ് കാത്തുസൂക്ഷിക്കേണ്ടത് കൊണ്ടാണ് തുണി സഞ്ചിയില്‍ അരി വിതരണം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.

സപ്ലൈകോയുടെയും ശബരി ബ്രാൻഡ് ഉല്പന്നങ്ങളുടെയും പ്രമോഷന്റെ ഭാഗമായിട്ടാണ് ആദ്യ ഘട്ടത്തില്‍ ശബരി കെ-റൈസ് ബ്രാൻഡഡ് സഞ്ചിയിൽ വിതരണം നടത്തുന്നത്. തുണി സഞ്ചിക്കായുള്ള ആകെ ചെലവ് 10 ലക്ഷം രൂപയിൽ താഴെ ആണ്. ഈ തുക സപ്പ്ലൈകോയുടെ പ്രൊമോഷൻസ്, പരസ്യങ്ങള്‍ എന്നിവയില്‍ നിന്നാണ് കണ്ടെത്തുന്നത്. 13–14 രൂപയായിരിക്കും സഞ്ചി ഒന്നിന്റെ പരമാവധി വിലയെന്നും മന്ത്രി പറഞ്ഞു.

കെ- റൈസ് ആയി വിതരണം ചെയ്യുന്ന മട്ട, ജയ, കുറുവ ഇനം അരികള്‍ ടെന്റര്‍ നടപടികള്‍ പാലിച്ചു കൊണ്ട് ഗുണനിലാവരം ഉറപ്പു വരുത്തിയാണ് സംഭരിച്ചിട്ടുള്ളത്. റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന അതെ അരി തന്നെയാണ് ഭാരത് അരി എന്ന പേരിൽ വിതരണം ചെയ്യുന്നത്. റേഷൻ കാർഡ് ഉടമകൾക്ക് 10.90 രൂപ നിരക്കിൽ നിലവിൽ നൽകിവരുന്നു. ഭാരത് അരിയുടെ വില്പന വില 29 രൂപയാണെങ്കിലും അതിന്റെ എന്‍എഎഫ്ഇഡി, എന്‍സിസിഎഫ് എന്നീ സ്ഥാപനങ്ങളുടെ വാങ്ങൽ വില 18.59 രൂപ മാത്രമാണ്. 10.41 രൂപ ലാഭത്തിനാണ് ഈ സ്ഥാപനങ്ങൾ ഭാരത് അരി പൊതുജനങ്ങൾക്ക് വിൽക്കുന്നത്.

എന്നാൽ ശബരി കെ-റൈസ് പൊതുജനങ്ങൾക്ക് നൽകുന്നത് 9.50 മുതൽ 11.11 രൂപയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തു കൊണ്ടാണ്. സബ്സിഡി സാധനങ്ങൾ ഇല്ല എന്ന മാധ്യമ വാർത്തകളെ തുടർന്ന് സപ്ലൈകോ വില്പന ശാലകൾ സന്ദർശിക്കുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്. സപ്ലൈകോയുടെ ബ്രാൻഡ് ഇമേജിനേയും ഇത് കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സപ്ലൈകോയിൽ അടുത്താഴ്ചയോടു കൂടി എല്ലാം സബ്സിഡി സാധനങ്ങളും എത്തിക്കും. ചെറുപയർ അടക്കമുള്ള സാധനങ്ങൾ സപ്ലൈകോയുടെ ഗോഡൗണുകളിലേക്ക് എത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: k rice
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.