9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

August 16, 2023
August 9, 2023
August 2, 2023
May 26, 2023
May 1, 2022
April 24, 2022
April 23, 2022
April 9, 2022
March 30, 2022
March 30, 2022

കെഎഎൽ ആറ് മാസത്തിനകം ഇലക്ട്രിക് സ്കൂട്ടർ നിരത്തിലിറക്കും

Janayugom Webdesk
തിരുവനന്തപുരം
August 2, 2023 10:38 pm

സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽ ലിമിറ്റഡിന്റെ(കെഎഎൽ) നേതൃത്വത്തിൽ ആറു മാസത്തിനകം ഇലക്ട്രിക് സ്കൂട്ടറുകൾ നിരത്തിലിറക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കെഎഎൽ, മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഹന നിർമ്മാണക്കമ്പനി ലോഡ്സ് മാർക് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് മട്ടന്നൂർ കിൻഫ്ര പാർക്കിൽ ആരംഭിക്കുന്ന ഇലക്ട്രിക് ടൂവീലർ നിർമ്മാണ യൂണിറ്റിന്റെ കരാർ ഒപ്പുവയ്ക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കെഎഎല്ലിൽ നിന്ന് പുറത്തിറക്കിയ ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആദ്യ ഘട്ടത്തിൽ നിരത്തിലിറങ്ങിയ ഓട്ടോറിക്ഷകളുമായി ബന്ധപ്പെട്ടുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങൾക്ക് പരിഹാരമായിക്കഴിഞ്ഞു. ഇലക്ട്രിക് ഓട്ടോറിക്ഷകൾക്കായി വയനാട്ടിലും കണ്ണൂരിലും രണ്ടു സർവീസ് സെന്ററുകൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ വയനാട്ടിലെ സർവീസ് സെന്റർ തുടങ്ങി. ഡീലർഷിപ്പിനൊപ്പം സർവീസിനുള്ള സൗകര്യവും ഒരുക്കാനുള്ള നടപടികൾ ആലോചിച്ചുവരികയാണ്. ഓട്ടോറിക്ഷകൾക്കായി നേപ്പാളിൽ നിന്ന് വീണ്ടും ഓർഡറുകൾ വരുന്നുണ്ട്. കെഎഎൽ ഓട്ടോകൾക്ക് രാജ്യത്താകെ മികച്ച ഡിമാൻഡ് ഇപ്പോഴുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മട്ടന്നൂർ കിൻഫ്ര പാർക്കിലെ രണ്ട് ഏക്കർ സ്ഥലത്താണ് പുതിയ ടൂവീലർ നിർമ്മാണ പ്ലാന്റ് വരുന്നത്. സംയുക്ത സംരംഭത്തിന് 4,64,97,000 രൂപയാണ് അംഗീകൃത മൂലധനമായി നിജപ്പെടുത്തിയിരിക്കുന്നത്. സംയുക്ത സംരംഭത്തിൽ 26 ശതമാനം ഓഹരി കെഎഎല്ലിനും ബാക്കി ലോഡ്സ് മാർക് ഇൻഡസ്ട്രീസിനുമാണ്. സംരംഭം വഴി 200 പേർക്ക് നേരിട്ടും നിരവധി പേർക്ക് പരോക്ഷമായും തൊഴിൽ സൃഷ്ടിക്കപ്പെടും. മന്ത്രിയുടെ സാന്നിധ്യത്തിൽ കെഎഎൽ മാനേജിങ് ഡയറക്ടർ പി വി ശശീന്ദ്രനും ലാൻഡ് മാർക്ക് ഇൻഡസ്ട്രീസ് ഡയറക്ടർ സുനിൽ കർഗൂൺകരും പദ്ധതിയുടെ കരാർ പത്രം കൈമാറി. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കെ ആൻസലൻ എംഎൽഎ, കെഎഎൽ ചെയർമാൻ പുല്ലുവിള സ്റ്റാൻലി, പബ്ലിക് സെക്ടർ റീസ്ട്രക്ചറിങ് ആന്റ് ഇന്റേണൽ ഓഡിറ്റ് ബോർഡ് ചെയർമാൻ ഡോ. ആർ അശോക്, ലോഡ്സ് ഇൻഡസ്ട്രീസ് ഡയറക്ടർ വിനോദ് തിവാരി തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Sum­ma­ry; KAL will launch the elec­tric scoot­er with­in six months

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.