24 December 2024, Tuesday
KSFE Galaxy Chits Banner 2

ആദ്യ ആഴ്ചയില്‍ തന്നെ വന്‍ഹിറ്റായി കെ റൈസ്

ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
March 19, 2024 10:52 pm

ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ ഹിറ്റായി ശബരി കെ റൈസ്. കഴിഞ്ഞ 13 മുതല്‍ ഏഴ് ദിവസങ്ങളിലായി 1,79,247 കുടുംബങ്ങളാണ് കെ റൈസിന്റെ ഗുണഭോക്താക്കളായത്. 8,92,039 കിലോ അരിയാണ് ഈ ബ്രാന്‍ഡിലൂടെ സംസ്ഥാനത്തുടനീളമുള്ള സപ്ലൈകോ സ്റ്റോറുകള്‍ വില്പന നടത്തിയത്. സംസ്ഥാന സർക്കാരിന്റെ ശബരി കെ റൈസ് ബ്രാൻഡ് അരി സംസ്ഥാനത്ത് ഏറെ പ്രിയങ്കരമായി മാറിയെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകള്‍.
ആദ്യഘട്ടത്തിൽ പർച്ചേസ് ഓർഡർ നൽകിയ 2000 മെട്രിക് ടൺ അരിയാണ് ഇപ്പോള്‍ സപ്ലൈകോയുടെ 1600 ലധികം വില്പനശാലകളിലൂടെ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. 8000 മെട്രിക് ടണ്‍ അരിക്ക് കൂടി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ജയ അരിക്ക് 29 രൂപയും, കുറുവ‑മട്ട അരിക്ക് 30 രൂപയുമാണ് വില. റേഷന്‍ കാര്‍ഡിന് പ്രതിമാസം അഞ്ച് കിലോഗ്രാം അരി വീതം ലഭിക്കും. തിരുവനന്തപുരം മേഖലയിൽ ജയ അരിയും കോട്ടയം, എറണാകുളം മേഖലകളിൽ മട്ട അരിയും പാലക്കാട്, കോഴിക്കോട് മേഖലകളിൽ കുറുവ അരിയുമാണ് ശബരി കെ റൈസ് ബ്രാന്‍ഡില്‍ ലഭിക്കുക. 

കിലോയ്ക്ക് 10 മുതൽ 11 രൂപ വരെ സബ്സിഡി നൽകിയാണ് സർക്കാർ വിപണിയിൽ കെ റൈസ് ലഭ്യമാക്കുന്നത്. വിപണി ഇടപെടലുകളിലൂടെ ജനങ്ങൾക്ക് ആശ്വാസം പകരുന്ന കേരളത്തിലെ ഇടതു മുന്നണി സർക്കാരിന്റെ നടപടികളുടെ തുടർച്ചയായാണ് ശബരി കെ റൈസ് എന്ന പേരില്‍ കുറഞ്ഞ വിലയ്ക്ക് അരി നല്‍കാനുള്ള തീരുമാനം. കിലോയ്ക്ക് 40 രൂപയോളം ചെലവഴിച്ചാണ് സംസ്ഥാന സർക്കാർ മട്ട, ജയ, കുറുവ അരികൾ വാങ്ങുന്നത്. ഇതാണ് 29 മുതൽ 30 രൂപ വരെ നിരക്കില്‍ ലഭ്യമാ‌ക്കുന്നത്. അതേസമയം, സപ്ലൈകോ 24 രൂപയ്ക്കും കേരളത്തിലെ റേഷൻ കടകളിൽ 10.90 രൂപ നിരക്കിലും നൽകിവന്നിരുന്ന അരിയാണ് ഭാരത് റൈസ് എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. 

Eng­lish Summary:K Rice became a big hit in the first week itself
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.