25 December 2024, Wednesday
KSFE Galaxy Chits Banner 2

കാലം ഹൃദയത്തിലേറ്റിയ പാറപ്പുറം

പാറപ്പുറത്തിന് ജന്മശതാബ്ദി
വി എം രാജമോഹൻ 
November 17, 2024 7:15 am

മഹത്വം നിർണയിക്കാനുള്ള പരമാധികാരി കാലമാണല്ലോ. തന്നെപ്പറ്റി, തന്റെ ആരാധ്യപുരുഷന്മാരെപ്പറ്റി, ഉറക്കെ സംസാരിക്കുന്നതു ശ്രദ്ധിച്ചിട്ടു വലിയ കാര്യമുണ്ടെന്നു തോന്നുന്നില്ല. അർഹതയില്ലാത്തതും കാലത്തിന്റെ അപ്രതിഹതമായ പ്രവാഹത്തിൽ ഒരു പുല്‍ക്കൊടിപോലെ ഒഴുകിപ്പോകും… ഞാൻ സൃഷ്ടിച്ചതെല്ലാം കാലത്തിന്റെ പ്രവാഹത്തെ അതിജീവിച്ചില്ലെന്നുവരാം. എന്റെ ആത്മാവിൽ രൂപംകൊണ്ട് ഏററവും നല്ല ഫലങ്ങൾ ഞാൻ കാഴ്ചവച്ചിരിക്കുന്നു. അതു മാത്രമേ എനിക്കു ചെയ്യുവാനുള്ളൂ എന്നും ഞാൻ കരുതുന്നു.”
ഇത് ‘പണിതീരാത്ത വീട്’ എന്ന നോവലിന്റെ ആമുഖത്തിൽ പാറപ്പുറത്ത് പറഞ്ഞതാണ്.

1924 നവംബർ 14 ന് മാവേലിക്കരയ്ക്കടുത്തുള്ള കുന്നം ഗ്രാമത്തിൽ ജനിച്ച കെ ഇ മത്തായിയാണ് പിന്നീട് പാറപ്പുറത്തായി മാറി 37 കൃതികൾ മലയാളത്തിന് സമ്മാനിച്ചത്. ഇരുപതു നോവലുകൾ, പതിനാലു സമാഹാരങ്ങളിലായി എഴുപതിലേറെ ചെറുകഥകൾ, രണ്ടു നാടകങ്ങൾ, ഒരു ആത്മകഥ എന്നിവയിലൂടെ സഹൃദയഹൃദയങ്ങളെ ആഹ്ലാദിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം പത്തൊമ്പതാംവയസിൽ ഇന്ത്യൻ മിലിട്ടറിയിലെ ഹവിൽദാർ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു. അവിടെ വച്ച് ചിക്കൻപോക്സ് പിടിച്ച് ആശുപത്രിയിൽ കിടന്നപ്പോഴാണ് ആദ്യകഥയെഴുതിയത്: ബഡ് നമ്പർ 40. മദ്രാസിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ലോക വാണിയിൽ 1948 ൽ പുറത്തുവന്ന ‘പുത്രിയുടെ വ്യാപാരം’ ആണ് അച്ചടിമഷി പുരണ്ട ആദ്യ ചെറുകഥ. 1952 ൽ പ്രകാശധാരയെന്ന ആദ്യ കഥാസമാഹാരം പുറത്തുവന്നു. മാതൃഭൂമി, ജയകേരളം തുടങ്ങിയ പ്രമുഖ പ്രസിദ്ധീകരണങ്ങളിലൂടെ പുറത്തുവന്ന ചെറുകഥകളിലൂടെ പാറപ്പുറത്ത് ഒരു പട്ടാളക്കഥാകാരനായി അറിയപ്പെട്ടു തുടങ്ങി. 1964 ൽ ജോലിയിൽ നിന്നും വിരമിച്ച അദ്ദേഹം പിന്നീട് സാഹിത്യലോകത്ത് സമ്പൂർണമായി മുഴുകി.

