23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024

കളമശ്ശേരി സ്ഫോടനം; മരണം രണ്ടായി

പരിക്കേറ്റ് ചികിത്സയിലായിരുന്ന 53കാരിയാണ് മരിച്ചത്
Janayugom Webdesk
കളമശേരി
October 29, 2023 8:04 pm

കളമശേരി ബോംബ് സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 53കാരി മരിച്ചു. തൊടുപുഴ സ്വദേശി കുമാരിയാണ് മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരി മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.  ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.

ഇന്ന് രാവിലെ 9.35ന് കളമശ്ശേരി എച്ച്എംടി എസ്റ്റേറ്റിലുള്ള സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു സംഭവം. ആദ്യം മരിച്ച സ്ത്രീയെ രാത്രി വൈകിയും തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ ശരീരം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണ്. സംഭവത്തില്‍ കൊച്ചി തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിനെ (48) പൊലീസ് അറസ്റ്റ് ചെയ്തു.

കൃത്യം നടത്തിയ ശേഷം മുങ്ങിയ പ്രതി ഉച്ചയ്ക്ക് രണ്ടു മണിയോടെ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇയാള്‍ തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിച്ച പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി കളമശ്ശേരിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാള്‍ക്കെതിരെ യുഎപിഎ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി. സംഭവമറിഞ്ഞയുടന്‍ ഡിജിപി ഷേയ്ക്ക് ദര്‍വേഷ് സാഹിബ്,എഡിജിപി എംആര്‍ അജിത്ത് കുമാര്‍ എന്നിവരടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

റിമോട്ട് കൺട്രോളറിൽ ബോംബ് ഓപ്പറേറ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഇയാൾ പൊലീസിന് കൈമാറി. സംഭവത്തിന് ശേഷം ഇയാള്‍ നടത്തിയ ഫേസ്ബുക്ക് ലൈവിന്റെ വീഡിയോയും പൊലീസിന് ലഭിച്ചു. യഹോവ സാക്ഷികളോടുള്ള അഭിപ്രായ വ്യത്യാസമാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് മാർട്ടിൻ പൊലീസിന് മൊഴി നൽകി. മാർട്ടിന്റെ കുറ്റസമ്മതം വന്നതോടെ ബോംബ് സ്ഫോടനത്തിന് പിന്നിൽ തീവ്രവാദ സാധ്യതകളാണെന്ന അഭ്യൂഹങ്ങൾക്കും അവസാനമായി. പരിക്കേറ്റ 17 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. 12 വയസുള്ള പെൺകുട്ടി ഉൾപ്പെടെ അഞ്ച് പേരുടെ നിലയാണ് അതീവഗുരുതരമായി തുടരുന്നത്. മരിച്ച കുമാരിയും കുടുംബവും കാളിയാർ കോയാംപടിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സമ്മേളനത്തിൽ മൂന്ന് ദിവസവും പങ്കെടുത്തിരുന്നു. തീവ്രവാദ അക്രമണ സാധ്യത കണക്കിലെടുത്ത് എൻഐഎ, എൻഎസ്ജി തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളും സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ ഡിജിപി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. ആക്രമണത്തെ തുടർന്ന് സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചും ആളുകൾ കൂട്ടമായി എത്തുന്ന സ്ഥലങ്ങളിലും അടക്കം പരിശോധന നടത്തി. മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്, വീണാ ജോര്‍ജ്, വി എൻ വാസവൻ, ആന്റണി രാജു, പി രാജീവ് തുടങ്ങിയവർ സ്ഫോടന സ്ഥലത്തും പരിക്കേറ്റവര്‍ ചികിത്സയിലുള്ള ആശുപത്രികളിലുമെത്തി.

ടിഫിൻ ബോക്സ് ബോംബ്

ടിഫിൻ ബോക്സ് ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ കണ്ടെത്തിയിരുന്നു. സംഭവ സ്ഥലത്ത് നിന്ന് ഐഇഡിയുടെ സാന്നിധ്യം (ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. വെള്ളിയാഴ്ചയാണ് യഹോവസാക്ഷികളുടെ മേഖല കൺവെൻഷന് സാമ്ര ഇന്റർനാ‌ഷ‌ണൽ കൺവെൻഷൻ സെന്ററിൽ തുടക്കമായത്. എറണാകുളം ജില്ലയിലെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ സ്ത്രീകളും കുട്ടികളും അടങ്ങിയ വലിയ സംഘമാണ് കൺവെൻഷനിൽ പങ്കെടുത്തുവന്നത്. സമാപനദിനമായ ഇന്നലെ രാവിലെ 9.20ന് പ്രാർത്ഥനയോടെയാണ് തുടങ്ങിയത്. പിന്നാലെ 9.35 ഓടെ ഹാളിന്റെ മധ്യഭാഗത്ത് ശബ്ദസംവിധാന നിയന്ത്രണ യന്ത്രങ്ങൾ സ്ഥാപിച്ചതിന് സമീപത്തായി വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറികളുണ്ടാവുകയായിരുന്നു.

 

മൂന്ന് സ്ഫോടനങ്ങള്‍

മൂന്ന് തവണയാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. തുടര്‍ന്ന് വലിയ തീപിടിത്തവുമുണ്ടായി. ഹാളിന്റെ മധ്യഭാഗത്തായി സ്ഫോടനം നടന്നതിന് ചുറ്റുമായിരുന്നവർക്കാണ് പൊള്ളലേറ്റത്. പൊട്ടിത്തെറികൾക്ക് പിന്നാലെ ഹാളിലുണ്ടായിരുന്നവർ അതിവേഗത്തിൽ പുറത്തേക്ക് ഓടുകയും ചെയ്തു. ഈ വെപ്രാളത്തിൽ നിലത്ത് വീണും ചിലർക്ക് പരിക്കേറ്റു. ഹാളിന് പുറത്തെ റോഡിലെത്തി മിനിറ്റുകൾക്ക് ശേഷമാണ് പലർക്കും സ്ഫോടനമാണ് നടന്നതെന്ന് ബോധ്യമാകുന്നത്. പ്രദേശവാസികൾ വിളിച്ചറിയിച്ചതിനെ തുടർന്ന് കളമശേരി, തൃക്കാക്കര കേന്ദ്രങ്ങളിലെ അഗ്നിസുരക്ഷാ സേന എത്തിയാണ് തീ അണച്ചത്.

 

Eng­lish Sum­ma­ry: Kala­massery blast; two Death reported
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.