26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 25, 2025
April 24, 2025
April 23, 2025
April 21, 2025
April 20, 2025
April 20, 2025
April 20, 2025
April 18, 2025
April 13, 2025
April 12, 2025

കലവൂർ കൊലപാതകം: സുഭദ്രയുടെ ആഭരണങ്ങൾ ഉഡുപ്പിയില്‍ നിന്ന് കണ്ടെടുത്തു

Janayugom Webdesk
ആലപ്പുഴ
September 22, 2024 10:50 am

കലവൂരിൽ വയോധികയെ കൊന്ന്‌ കുഴിച്ചുമൂടിയ കേസിൽ പ്രതികൾ ഉഡുപ്പിയിലെ ജ്വല്ലറിയിൽ വിറ്റ സ്വർണാഭരണങ്ങൾ പൊലീസ്‌ കണ്ടെത്തി. ഒന്നാംപ്രതി എറണാകുളം മുണ്ടംവേലി വട്ടച്ചിറയിൽ ശർമിള (52), രണ്ടാംപ്രതി ആലപ്പുഴ മാരാരിക്കുളം പള്ളിപ്പറമ്പിൽ മാത്യൂസ് (35) എന്നിവരുമായി ഉഡുപ്പി ബസ്‌സ്റ്റാൻഡിന്‌ സമീപത്തെ ജ്വല്ലറിയിലെത്തിയാണ്‌ ആഭരണങ്ങൾ വീണ്ടെടുത്തത്. 

ഉടമയിൽനിന്നും ജീവനക്കാരിൽനിന്നും പൊലീസ്‌ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് ജീവനക്കാർ പ്രതികളെ തിരിച്ചറിഞ്ഞു. സുഭദ്രയിൽനിന്ന്‌ കവർന്ന വളയും കമ്മലും ഇവിടെ വിറ്റുവെന്ന്‌ പ്രതികൾ മൊഴി നൽകിയിരുന്നു. പ്രതികളെത്തിയ സുഹൃത്തുക്കളുടെ വീട്ടിലും ലോഡ്‌ജുകളിലും ശനിയാഴ്‌ചയും പൊലീസ്‌ തെളിവെടുപ്പ്‌ നടന്നു. തെളിവെടുപ്പ്‌ പൂർത്തിയാക്കി വൈകിട്ടോടെ പൊലീസ്‌ സംഘം നാട്ടിലേക്ക്‌ തിരിച്ചു.

ഇന്ന് ഉച്ചയ്ക്കുശേഷം സംഘം ആലപ്പുഴയിൽ മടങ്ങിയെത്തും. തെളിവെടുക്കേണ്ട സ്ഥലങ്ങളുടെയും കണ്ടെടുക്കേണ്ട തൊണ്ടി മുതലുകളുടെയും പട്ടിക തയ്യാറാക്കിയായിരുന്നു പൊലീസ്‌ സംഘം ഉഡുപ്പിയിലേക്ക്‌ തിരിച്ചത്‌. പ്രതികൾ ഒളിവിൽ കഴിഞ്ഞ എറണാകുളം തോപ്പുംപടിയിലും ആലപ്പുഴയിൽ അന്ധകാരനഴിയിലും സുഭദ്രയുടെ ഒരു വള വിറ്റ ആലപ്പുഴയിലെ ജ്വല്ലറിയിലും തെളിവെടുപ്പ്‌ ബാക്കിയുണ്ട്‌.

പ്രത്യേക അന്വേഷകസംഘത്തിന്റെ നേതൃത്വത്തിലാണ്‌ നടപടി. കടവന്ത്ര കരിത്തല റോഡ് ശിവകൃപയിൽ സുഭദ്രയെ (73) കൊന്നശേഷം കൈക്കലാക്കിയ സ്വർണാഭരണങ്ങൾ ഉഡുപ്പിയിലും ആലപ്പുഴയിലും ജ്വല്ലറികളിൽ വിറ്റതായി പ്രതികൾ മൊഴി നൽകിയത്. സ്വർണവും പണവും കവരുകയെന്ന ഉദ്ദേശ്യത്തോടെ കൊലപ്പെടുത്തിയെന്നാണ്‌ കേസ്‌.

കഴിഞ്ഞ പത്തിനാണ്‌ സുഭദ്രയുടെ മൃതദേഹം കണ്ടെത്തിയത്‌. എട്ടുദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച പ്രതികളുമായി 19നാണ്‌ പൊലീസ്‌ ഉഡുപ്പിയിലേക്ക്‌ തിരിച്ചത്‌. കൊലപാതകം നടന്ന കാട്ടൂർ കോർത്തുശേരിയിലെ വാടകവീട്ടിലും പൊലീസ്‌ തെളിവെടുത്തു. മാത്യൂസിന്റെ പിതൃസഹോദരന്റെ മകനും മൂന്നാംപ്രതിയുമായ മാരാരിക്കുളം കാട്ടൂർ പനേഴത്ത് റെയ്നോൾഡിനെ (61) പൊലീസ്‌ കസ്റ്റഡിയിൽ വാങ്ങിയേക്കും. ഇയാൾക്കെതിരെ ഗൂഢാലോചനക്കുറ്റമാണ്‌ ചുമത്തിയിരിക്കുന്നത്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.