9 December 2025, Tuesday

പിഎം ശ്രീയിലെ കാണാച്ചരടുകൾ

ഒ കെ ജയകൃഷ്ണന്‍
ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി
October 20, 2025 4:30 am

2020ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ദേശീയവിദ്യാഭ്യാസനയത്തിന്റെ പ്രചരണത്തിനും നടത്തിപ്പിനുമായി കേന്ദ്രമന്ത്രിസഭ അംഗീകരിച്ച പദ്ധതിയാണ് പിഎം ശ്രീ. ഇന്ത്യയിൽ നിലനിന്നിരുന്ന വിദ്യാഭ്യാസനയങ്ങളിൽ നിന്നും വ്യത്യസ്തമായി ഭരണഘടനാമൂല്യങ്ങളെ മാനിക്കാത്ത, മതനിരപേക്ഷതയും അക്കാദമികസങ്കല്പങ്ങളും നിരാകരിക്കുന്ന നയമാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്ന എതിർപ്പ് തുടക്കത്തിൽത്തന്നെ ഉയർന്നിരുന്നു. ബിജെപിയിതര സംസ്ഥാനസർക്കാരുകൾ എൻഇപിയിലെ നയങ്ങൾ അതേപടി നടപ്പാക്കില്ലെന്നും പ്രഖ്യാപിച്ചു. വർഗീയ അജണ്ടകൾ കുട്ടികളിൽ കുത്തിവയ്ക്കുന്ന നയം കേരളത്തിൽ നടപ്പാക്കില്ലെന്ന് ഇടതുമുന്നണി സർക്കാരും അർത്ഥശങ്കക്കിടയില്ലാതെ പ്രഖ്യാപിച്ചത് മതേതരകേരളത്തിന് അഭിമാനം പകർന്ന ഒന്നായിരുന്നു. ഇങ്ങനെ പ്രതിരോധം തീർക്കുന്ന സംസ്ഥാനങ്ങളെ വരുതിയിലാക്കാനുള്ള സംഘ്പരിവാർ ബുദ്ധിയുടെ ഉല്പന്നമാണ് പിഎം ശ്രീ എന്നത് വസ്തുതകൾ പരിശോധിച്ചാൽ മനസിലാകും. പദ്ധതിയുടെ ഒന്നാമത്തെ ലക്ഷ്യമായി ആമുഖത്തിൽത്തന്നെ വ്യക്തമാക്കുന്നത്, ഇതിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാലയങ്ങളിൽ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുമെന്നാണ്. രാജ്യത്തെ 14,500 സ്കൂളുകളിൽ അടിസ്ഥാനശേഷികൾ മെച്ചപ്പെടുത്താനും അക്കാദമിക പ്രവർത്തനങ്ങൾക്കുമായി 27,360 കോടി രൂപ ചെലവാക്കുമെന്നാണ് വാഗ്‌ദാനം.

