22 December 2024, Sunday
KSFE Galaxy Chits Banner 2

കേരളത്തെ പ്രണയിച്ച മോഹിനി

Janayugom Webdesk
മുംബൈ
February 22, 2023 10:31 pm

മോഹിനിയാട്ടത്തിന്റെ ലാസ്യഭാവങ്ങള്‍ തന്നെയായിരുന്നു കനക് റെലെയ്ക്ക് കേരളം. മോഹിനിയാട്ടത്തോടും കഥകളിയോടും തോന്നിയ ഇഷ്ടം ഒടുവില്‍ കേരളത്തോടും അവിടുത്തെ കലാരൂപങ്ങളോടുമുള്ള അടങ്ങാത്ത പ്രണയമായി മാറി. സംസ്ഥാന സാംസ്കാരിക വകുപ്പ് ഏര്‍പ്പെടുത്തിയ പ്രഥമ ഗുരു ഗോപിനാഥ് പുരസ്കാരം നല്‍കുന്നത് അറിയിച്ചപ്പോള്‍ “എന്റെ കേരളീയത്വം ഞാൻ തിരിച്ചറിഞ്ഞിരുന്നു, ഇപ്പോള്‍ സര്‍ക്കാരും അത് അംഗീകരിച്ചു” എന്നായിരുന്നു കനകിന്റെ പ്രതികരണം. മോഹിനിയാട്ടം പോലെ തന്നെ കഥകളിയിലും കനക് റെലെ പ്രാവീണ്യം തെളിയിച്ചിരുന്നു. ഗുരു കരുണാകര പണിക്കരില്‍ നിന്നാണ് കഥകളി അഭ്യസിച്ചത്. 

ഗുജറാത്തില്‍ ജനിച്ച കനക് പിതാവിന്റെ മരണശേഷമാണ് മാതാവിനും അമ്മാവനുമൊപ്പം പശ്ചിമ ബംഗാളിലെ ശാന്തി നികേതനിലേക്ക് താമസം മാറുന്നത്. ഇതോടെ നന്നേ ചെറുപ്പത്തില്‍ തന്നെ കഥകളിയും മോഹിനിയാട്ടവും ഉള്‍പ്പെടെ വിവിധ കലാരൂപങ്ങളെയും മറ്റും അടുത്തറിയാന്‍ കനകിന് സാധിച്ചു. എന്നാല്‍ ശാന്തിനികേതനിലെ താമസം അധികകാലം തുടരാനായില്ല. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ മനസില്ലാമനസോടെ കനകിന് ശാന്തിനികേതന്‍ വിടേണ്ടി വന്നു. മുംബൈയില്‍ എത്തിയപ്പോള്‍ നൃത്തത്തിൽ പരിശീലനം തുടങ്ങി. ഇവിടെവച്ച് പ്രശസ്ത നര്‍ത്തകന്‍ ഉദയ് ശങ്കറെ കണ്ടുമുട്ടി. ആറ് വയസുള്ള കനക് രാഘവൻ നായരിൽ നിന്ന് കഥകളി അഭ്യസിക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ അദ്ദേഹം ആശ്ചര്യപ്പെട്ടു. പിന്നീടാണ് പാഞ്ചാലി കരുണാകര പണിക്കരുടെ ശിക്ഷണത്തിൽ എത്തിയത്. 

28-ാം വയസു മുതലാണ് കനക് മോഹിനിയാട്ടം അഭ്യസിച്ചു തുടങ്ങിയത്. മാഞ്ചസ്റ്റർ സർവകലാശാലയിൽ നിന്ന് ഉന്നത മാര്‍ക്കോടെ നിയമബിരുദം നേടിയിട്ടും നൃത്തം ഉപേക്ഷിക്കാന്‍ കനക് തയ്യാറായില്ല. മോഹിനിയാട്ടത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ നിരവധി തവണ കേരളത്തിലും എത്തിയിട്ടുണ്ട്.
1973ൽ, ബോംബെ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ബിരുദ, ബിരുദാനന്തര, പിഎച്ച്ഡി ബിരുദങ്ങൾ വാഗ്ദാനം ചെയ്യുന്ന നളന്ദ നൃത്യ കലാ മഹാവിദ്യാലയം സ്ഥാപിച്ചു. 1977ല്‍ നൃത്തത്തില്‍ ഡോക്ടറേറ്റ് നേടി റെക്കോഡും കരസ്ഥമാക്കി. ഇന്ത്യയില്‍ ആദ്യമായി നൃത്തത്തില്‍ ഡോക്ടറേറ്റ് നേടിയത് കനക് റെലെ ആയിരുന്നു. 

ഇന്ത്യയിലും വിദേശത്തും ഒട്ടേറെ വേദികളിൽ നൃത്തം അവതരിപ്പിച്ചു. ഭാരതീയ നൃത്തകലകളെക്കുറിച്ച് നിരവധി വിദേശ സർവകലാശാലകളിൽ പഠിപ്പിക്കുകയും ചെയ്തു. മോഹിനിയാട്ടം-ദ ലിറിക്കല്‍ ഡാന്‍സ്, ഭാവനിരൂപണ, എ ഹാന്‍ഡ്ബുക്ക് ഓഫ് ഇന്ത്യന്‍ ഡാന്‍സ് ടെര്‍മിനോളജി തുടങ്ങിയ പുസ്തകങ്ങളെഴുതി. കനക് റെലെയുടെ പുസ്തകങ്ങൾ കലാമണ്ഡലം ഉൾപ്പെടെയുള്ള പ്രമുഖ കേന്ദ്രങ്ങളിൽ പാഠ്യപദ്ധതിയുടെ ഭാഗമാണ്.
ശാസ്ത്രീയ നൃത്തരംഗത്തെ സംഭാവനകൾ മുൻനിർത്തി രാജ്യം പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ഗുജറാത്ത് സര്‍ക്കാരിന്റെ ഗൗരവ് പുരസ്കാര്‍, മധ്യപ്രദേശ് സര്‍ക്കാരിന്റെ കാളിദാസ സമ്മാനം, സംഗീതനാടക അക്കാദമി അവാര്‍ഡ്, എം എസ് സുബ്ബലക്ഷ്മി അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങളും ലഭിച്ചു. 2022ല്‍ “മി ആന്റ് മൈ മോഹിനിയാട്ടം” എന്ന ആത്മകഥ പ്രസിദ്ധീകരിച്ചു. 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.