24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 10, 2025
March 29, 2025
March 21, 2025
March 15, 2025
March 3, 2025
March 3, 2025
March 2, 2025
February 10, 2025
January 12, 2025
January 11, 2025

‘കാതലു‘ള്ള കഥാപാത്രങ്ങളുമായി കാതലെത്തുമ്പോള്‍…

രാജഗോപാല്‍ എസ് ആര്‍ 
November 23, 2023 3:23 pm

ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച് മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തിലെത്തുന്ന സിനിമ ചര്‍ച്ചയായി തുടങ്ങിട്ട് കുറച്ചുകാലമായി. കാതല്‍ എന്നാല്‍ പ്രണയം എന്ന രീതിയില്‍ വ്യാഖ്യാനിച്ച് ഒരു പ്രണയകഥയായിരിക്കുമെന്ന രീതിയിലായിരുന്നു ആദ്യകാല ചര്‍ച്ച. the core എന്ന ടാഗ് ലൈനിലൂടെ പ്രണയത്തിനപ്പുറം ഉള്‍ക്കാമ്പുള്ള (കാതലുള്ള) ജീവിതകഥയാണ് കാതല്‍ ചര്‍ച്ച ചെയ്യുന്നതെന്ന് പിന്നീട് വ്യക്തമായിരുന്നു. മമ്മൂട്ടി അവതരിപ്പിക്കുന്നത് സ്വവര്‍ഗാനുരാഗിയായ മാത്യൂസ് എന്ന കഥാപാത്രത്തെയാണെന്നുള്ള രീതിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണമഴിച്ചുവിട്ടതോടെ നീണ്ട അഭിനയകാലത്തിനിടയ്ക്ക് മമ്മൂട്ടി എടുത്തണിയാത്ത ഏറെ വ്യത്യസ്തമായ ഒരു വേഷമായിരിക്കും കാതലിലേതെന്ന് പ്രേക്ഷകര്‍ക്ക് ഉറപ്പായിരുന്നു. കഥാപരിസരം കൊണ്ടും കഥാപാത്ര നിര്‍മ്മിതികൊണ്ടും സാധാരണ പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ ഒരു കാഴ്ചാനുഭവമാണ് കാതല്‍ സമ്മാനിക്കുന്നത്. 

തീക്കോയി പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മാത്യൂസ് മത്സരിക്കാന്‍ തീരുമാനിക്കുന്നിടത്താണ് കഥയാരംഭിക്കുന്നത്. സിനിമ കാണുന്ന പ്രേക്ഷകരുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയുമൊക്കെ മുന്നില്‍ മാതൃകാ ദമ്പതികളായ മാത്യൂസിന്റെയും ഓമനയുടെയും ജീവിതത്തിലെ പ്രശ്നങ്ങള്‍ പുറത്തുവരുന്നത് മാത്യൂസിനെതിരെ ഓമന നല്‍കുന്ന ഡൈവേഴ്സ് പെറ്റീഷനെ തുടര്‍ന്നാണ്. തന്റെ സ്ത്രീത്വത്തെ മാനിക്കാതെ മാത്യൂസിന് അയാളുടെ പുരുഷ സുഹൃത്തുമായുള്ള സ്വവര്‍ഗാനുരാഗമാണ് ഡൈവേഴ്സിനുള്ള കാരണമായി ഓമന അവതരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായ മാത്യൂസിന് വ്യക്തിജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഈ വിഷയം സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് തുടര്‍ന്ന് സിനിമ ചര്‍ച്ച ചെയ്യുന്നത്. 