അതായത് ഒരു ബ്ലോക്കിൽ രണ്ട് വിദ്യാലയങ്ങൾ വീതം. ഒരുസ്കൂളിന് ഒരു കോടി പത്തുലക്ഷം വരെ അഞ്ചുവർഷം കൊണ്ട് ലഭിച്ചേക്കും. 2023 മുതൽ 2027 വർഷത്തേക്കുള്ള പദ്ധതിയിൽ 60% തുക കേന്ദ്രവും 40% സംസ്ഥാനവുമാണ് വകയിരുത്തേണ്ടത്. കേരളത്തിൽ 150 വിദ്യാലയങ്ങളെ പദ്ധതിയില്‍ ഉൾപ്പെടുത്താനായിരുന്നു നീക്കം. അതിന്റെ മേൽനോട്ടം കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ പ്രൊജക്ടായ സമഗ്രശിക്ഷ കേരളയ്ക്കും നിശ്ചയിച്ചു. നയവ്യക്തതയും രാഷ്ട്രീയ നിലപാടുമുള്ള കേരളസർക്കാർ പദ്ധതി സ്വീകരിക്കേണ്ടതില്ലെന്നും കേന്ദ്രസർക്കാരിന് വേണ്ടി ആർഎസ്എസ് ഒരുക്കിയ കെണിയിൽപ്പെടേണ്ടെന്നും തുടക്കത്തിൽ തീരുമാനിച്ചു. കേരളം കോടിക്കണക്കിന് രൂപ ചെലവഴിച്ച് വിദ്യാഭ്യാസരംഗത്ത് സ്വന്തമായി ആർജിച്ചെടുത്ത അടിസ്ഥാന സൗകര്യങ്ങളുൾപ്പെടെയുള്ള മികവുകൾ ദേശീയവിദ്യാഭ്യാസനയം ബ്രാന്റ് ചെയ്യുന്നതിന് കാഴ്ചവയ്ക്കില്ല എന്നത് കേരളീയപൊതുസമൂഹം പൊതുവിൽ സ്വാഗതം ചെയ്തതാണ്. പിഎം ശ്രീ ഒപ്പുവച്ചാൽ, നടപ്പാക്കുന്ന വിദ്യാലയം എൻഇപി (ദേശീയ വിദ്യാഭ്യാസ നയം) അനുസരിച്ച് പാഠ്യപദ്ധതിയും കേന്ദ്ര പുസ്തകങ്ങളും പഠിപ്പിക്കണം. അതിന്റെ മേൽനോട്ടവും നിയന്ത്രണവും കേന്ദ്ര ഏജൻസിക്കാകും എന്ന് പദ്ധതി നടത്തിപ്പിന്റെ ‘ആറ് തൂണുകൾ’എന്ന തലക്കെട്ടിൽ പദ്ധതിരേഖയിൽ എണ്ണമിട്ട് നിരത്തുന്നു. കരിക്കുലം, പാഠ്യപദ്ധതി, മനുഷ്യശേഷി വിനിയോഗം, സ്കൂൾ നേതൃത്വം, നിയന്ത്രണം, മേൽനോട്ടം തുടങ്ങിയ ദേശീയവിദ്യാഭ്യാസനയത്തിലെ ഒന്ന് മുതൽ എട്ട് വരെ അധ്യായങ്ങളിൽ പ്രതിപാദിക്കുംവിധമായിരിക്കുമെന്നും അടിവരയിടുന്നു. ദേശീയവിദ്യാഭ്യാസനയമനുസരിച്ച് പരിഷ്കരിച്ച എൻസിഇആർടി പാഠപൂസ്തങ്ങളിലെ വർഗീയ അജണ്ടകൾ നാം സമീപകാലത്ത് കണ്ടതാണ്. ചുരുക്കത്തിൽ ഇതിൽ ഒപ്പുവയ്ക്കാൻ തീരുമാനിച്ചാൽ കേരളത്തിൽ പൊതുവിദ്യാഭ്യാസത്തിൽ രണ്ട് തരം വിദ്യാലയങ്ങൾ സൃഷ്ടിക്കപ്പെടും. പിഎം ശ്രീ സ്കൂളുകളുടെ നിയന്ത്രണം സംസ്ഥാന സർക്കാരിന് നഷ്ടമാകും.

