5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

April 23, 2024
December 7, 2023
November 17, 2023
November 11, 2023
November 4, 2023
November 2, 2023
November 1, 2023
November 1, 2023
October 31, 2023
October 31, 2023

കളമശേരി സംഭവം വിദ്വേഷ പ്രചാരകരെ തിരിച്ചറിയണം

ടി ടി ജിസ് മോന്‍ ( എഐവെെഎഫ് സംസ്ഥാന സെക്രട്ടറി)
November 2, 2023 4:45 am

കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ നടന്ന സ്ഫോടനം മനുഷ്യത്വ രഹിതവും അക്ഷരാർത്ഥത്തിൽ കേരള മനഃസാക്ഷിയെ ഒന്നടങ്കം ഞെട്ടിക്കുന്നതുമാണ്. ‘യഹോവയുടെ സാക്ഷികൾ’ എന്ന വിഭാഗത്തിന്റെ ആചാരാനുഷ്ഠാനങ്ങളോടും അവരുടെ വിശ്വാസ പ്രമാണങ്ങളോടുമുള്ള നീരസവും വിയോജിപ്പുകളും മുൻ അനുയായിയെന്നവകാശപ്പെടുന്ന ഒരു വ്യക്തിയിൽ സൃഷ്ടിച്ച പ്രതികരണത്തിന്റെ പ്രത്യാഘാതത്തിൽ നടുങ്ങുകയാണിന്ന് കേരളം. വിവിധ ജാതി മത വിഭാഗങ്ങൾക്ക് ജനാധിപത്യ സംവിധാനത്തിൽ അവരുടേതായ വിശ്വാസ പ്രമാണങ്ങൾ മുറുകെപിടിക്കുന്നതിനും പാലിക്കുന്നതിനും പിന്തുടരുന്നതിനുമുള്ള ഉത്തമ സാമൂഹ്യ സാഹചര്യങ്ങളും മത നിരപേക്ഷ പാരമ്പര്യങ്ങളുമുണ്ട്. ഇക്കാര്യത്തിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയുമാണ്. പക്ഷെ അത്യന്തം ദൗർഭാഗ്യകരവും ഒറ്റപ്പെട്ടതുമായ സംഭവത്തെ വഴി തിരിച്ചുവിട്ട് അപമാനിക്കുവാനും കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ അപകീർത്തിപ്പെടുത്തുവാനുമുള്ള സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്ന് പുറത്തുവരുന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. യഹോവ സാക്ഷികളുടെ ആരാധനാ സമ്മേളനത്തിനിടെ ഉണ്ടായ അത്യന്തം ദാരുണമായ സംഭവത്തെ സംബന്ധിച്ചുള്ള വാർത്ത പുറത്തുവന്നത് മുതൽ ഊഹാപോഹങ്ങളും വ്യാജ വാർത്തകളും സൃഷ്ടിച്ചു കൊണ്ട് ഒരു പ്രത്യേക സമുദായത്തെ ഒന്നടങ്കം പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടുള്ള ചർച്ചകളും സംവാദങ്ങളുമാണ് പലയിടങ്ങളിലും അരങ്ങേറിയത്. മുസ്ലിം തീവ്രവാദം കേരളത്തിൽ ശക്തിപ്പെട്ടിരിക്കുകയാണെന്നും ഇസ്രയേൽ ഹമാസ് യുദ്ധ പശ്ചാത്തലത്തിൽ ജൂതന്മാരുമായി ബന്ധമുള്ള സംഘടനയാണ് ‘യഹോവ സാക്ഷികൾ’ എന്ന് തെറ്റിദ്ധരിച്ച് നടത്തിയ തീവ്രവാദികളുടെ ആസൂത്രിതമായ ആക്രമണമാണ് കളമശേരിയിൽ നടന്നതെന്നും തുടങ്ങി വ്യാജാരോപണങ്ങൾ വ്യാപകമായി പടച്ചു വിടുന്നതിൽ വ്യാപൃതരായിരുന്നു സംഘ്പരിവാർ കേന്ദ്രങ്ങളും അവരുടെ കൂട്ടാളികളും.