
സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് ( കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) യോഗ്യത നിര്‍ബന്ധമാക്കി സർക്കാർ. ഇതുസംബന്ധിച്ച് പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പൊതുവിദ്യാലയങ്ങളിൽ അഞ്ചുവർഷത്തിലേറെ സർവീസുള്ള അധ്യാപകരെല്ലാം യോഗ്യതാപരീക്ഷയായ കെ- ടെറ്റ് വിജയിക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണിത്.
സെറ്റ്, നെറ്റ്, എംഫിൽ, പിഎച്ച്ഡി, എംഎഡ് ഉള്ളവർക്ക് ഇനി കെ ‑ടെറ്റിൽ ഇളവ് അനുവദിക്കില്ല. കെ ടെറ്റ് കാറ്റഗറി- 3 യോഗ്യതകളോടെ സർവീസിൽ തുടരുന്ന ഹൈസ്കൂൾ അധ്യാപകരെ മാത്രമേ പ്രധാനാധ്യാപക തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റനിയമനങ്ങൾക്കും എച്ച്എസ്എസ്ടി, എച്ച്എസ്എസ്ടി ജൂനിയർ തസ്തികകളിലേക്കുള്ള ബൈട്രാൻസ്ഫർ നിയമനങ്ങൾക്കും പരിഗണിക്കൂ. സി ‑ടെറ്റ് വിജയിച്ചവർക്ക് അതത് തലത്തിൽ (എൽപി, യുപി) കെ- ടെറ്റിൽനിന്നുള്ള ഇളവ് തുടരും.
കെ ടെറ്റ് കാറ്റഗറി ഒന്ന്, രണ്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ എൽപി, യുപി അധ്യാപക നിയമനങ്ങൾക്ക് പരിഗണിക്കാം. ഹൈസ്കൂൾ തലത്തിലുള്ള ഭാഷാധ്യാപകർ കെ ടെറ്റ് കാറ്റഗറി മൂന്ന് യോഗ്യത നേടിയപക്ഷം കെ ടെറ്റ് കാറ്റഗറി നാല് നേടേണ്ടതില്ല. തീരുമാനങ്ങൾ സുപ്രീംകോടതിയിൽ സർക്കാർ ഫയൽ ചെയ്യുന്ന ഹർജിയുടെ അന്തിമതീരുമാനത്തിന് വിധേയമായിരിക്കുമെന്ന് ഉത്തരവിൽ പറയുന്നു. നിലവിൽ സർവീസിലുള്ള അധ്യാപകർക്ക് ഫെബ്രുവരിയിൽ പ്രത്യേക കെ ടെറ്റ് പരീക്ഷ നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വൈകാതെ സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ പെറ്റീഷനും നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.