24 December 2024, Tuesday
KSFE Galaxy Chits Banner 2

കാലത്തിന്റെ കണ്ണാടി

ഡോ. മുഞ്ഞിനാട് പത്മകുമാർ
പുസ്തകാസ്വാദനം
August 9, 2022 6:07 pm

കണ്ണുതുറന്നു നോക്കിയാൽ എങ്ങും കഥാവിഷയങ്ങളാണ്. ആ സംഭവങ്ങളെ പൂർവ്വാധികം സ്പഷ്ടമായി, മുഴങ്ങുന്ന ശബ്ദമായി കാരൂർ സോമൻ ‘കാലത്തിന്റെ കണ്ണാടി’ എന്ന കഥാസമാഹാരത്തിൽ പ്രതിപാദിച്ചിരിക്കുന്നു. ഇതിലെ മിക്കകഥകളും കേരളത്തിലെ ഓണപതിപ്പുകള്‍, പത്ര മാസികകള്‍ കേരള കൗമുദി, ദീപിക, മലയാള മനോരമ ആഴ്ചപ്പതിപ്പ്, മനോരമ ഓൺലൈൻ, വീക്ഷണം, ജന്മഭൂമി, കേരള ഭൂഷണം, കവി മൊഴി, ഗൾഫിലെ മലയാളം ന്യൂസിൽ വന്നിട്ടുള്ളതാണ്.
കാരൂർ സോമന്റെ കഥകൾ മൗലീകത്തികവാർന്ന അനുഭവസത്തയിൽ നിന്ന് പ്രഭാവം കൊള്ളുന്ന ഒന്നാണ്. അതിനു ഭാവനയുടെയും ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും ലാവണ്യയുക്തിയിൽ അധിഷ്ഠിതമായൊരു സ്വയാർജ്ജിത വ്യക്തിത്വം ഉണ്ട്. അത് യാഥാർത്ഥ്യത്തെ നിഷേധിക്കാതെതന്നെ ഭാവനയിലൊരു രാജമാർഗ്ഗം സൃഷ്ടിച്ചെടുക്കുന്നു. അതിന്റെ സൃഷ്ടിപരതിയിൽ നിന്നാണ് കാരൂർ തന്റെ കതിർക്കനമുള്ള രചനകളെ വാർത്തെടുക്കുന്നത്. അതിനു സാത്വികമായൊരു പ്രശാന്തി വലയം ഉണ്ട്. അത് പലപ്പോഴും നന്മതിന്മകളുടെ അകം പൊരുളിൽ നിന്ന് ഉരവം കൊള്ളുന്ന സംഘടിതമായ സാമൂഹിക ബോധമാണ്. അതിൽ തന്നെ വേഷം, കുടുംബം, വർഗ്ഗം തുടങ്ങി ജീവിതത്തിന്റെ നൈരന്തര്യങ്ങളിലേക്ക് ഒഴുകിപ്പരക്കുന്നൊരു ആത്മവക്തകൂടിയുണ്ട്. അതിൽ തന്നെ ബഹുമുഖിയായ ജീവിതചലനങ്ങളെ പൂർണ്ണമായ അർത്ഥത്തിൽ കൃതിയുടെ ആത്മഭാവമാക്കിത്തീർക്കാനുതകുന്ന കലാകൗശലം കാരൂർ തന്റെ ആദ്യകാല കൃതികൾ മുതലേ സ്വായത്തമാക്കിത്തീർത്തിട്ടുണ്ട്. അതിന്റെ തുടർച്ചകളിൽ നിന്നാണ് കാരൂരിന്റെ കല സമാരംഭിക്കുന്നത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ കാരൂർ രചനകൾ സ്വതന്ത്രലീലകളാണ്.
ആത്മാവിന്റെ സ്വാതന്ത്ര്യം, മനുഷ്യന്റെ ഇച്ഛകൾ, മനസ്സിന്റെ നിമ്‌നോന്നതങ്ങൾ, യുക്തിയുടെ നിലപാടുകൾ, വൈരുദ്ധ്യങ്ങളുടെ സങ്കലനം തുടങ്ങി ക്രിയാത്മകമായൊരു സർഗ്ഗാത്മക ധരണി തന്നെ കാരൂർ തന്റെ കൃതികളിലൂടെ രൂപപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതെല്ലാം ജീവിതത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കാതെതന്നെ അനുഭവ പീഡയെ സൗഖ്യപ്പെടുത്തിക്കൊണ്ട് മുന്നേറുന്ന കാഴ്ച ആരെയും അത്ഭുതപര തന്ത്രരാക്കും. അത് ഭാവനയുടെയും ഭാഷയുടെയും ഒരു മാജിക്കാണ്. അഡ്രിയാനി റിച്ച് പറഞ്ഞതുപോലെ ഭാഷയുടെ ശക്തിഭാവങ്ങളെ കരുത്തിന്റെ തീക്ഷ്ണ വ്യക്തിത്വം കൊണ്ട് സൗന്ദര്യവൽക്കരിക്കുകയാണിവിടെ. ഇവിടെ കാരൂർ സോമന്റെ ഭാവനയും ഭാഷയും ഒന്നായി ഒഴുകിപ്പരക്കുന്നത് കാണാം. അതിൽനിന്ന് പുതിയൊരു മനുഷ്യഭാഷ തന്നെ രൂപം കൊള്ളുന്നുണ്ട്. അത് നോവലുകളിൽ മാത്രമല്ല കാരൂരിന്റെ കഥകളിൽ പോലും അതിന്റെ സുദൃഢമായ സാന്നിധ്യം കണ്ടെത്താനാകും.
‘കാലത്തിന്റെ കണ്ണാടിയിലെ’ കഥകളിലെ നവാർത്ഥനങ്ങൾ ശ്രദ്ധിക്കേണ്ട ഒന്നാണ്. അതിലെ കഥകൾ ജീവിതത്തിലേക്ക് ഒഴുകിപ്പരക്കുന്ന സൃഷ്ടിപരതയുടെ പുതിയ വാഗ്മയങ്ങളാണ്. അതിൽ പാരമ്പര്യവും അപാരമ്പര്യവുമുണ്ട്. ഒരുപോലെ ജാഗരം കൊണ്ടിരിക്കുന്നു. ഇത്തരം സമന്വയബോധത്തിൽ നിന്നാണ് സ്‌നേഹത്തിന്റെ സംസ്‌ക്കാരം രൂപം കൊള്ളുന്നതെന്ന് കാരൂർ സോമന്റെ‘കാട്ടുകോഴികൾ, കരിന്തിരി വിളക്ക്, കാട്ടുമൃഗങ്ങൾ’ തുടങ്ങിയ കഥാപുസ്തകങ്ങളിലും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ‘കാലത്തിന്റെ കണ്ണാടി’ പ്രഭാത് ബുക്ക്‌സിലും കെ.പി.ആമസോൺ ഇന്റർനാഷണൽ പബ്‌ളിക്കേഷനിലും ലഭ്യമാണ്.

You may like this video also

TOP NEWS

December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.