18 December 2024, Wednesday
KSFE Galaxy Chits Banner 2

വ്യക്തം; സുശക്തം

ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
December 9, 2023 8:59 am

ആറ്റിക്കുറുക്കിയ വാക്കുകളില്‍ അതിശക്തമായി കാര്യങ്ങള്‍ തുറന്നുപറയുന്ന ശീലമായിരുന്നു കാനം രാജേന്ദ്രന്. പ്രസംഗത്തിലും വാര്‍ത്താസമ്മേളനത്തിലുമെല്ലാം തന്റെ നിലപാടുകള്‍ അര്‍ത്ഥശങ്കയ്ക്കിടമില്ലാത്ത തരത്തില്‍ കൃത്യമായി അവതരിപ്പിക്കുന്ന കാനത്തിന്റെ ശൈലി ഏറെ വ്യത്യസ്തമായിരുന്നു. പല നേതാക്കളും പലപ്പോഴും പറഞ്ഞ കാര്യങ്ങളില്‍ നിന്ന് പിന്നോട്ട് പോകുമ്പോഴും, താന്‍ പറയുന്ന കാര്യങ്ങളില്‍ എന്നും ഉറച്ചുനില്‍ക്കുന്ന സ്വഭാവം കാനത്തിനെ വേറിട്ടുനിര്‍ത്തി. സമകാലികരായ നേതാക്കളില്‍ പലരും തുറന്നുപറയാന്‍ മടിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങളും വിമര്‍ശനങ്ങളും എക്കാലവും ജനങ്ങളോടൊപ്പം നിന്നുകൊണ്ട് മടിയില്ലാതെ കാനം പറഞ്ഞിരുന്നു.

പല പ്രസംഗങ്ങളും വിവാദമാക്കാനുള്ള ശ്രമങ്ങള്‍ നടന്നപ്പോഴും അതില്‍ നിന്ന് ഒരിക്കല്‍ പോലും അദ്ദേഹം പിന്മാറിയിട്ടില്ല. മാധ്യമങ്ങളുടെ എത്ര പ്രകോപനപരമായ ചോദ്യങ്ങള്‍ക്കും ഒരു പുഞ്ചിരിയോടെ ശാന്തനായെങ്കിലും ഉറച്ച വാക്കുകളില്‍ മറുപടി പറയുന്ന കാനം രാജേന്ദ്രനെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കും പരിചയമുള്ളത്. മാധ്യമങ്ങളിലൂടെയും നേരിട്ടും ജനങ്ങളോട് പറയുന്ന ഒരു വാക്കുപോലും അമിതമായ വികാരങ്ങള്‍ക്ക് അടിമപ്പെടാതെയാകണം പുറത്തുവരേണ്ടതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കുന്നതോടൊപ്പം, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആശയങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരുന്നു കാനം രാജേന്ദ്രന്‍ സ്വീകരിച്ചുപോന്നത്.

പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ എന്ത് തടസമുണ്ടായാലും അതിനെ പ്രതിരോധിക്കാന്‍ മുന്നില്‍ നില്‍ക്കുകയും, അതേസമയം ഇടതുപക്ഷ നയങ്ങളില്‍ നിന്നുള്ള ചെറിയ വ്യതിചലനങ്ങളെപ്പോലും അതിശക്തമായി എതിര്‍ക്കാനും മടികാണിച്ചിരുന്നില്ല. ഇടതുപക്ഷ നയങ്ങളില്‍ ഉറച്ചുനിന്നതിന്റെ പേരില്‍ പലപ്പോഴും കുറ്റപ്പെടുത്തലുകള്‍ നേരിടേണ്ടിവന്നിട്ടും, ഒരിഞ്ച് പോലും പിറകോട്ട് പോകാതെ പറഞ്ഞ കാര്യങ്ങളില്‍ കാനം അടിയുറച്ചുനിന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.