എന്തുകൊണ്ടാണ് സാഹിത്യ ജീവിതത്തിൽ മുഴുകിയതെന്ന ചോദ്യത്തിന് പാറപ്പുറത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു: ”ഒരു പട്ടാളക്കാരനെന്ന നിലയിൽ ഞാനൊരു പരാജയമായിരുന്നു. എന്റെ ലജ്ജാശീലവും ശാരീരികമായ ദൗർബല്യവും സാഹിത്യമെന്ന ഉപാധിയിലൂടെ വ്യക്തിത്വം ആർജ്ജിക്കാൻ സഹായകമായിരുന്നു. പിന്നെ ആത്മാവിനെ ആവിഷ്കരിക്കുന്നതിനും.” പല ദേശക്കാരും പല ഭാഷക്കാരും ഒരുമിച്ച് കഴിയുന്ന പട്ടാള ക്യാമ്പ് ജീവിതത്തെ അടുത്തറിയാൻ സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഒരു മിനിയേച്ചർ പ്രപഞ്ചമാണ് പട്ടാള ക്യാമ്പ്. നാട്ടുമ്പുറത്തു മാത്രം ജീവിച്ചെങ്കിൽ താൻ ഒന്നുമാകുമായിരുന്നില്ല എന്നും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.

1955 ൽ പ്രസിദ്ധീകരിച്ച ‘നിണമണിഞ്ഞ കാൽപ്പാടുകൾ’ ആണ് ആദ്യനോവൽ. ആത്മകഥാംശം ഏറെയുള്ള ആ നോവലിന്റെ നായകന് സ്വന്തം പേരു തന്നെയാണ് നൽകിയത്. തന്റെയും സുഹൃത്തുക്കളുടെയും പട്ടാളാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയ നിണമണിഞ്ഞ കാല്പാടുകൾക്ക് പണിക്കുറ്റം കൂടുതലുണ്ടെന്ന് നോവലിസ്റ്റ് പ്രഖ്യാപിച്ചെങ്കിലും നിരൂപകർ മികച്ച നോവലുകളുടെ കൂട്ടത്തിൽത്തന്നെയാണ് അതിനെ പെടുത്തിയിരിക്കുന്നത്.

നഴ്സുമാരുടെ ജീവിതം എഴുതണം എന്ന ചിന്തയിൽ നിന്നു പിറന്ന നോവലാണ് ‘അന്വേഷിച്ചു കണ്ടെത്തിയില്ല.’ സൂസമ്മയുടെ ദുഃഖത്തിന്റെ കഥയാണിത്. നഴ്സുമാരുടെ ധർമ്മസങ്കടങ്ങൾ മലയാളത്തിൽ അടയാളപ്പെടുത്തിയ നോവൽ എന്ന നിലയിൽ ഈ കൃതിക്ക് സാഹിത്യത്തിൽ ഒരിടമുണ്ട്. ആനച്ചാൽ എന്ന മലയോര ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റാൻ സ്വയം സമർപ്പിച്ച മേരിക്കുട്ടിയുടെ കഥയാണ് ‘ആദ്യകിരണങ്ങൾ.’ ‘നാട്ടിൽപുറത്തിന്റെ ലാളിത്യവും സ്വച്ഛതയുടെ പരിവേഷവും ചൂടിയ എന്റെ ഒറ്റപ്പെട്ട കൃതി’ എന്നാണ് പാറപ്പുറം ഈ നോവലിനെ വിശേഷിപ്പിക്കുന്നത്. ‘മകനേ നിനക്കുവേണ്ടി’ (1962)എന്ന നോവൽ ആണിന്റെ സുഖഭോഗ മോഹങ്ങൾക്കുവേണ്ടി ജീവിതം കാരാഗൃഹവാസമാക്കേണ്ടി വന്ന ഒരു പെണ്ണിന്റെ കഥയാ ന്നെന്ന് കഥാകൃത്ത് പ്രസ്താവിച്ചിട്ടുണ്ട്.
‘പണി തീരാത്ത വിട്’ (1964) നൈനിറ്റാൾ പശ്ചാത്തലമാക്കി എഴുതിയ കഥയാണ്. തലചായ്ക്കൊനിരിടം എന്ന അടിസ്ഥാന പ്രശ്നം തന്നെയാണ് നോവലിന്റെ പ്രമേയം. നിതാന്ത ദുഃഖത്തിന് വിധേയരാകുന്ന മനുഷ്യരെ ഈ നോവലിൽ വരച്ചുകാട്ടുന്നു. പാറപ്പുറത്തെന്ന നോവലിസ്റ്റിന് മൂപ്പെത്തി എന്നു തെളിയിക്കുന്ന പ്രകൃഷ്ടകൃതിയാണ് പണി തീരാത്ത വീടെന്ന് നിരൂപകനും കഥാകൃത്തുമായ ജി എൻ പണിക്കർ നിരീക്ഷിക്കുന്നു.