നാല്‍പ്പത്തഞ്ചുവര്‍ഷത്തോളമടുക്കുന്ന മമ്മൂട്ടിയുടെ അഭിനയജീവിതത്തില്‍ ഇതുവരെ കൈകാര്യം ചെയ്യാത്ത കഥാപാത്രമാണ് മാത്യൂസിന്റേത്. പൊതുജീവിതത്തില്‍ ഇത്തരം കഥാപാത്രങ്ങള്‍ കുറവായതുകൊണ്ടോ ബാഹ്യജീവിതത്തില്‍ സാധാരണമനുഷ്യരെ പോലെ പെരുമാറുന്നതുകൊണ്ടും മാത്യൂസിന്റെ പരുങ്ങല്‍ ഉള്‍പ്പെടെയുള്ള വികാരങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ മമ്മൂട്ടിക്കായിട്ടുണ്ട്. സ്വന്തം സ്വത്വം മനസ്സിലാക്കി ജീവിക്കാന്‍ മാത്യൂസിനെ പ്രേരിപ്പിക്കുകയാണ് ഒരു പക്ഷേ ഭാര്യയായ ഓമന ഡൈവേഴ്സ് പെറ്റിഷന്‍ നല്‍കുന്നതിലൂടെ ചെയ്യുന്നത്. ജിയോ ബേബിയെന്ന സംവിധായകനും മമ്മൂട്ടിയെന്ന നിര്‍മ്മാതാവും തന്നിലേല്‍പ്പിച്ച വിശ്വാസം വലിയ പ്രശ്നങ്ങളൊന്നുമില്ലാത്ത വെള്ളിത്തിരയിലെത്തിക്കാന്‍ ഓമനയായെത്തിയ ജ്യോതികയ്ക്കായി. ഇന്ത്യന്‍ സിനിമകളില്‍ ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ക്ക് പൂര്‍വ്വഉദാഹരണങ്ങളില്ല. ടോമിയായെത്തിയ ജോജി ജോണ്‍, തങ്കനായെത്തിയ സുധീ കോഴിക്കോട്, ഫെമിയായെത്തിയ അനഖ മായാ രവി, അഡ്വ. അമീറയായെത്തിയ മുത്തുമണി, അഡ്വ. സജിതയായെത്തിയ ചിന്നു ചാന്ദിനി, ദേവസ്യയായെത്തിയ പി.എസ്. പണിക്കര്‍ കുട്ടായി ആയെത്തിയ അലക്സ് അലിസ്റ്റര്‍ എന്നിവരെല്ലാം തങ്ങളുടെ കൈയ്യില്‍ കിട്ടിയ കാമ്പുള്ള കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിക്കുന്നതില്‍ വിജയിച്ചു. തീരെ ചെറുതല്ലാത്ത വേഷത്തില്‍ ഈയിടെ അന്തരിച്ച കലാഭവന്‍ ഹനീഫയെയും കാതലില്‍ കാണാനായി. 

ആദര്‍ശ് സുകുമാരനും പോള്‍ സക്കറിയയുമാണ് കാതലിന്റെ രചനയ്ക്ക് പന്നില്‍. ക്യാമറ സാലു കെ തോമസ്, എഡിറ്റിംഗ്: ഫ്രാന്‍സിസ് ലൂയിസ്. സംഗീതം: മാത്യു പുളിക്കന്‍. 2018 ലെ ഉഭയസമ്മതത്തോടെയുള്ള സ്വവർഗാനുരാഗം ക്രിമിനൽ കുറ്റമല്ലെന്ന കോടതിവിധി സ്വവര്‍ഗാനുരാഗികള്‍ക്ക് സ്വന്തം ഇഷ്ടം തെരഞ്ഞെടുത്ത് ജീവിക്കുവാന്‍ വലിയ പ്രതീക്ഷയാണ് നല്‍കിയത്. കുടുംബത്തിന്റെ കെട്ടുപാടുകളില്‍ കുടുങ്ങി മാതൃകാ ദമ്പതികളായി അഭിനയിക്കുന്നവര്‍ക്ക് സ്വന്തം സ്വത്വം തിരിച്ചറിയാന്‍ ഈ വിധി സഹായകയമായെന്നാണ് കാതല്‍ പറഞ്ഞുവയ്ക്കുന്നത്.

Eng­lish Summary:kaathal the ‘core’ mam­moot­ty film review 

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.