അങ്ങനെ വന്നാൽ ഈ നയ വ്യതിയാനം ഇടതുപക്ഷത്തെ സംബന്ധിച്ചെടുത്തോളം ആത്മഹത്യാപരമാണെന്ന് പറയേണ്ടതില്ലല്ലോ. ഇനി കേരളത്തിന് ഈ പദ്ധതി ആവശ്യമുണ്ടോ, സാമ്പത്തികനേട്ടം കൊണ്ടുവരുമോ എന്നതാണ്. കിഫ്ബി, പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം, എംഎല്‍എ ഫണ്ട്, എംപി ഫണ്ട്, പ്രാദേശികഭരണകൂടങ്ങളുടെ പദ്ധതികൾ, മറ്റ് അഭ്യുദയകാംക്ഷികളുടെ സഹായങ്ങൾ എന്നിവയിലൂടെ കോടികൾ ചെലവഴിച്ച് ലോകോത്തര നിലവാരത്തിലെത്തിയ നമ്മുടെ നാട്ടിൻപുറത്തെ വിദ്യാലയങ്ങൾ 60:40 വ്യവസ്ഥയിൽ അടിയറവ് വയ്ക്കേണ്ടതുണ്ടോ?പദ്ധതിരേഖയിൽ പറയുന്ന സ്വന്തംകെട്ടിടങ്ങൾ, ഭിന്നശേഷിക്കുട്ടികൾക്കുള്ള റാമ്പ്, സുരക്ഷിതാന്തരീക്ഷം, ആൺപെൺ ശൗചാലയങ്ങൾ, കുടിവെള്ളം, വൈദ്യുതി, ലൈബ്രറി, കായികോപകരണങ്ങൾ എന്നിവ നമ്മുടെ വിദ്യാലയങ്ങൾക്ക് സ്വന്തമായില്ലേ. പിന്നെയെന്തിനാണ് പ്രാദേശികതലത്തിൽ നിയന്ത്രണവും മേൽനോട്ടവും കൈവിട്ട് നാട്ടിൽപുറത്തെ സർക്കാർവിദ്യാലയങ്ങളിൽ (വികസന ബ്ലോക്കിൽ രണ്ട് വീതം) സംഘ്പരിവാർ അജണ്ടകൾക്ക് കടന്നുകയറാൻ അവസരമൊരുക്കുന്നത്? പിഎം ശ്രീ ഇനത്തിൽ കേരളത്തിന് വലിയ തുകയൊന്നും ഇനി ലഭിക്കാൻ പോകുന്നില്ലെന്നാണ് കണക്കുകൾ പറയുന്നത്. കാരണം 2023ൽ തുടങ്ങിയ പദ്ധതിയാണിത്. ഒരുവർഷം കൂടിയേ കാലാവധിയുള്ളൂ. അങ്ങനെവന്നാൽ 150 സ്കൂളുകൾക്ക് ഒരു വർഷത്തെ വിഹിതം 22 ലക്ഷം രൂപയാണ് ലഭിക്കേണ്ടത്. അതിന്റെ 40% സംസ്ഥാന സര്‍ക്കാര്‍ നല്‍കുകയും വേണം. പക്ഷെ ഇതിന്റെ പേരിൽ സമഗ്രശിക്ഷാ കേരളയ്ക്കുള്ള പണം തടഞ്ഞുവച്ചാണ് കേന്ദ്രം പ്രതികാരം ചെയ്യുന്നത്. നമുക്ക് ലഭിക്കേണ്ട രണ്ട് വർഷത്തെ വിഹിതമായ 1300 കോടിയോളം രൂപ കേന്ദ്രസർക്കാർ തടഞ്ഞുവച്ചിരിക്കുകയാണ്.

പിഎം ശ്രീയെയും ലഭിക്കാനുള്ള പണത്തെയും കൂട്ടിക്കുഴച്ച് വിലപേശൽ നടത്തുകയാണ് ചെയ്യുന്നത്. കേന്ദ്രവിഹിതം സംസ്ഥാനത്തിന് പൂർണമായും അർഹതപ്പെട്ടതാണ്. ഇങ്ങനെയൊരു സാഹചര്യമുണ്ടായപ്പോൾ അയൽസംസ്ഥാനമായ തമിഴ്‌നാട് ഇത് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനമാണെന്ന് സുപ്രീം കോടതിയിൽ വാദിച്ചു. അവർക്ക് വിഹിതം നല്‍കാൻ കോടതി കേന്ദ്രസർക്കാരിന് നിർദേശം നല്‍കുകയുംചെയ്തു. ദേശീയതലത്തിൽ നയത്തെ എതിർക്കുന്ന കോൺഗ്രസിന്റെയും കേരളത്തിലെ പ്രതിപക്ഷത്തിന്റെയും മൗനം നിഗൂഢമാണ്. സംസ്ഥാനത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് അർഹമായ തുക ലഭ്യമാക്കുന്നതിന് പാർലമെന്റിൽ കൂട്ടായി ശബ്ദമുയർത്താൻ അവരിതുവരെ തയ്യാറായിട്ടില്ല. കേരളത്തിന് അർഹമായ വിദ്യാഭ്യാസവിഹിതം നിഷേധിക്കുന്നതിനെ ചോദ്യംചെയ്യുകയും നേടിയെടുക്കുകയുമാണ് ഈ ഘട്ടത്തിൽ വേണ്ടത്. അല്ലാതെ ആർഎസ്എസിന്റെ തിട്ടൂരത്തിന് വഴങ്ങി രാഷ്ട്രീയനിലപാടും നയവും ബലികഴിക്കുകയല്ല ഇടതുപക്ഷസർക്കാർ ചെയ്യേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.