ജീവിതത്തിന്റെ നശ്വരതയും ക്ഷണികതയും ആവിഷ്കരിക്കുന്ന അരനാഴികനേരം (1967)എന്ന നോവലിന് ബൈബിളിന്റെ സ്വാധീനമുണ്ട്. കുഞ്ഞേനാച്ചൻ എന്ന കഥാപാത്രം ഇതഃപര്യന്തമുള്ള മലയാള നോവലിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായി തലയുയർത്തി നില്‍ക്കുന്നു. ക്രിസ്ത്യൻ ജീവിതത്തിലെ വിശ്വാസവും ജീവിതവും തമ്മിലുള്ള പൊരുത്തക്കേടിനെ ശക്തമായി ആവിഷ്കരിക്കുന്നതിൽ പാറപ്പുറത്ത് വിജയിച്ചിട്ടുണ്ട്.

സിനിമാലോകത്തിന്റെ അണിയറ തുറന്നു കാട്ടിയ നോവലാണ് ‘പ്രയാണം’ (1968) ‘ഒരു വാക്കും പാഴാക്കാതെ, ഒരു വാക്കും അധികം ഉപയോഗിക്കാതെ’ പാറപ്പുറത്ത് രചിച്ച നോവലാണ് നന്മയുടെ പൂക്കൾ(1972) എന്ന് നിരൂപകൻ ടി എൻ ജയചന്ദ്രൻ പറഞ്ഞിട്ടുണ്ട്.
അച്ഛന്റെ കാമുകിയും തേൻ വരിക്കയും വഴിയമ്പലവും ശില്പഭദ്രതയുള്ള ചെറുനോവലുകളാണ്. ഒരു വലിയ നോവലാണ് ആകാശത്തിലെ പറവകൾ.(1979) കാമക്രോധമദ മോഹമാത്സര്യങ്ങൾ നിറഞ്ഞ മനുഷ്യജീവിതത്തിന്റെ ക്ഷണികതയെയും വികൃതികളെയും പറ്റി നമ്മെ ഇരുത്തിച്ചിന്തിപ്പിക്കാൻ ഉതകുന്ന അതിശക്തമായ ഒരു എപ്പിക് നോവലാണിതെന്ന് പാറപ്പുറത്തിന്റെ ആത്മമിത്രവും കവിയുമായ മുതുകുളം ഗംഗാധരൻ പിള്ള അരനാഴിക എന്ന പഠനഗ്രന്ഥത്തിൽ വിലയിരുത്തുന്നു. ഒറ്റപ്പെട്ട മനുഷ്യന്റെ ആത്മാന്വേഷണമാണ് ‘വിലക്കുകൾ വിലങ്ങുകൾ’ (1979) എന്ന നോവൽ. പി ഭാസ്കരന്റെ നിർബന്ധത്തെ തുടർന്നെഴുതിത്തുടങ്ങിയ ‘കാണാപ്പൊന്ന് ’ പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 1981 ഡിസംബർ മുപ്പതിന് അദ്ദേഹം പെട്ടെന്ന് ഈ ലോകത്തു നിന്ന് യാത്രയായി. 

പ്രകാശധാര (1952),ഒരമ്മയും മൂന്നു പെണ്‍മക്കളും (1956), കുരുക്കന്‍ കീവറീത് മരിച്ചു (1957), ആ പൂമൊട്ടു വിരിഞ്ഞില്ല (1957), തോക്കും തൂലികയും (1959) ‚ദിനാന്ത്യക്കുറിപ്പുകള്‍ (1960), ജീവിതത്തിന്റെ ആല്‍ബത്തില്‍നിന്ന് (1962), നാലാള്‍ നാലുവഴി (1965), സൂസന്ന (1968), തെരഞ്ഞെടുത്ത കഥകള്‍ (1968), കൊച്ചേച്ചിയുടെ കല്യാണം (1969), അളിയന്‍ (1974), വഴിയറിയാതെ (1980), കീഴടങ്ങല്‍ (1982) എന്നിവയാണ് അദ്ദേഹത്തിന്റെ ചെറുകഥാസമാഹാരങ്ങൾ.

