23 December 2024, Monday
KSFE Galaxy Chits Banner 2

കെ റൈസ് വിപണിയില്‍; കേന്ദ്രത്തിന്റെ ഭാരത്‌ അരി‌ രാഷ്ട്രീയലാഭത്തിന്: മുഖ്യമന്ത്രി

സ്വന്തം ലേഖിക
തിരുവനന്തപുരം
March 13, 2024 11:06 pm

കേന്ദ്ര സർക്കാർ ഭാരത്‌ അരി‌ വിതരണം ചെയ്യുന്നത്‌ ലാഭേച്ഛയോടെയും രാഷ്ട്രീയലാഭം ലക്ഷ്യമിട്ടുമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ശബരി കെ റൈസിന്റെ സംസ്ഥാനതല വിതരണോദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
18.59 രൂപ നിരക്കിൽ വാങ്ങുന്ന അരിയാണ്‌ 10.41 രൂപ ലാഭമെടുത്ത്‌ 29 രൂപയ്ക്ക് ഭാരത് അരിയായി വിൽക്കുന്നത്‌. ഈ അരി കേരളത്തിൽ സപ്ലൈകോ 24 രൂപയ്ക്കും റേഷൻകടകളിൽ 10.90 രൂപയ്ക്കുമാണ്‌ നൽകിവരുന്നത്‌. കേരളമാകട്ടെ, 40 രൂപയ്ക്ക്‌ വാങ്ങുന്ന അരി 11 രൂപവരെ സബ്‌സിഡിയോടെ 29, 30 രൂപയ്ക്കാണ്‌ കെ റൈസ്‌ എന്ന പേരിൽ വിതരണം ചെയ്യുന്നത്‌. രണ്ടു സർക്കാരുകളുടെ സമീപനത്തിലെ വ്യത്യാസമാണ്‌ ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കാര്‍ഡൊന്നിന് സബ്സിഡി നിരക്കില്‍ നല്‍കിവന്നിരുന്ന 10 കിലോയില്‍ അഞ്ച് കിലോയാണ് ശബരി കെ റൈസ് എന്ന ബ്രാന്‍ഡില്‍ വിപണിയില്‍ ഇറക്കുന്നത്. ബ്രാന്‍ഡ് ചെയ്യാത്ത ബാക്കി അഞ്ച് കിലോ അരി സബ്സിഡി നിരക്കില്‍ സപ്ലൈകോ വില്പനശാലകള്‍ മുഖേന ലഭിക്കും. വിപണി ഇടപെടലുകളിലൂടെ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ നടപടികളുടെ തുടര്‍ച്ചയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷനായി. സപ്ലൈകോ മുഖേന വിലകുറച്ചു നൽകുന്ന 13 ഇനം നിത്യോപയോഗ സാധനങ്ങൾ വരുന്ന രണ്ടാഴ്ചയ്ക്കുള്ളില്‍ വിപണന കേന്ദ്രങ്ങളിൽ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രിൽ 13 വരെ വിവിധ നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കിഴിവ് നല്കുന്ന ‘ഗോൾഡൻ ഓഫർ’ എന്ന പേരിലുള്ള പദ്ധതിയും സപ്ലൈകോ ആവിഷ്കരിച്ചിട്ടുണ്ട്. സപ്ലൈകോയ്ക്കെതിരായി തെറ്റിദ്ധാരണ പരത്തുന്നതരത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ തിരിച്ചറിയണമെന്നും ഇക്കാര്യത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം അയ്യന്‍കാളി ഹാളിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആദ്യ വില്പന നിർവഹിച്ചു. മേയർ ആര്യാ രാജേന്ദ്രൻ, ആന്റണി രാജു എംഎൽഎ, ഡെപ്യൂട്ടി മേയർ പി കെ രാജു, കൗൺസിലർ പാളയം രാജൻ, സപ്ലൈകോ ജനറൽ മാനേജർ സൂരജ് ഷാജി, മേഖലാ മാനേജർ ജലജ ജി എസ് റാണി എന്നിവർ പങ്കെടുത്തു. 

Eng­lish Sum­ma­ry: K rice in the mar­ket; Cen­ter’s India rice for polit­i­cal gain: Chief Minister

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.