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രീണന രാഷ്ട്രീയത്തിന്റെ വ്യക്തമായ ഉദാഹരണം കൂടിയാണ് കളമശേരിയിൽ കണ്ടതെന്നും തീവ്രവാദികളായ ഹമാസിന്റെ ജിഹാദിന് വേണ്ടിയുള്ള തുറന്ന ആഹ്വാനങ്ങൾ ക്രിസ്ത്യാനികൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കും ബോംബ് സ്ഫോടനങ്ങൾക്കും കാരണമാകുകയാണ് എന്നിങ്ങനെ പോയി കുപ്രചരണങ്ങള്‍. ഇതെല്ലാം നടക്കുമ്പോൾ മുഖ്യമന്ത്രി ഡൽഹിയിൽ ഇസ്രയേലിനെതിരെ പ്രതിഷേധിക്കുകയായിരുന്നു. ഇത്തരം അത്യന്തം അബദ്ധജടിലവും പ്രകോപനപരവും ഭരണഘടനാവിരുദ്ധവും വിഷലിപ്തവുമായ പരാമർശങ്ങളിലൂടെ നാട്ടിൽ കലാപവും വിദ്വേഷവും സൃഷ്ടിക്കുവാനുള്ള കുല്‍സിത ശ്രമങ്ങൾക്ക് നേതൃത്വം കൊടുത്ത് സംസ്ഥാനത്ത് വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങൾക്ക് എരിവ് പകർന്നത് ക്യാബിനറ്റ് പദവിയുള്ള കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറായിരുന്നു എന്നത് രാജ്യത്തിന്നാകമാനം അപമാനമാണ്. ബിജെപി നേതാവ് സന്ദീപ് വാര്യരും സമാന രീതിയിൽ ധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പെന്ന പതിവ് സംഘ്പരിവാർ അജണ്ടയുമായി രംഗത്ത് വന്നു. ആക്രമിക്കപ്പെട്ട യഹോവ സാക്ഷികളും ജൂതന്മാരും ഒരേ ദൈവിക വിശ്വാസത്തെ പിൻ പറ്റുന്നവരാണെന്നും കളമശേരിയിലെ ആക്രമണത്തിന്റെ ഉത്തരവാദികൾ കേരള സർക്കാരും ഹമാസ് ഭീകരതയെ ന്യായീകരിക്കുന്നവരുമാണ് എന്ന് തുടങ്ങി അദ്ദേഹത്തിന്റെ ജല്പനങ്ങൾ. സമൂഹത്തിൽ വർഗീയ കലാപങ്ങൾ സൃഷ്ടിക്കുന്നതിനും ഇസ്ലാം മത വിശ്വാസികളെ തീവ്രവാദികളാക്കി ചിത്രീകരിക്കുന്നതിനുമായുള്ള ഗൂഢ രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിയുള്ള നെറികെട്ട പ്രസ്താവനയിൽ മാപ്പ് പറയുവാൻ സന്ദീപ് വാര്യർ അടക്കമുള്ളവർ തയ്യാറായതുമില്ല. ഫേസ് ബുക്ക് പോസ്റ്റ് പിൻവലിച്ചു എന്നല്ലാതെ വാർത്തയുടെ സത്യാവസ്ഥ വന്നതിന് ശേഷവും ഖേദം പ്രകടിപ്പിക്കുവാനോ തെറ്റുതിരുത്താനോ ഇവർ തുനിഞ്ഞതുമില്ല.