എഴുത്തുകാരുടെ സഹകരണ സംഘമായ എസ്പിസിഎസിന്രെ പ്രധാന പ്രവർത്തകനായിരുന്ന പാറപ്പുറത്ത് 1981 ൽ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്തിരുന്നു. അദ്ദേഹത്തിന്റെ സ്മരണാപുസ്തകമാണ് മരിക്കാത്ത ഓർമ്മകൾ. എഴുത്തുകാരൻ മറ്റേതൊരു വിവേകിയായ മനുഷ്യനെപ്പോലെ തന്റെ അറിവ്, തന്റെ ശക്തി ഈ സമൂഹത്തിന്റെ നന്മയ്ക്കും ഭദ്രതയ്ക്കും വേണ്ടി പങ്കിട്ടുകൊടുക്കാൻ ബാധ്യസ്ഥനാണ്. ജീവിതത്തിന്റെ ഭൗതികമായ വലിയ ഭാണ്ഡക്കെട്ടുകളൊന്നും കൂടാതെ സ്വച്ഛമായും സ്വതന്ത്രമായും ജീവിച്ചുമരിക്കുക എന്നതിൽക്കവിഞ്ഞ് ജീവിതത്തെക്കുറിച്ച് എനിക്ക് സങ്കല്പങ്ങളൊന്നുമില്ല” അതിൽ അദ്ദേഹം എഴുതി. ഒന്നുകൂടി അദ്ദേഹം ഊന്നിപ്പറഞ്ഞു: സാഹിത്യം ഒന്നേയുള്ളൂ. — നല്ല സാഹിത്യം. പഴയതും പുതിയതെന്നുമൊക്കെ വേർതിരിക്കുന്നത് വൃഥാവിലാണ്.”

നിണമണിഞ്ഞ കാല്പാടുകൾ, ആദ്യ കിരണങ്ങൾ, അരനാഴികനേരം, അന്വേഷിച്ചു കണ്ടെത്തിയില്ല, പണിതീരാത്ത വീട്, മകനേ നിനക്കു വേണ്ടി ഓമന, ചന്ത എന്നീ നോവലുകൾ സിനിമയായിട്ടുണ്ട്. മലയാളച്ചലച്ചിത്രഗാന ശാഖയിൽ മധുരതരമായ ചില നല്ല ഗാനങ്ങൾ പിറന്നത് പാറപ്പുറത്തിന്റെ രചനകളുടെ ചലച്ചിത്രാവിഷ്കാരങ്ങളിലാണ്. അനുരാഗനാടകത്തിൻ, മാമലകൾക്കപ്പുറത്ത്, ദൈവപുത്രന് വീഥിയൊരുക്കുവാൻ, സമയമാം രഥത്തിൽ, അനുപമേ അഴകേ, താമരക്കുമ്പിളല്ലോ മമ ഹൃദയം, ഇന്നലെ മയങ്ങുമ്പോൾ, സുപ്രഭാതം സുപ്രഭാതം, കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച, ഭാരതമെന്നാൽ പാരിൻ നടുവിൽ, ബാവായ്ക്കും പുത്രനും, മാലാഖമാർ വന്ന് പൂവിടർത്തുന്നത് തുടങ്ങിയ ഗാനങ്ങൾ കേൾക്കുമ്പോൾ പാറപ്പുറത്തിനെയും കൂടി നമ്മളോർക്കുക.

അടൂർ ഗോപാലകൃഷ്ണൻ എഴുതി; “അമ്പതുവർഷം കഴിഞ്ഞിട്ടും നിണമണിഞ്ഞ കാല്പാടുകൾ, അന്വേഷിച്ചു കണ്ടെത്തിയില്ല, ആകാശത്തിലെ പറവകൾ, അരനാഴികനേരം എന്നിവ ഇന്നത്തെ അനുവാചകന് ആസ്വാദ്യകരമായി തോന്നുന്നുവെങ്കിൽ തീർച്ചയായും ഇവയെല്ലാം മാസ്റ്റർ പീസുകളാണ്. ഈ ക്ലാസിക്കുകൾ കാണാതെയും അറിയാതെയും ആസ്വദിക്കാതിരിക്കുകയും ചെയ്യുന്നത് നാം നമ്മുടെ സംസ്‌കാരത്തോടു ചെയ്യുന്ന അപരാധമാണ്.”

ഓണാട്ടുകരയുടെ ഇതിഹാസകാരൻ എന്നുവിശേഷിപ്പിക്കാവുന്ന പാറപ്പുറത്തിന്റെ കൃതികൾ വീണ്ടും വായിക്കപ്പെടാനുള്ള അവസരമൊരുക്കുകയെന്നത് സാംസ്കാരിക കേരളത്തിന്റെ കടമയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.