ഇതുകൂടി വായിക്കൂ:സര്‍വകക്ഷി യോഗം വിദ്വേഷ രാഷ്ട്രീയത്തിനുള്ള മറുപടി


കളമശേരി ബോംബ് സ്ഫോടനത്തിനെ ഇസ്രയേൽ ഹമാസ് പ്രശ്നവുമായി ബന്ധിപ്പിച്ചുള്ള ചർച്ചകളിൽ സായൂജ്യമടയാനായിരുന്നു മിക്ക ഓൺലൈൻ ചാനലുകളും ശ്രമിച്ചതും. പലസ്തീനിൽ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന അത്യന്തം മനുഷ്യത്വ രഹിതവും കിരാതവുമായ നര നായാട്ടിനെതിരെ കേരളത്തിലാകമാനം ഉയർന്നു വരുന്ന മനുഷ്യസ്നേഹികളുടെയും സാമ്രാജ്യത്വ വിരുദ്ധരുടെയും സമാനതകളില്ലാത്ത പ്രതിഷേധങ്ങളെ അസ്ഥിരപ്പെടുത്താനുള്ള സംഘ്പരിവാർ ഹിഡൻ അജണ്ട കൂടിയാണ് സംഭവത്തിനൊപ്പം മറ നീക്കി പുറത്തുവന്നത്. സ്ഫോടനവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ ഒരു വ്യക്തിയെ സംശയം തോന്നി ചോദ്യം ചെയ്തെന്ന് പ്രചരിപ്പിച്ച് ആരോപിക്കപ്പെട്ട വ്യക്തിയുടെ ചിത്രം ഉൾപ്പെടെ നൽകി വിഷയത്തെ വർഗീയവല്‍ക്കരിക്കാനുള്ള അത്യന്തം ഹീനമായ നടപടികളും ദേശീയ മാധ്യമങ്ങളിൽ നിന്നടക്കം പ്രകടമായി. ഏത് തരത്തിലുള്ള ഭീകരവാദവും തീവ്ര ചിന്താതിയും ചെറുക്കപ്പെടേണ്ടത് തന്നെയാണ്. എന്നാൽ ഭീകരവാദത്തെ മുൻ ധാരണയോട് കൂടി വിലയിരുത്തിയും ഭീകര വാദമെന്നത് ഒരു മതത്തിനോട് മാത്രം ബന്ധപ്പെടുത്തിയും പ്രസ്തുത മതനാമധാരികളിൽ മാത്രം ഭീകര പശ്ചാത്തലങ്ങൾ ആരോപിച്ചും കൊണ്ടുള്ള പ്രവണതകളെ ചെറുത്ത് തോല്പിക്കുക തന്നെ വേണം. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട പ്രകോപനപരവും മതസ്പർധ സൃഷ്ടിക്കുന്നതുമായ നൂറ് കണക്കിന് പോസ്റ്റുകൾ സൈബർ പൊലീസ് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിന്റെ മതേതര സംസ്കാരത്തോട് അസ്വസ്ഥപ്പെടുകയും കേരളീയ പൊതുസാമൂഹ്യ സാഹചര്യങ്ങളിൽ അസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയ്ത് കൊണ്ടുള്ള സമീപനങ്ങൾ ഈയടുത്ത കാലങ്ങളിൽ നിരന്തരം വർധിച്ചു വരുന്നത് ആശങ്കയുളവാക്കുന്നു. ആക്രമണങ്ങളോ സംഘർഷങ്ങളോ ഉടലെടുക്കുമ്പോൾ പ്രസ്തുത സംഭവങ്ങളെ ഉപയോഗിച്ച് ധ്രുവീകരണം സൃഷ്ടിച്ചുള്ള രാഷ്ട്രീയ മുതലെടുപ്പാണ് നടന്നു കൊണ്ടിരിക്കുന്നത്. വ്യത്യസ്ത മതവിഭാഗങ്ങൾ സൗഹാർദപരമായി ജീവിക്കുന്നിടത്ത് വർഗീയ ചേരിതിരിവ് സൃഷ്ടിച്ചുള്ള പ്രവണതകളെയും ദുരന്തങ്ങളുടെ മറവിലുള്ള രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളും കേരള ജനത തിരിച്ചറിയും. കളമശേരി സ്ഫോടനത്തെ സംബന്ധിച്ചുള്ള സമഗ്രാന്വേഷണം സർക്കാർ ആരംഭിച്ചിട്ടുണ്ട്. കുറ്റവാളികൾ ആരായിരുന്നാലും അവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ ഇച്ഛാശക്തിയുള്ള സർക്കാരാണ് കേരളം ഭരിക്കുന്നത്. മത നിരപേക്ഷതയെ തകർത്ത് സംസ്ഥാനത്ത് വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് കേരളത്തിന്റെ സമാധാനവും സൗഹാർദവും തകർക്കാനുള്ള ഏതൊരു ശ്രമത്തെയും എഐവൈഎഫ് ഉൾപ്പെടെയുള്ള പുരോഗമന പ്രസ്ഥാനങ്ങൾ ചെറുത്തുതോല്പിക്കും!

TOP NEWS

November 5, 2024
November 5, 2024
November 4, 2024
November 4, 2024
November 3, 2024
November 3, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.