അരനൂറ്റാണ്ടിലേറെക്കാലം കേരള രാഷ്ട്രീയ സാമൂഹ്യ മണ്ഡലത്തില്‍ സൂര്യതേജസോടെ വിരാജിച്ച കാനം രാജേന്ദ്രന് പതിനായിരങ്ങളുടെ അന്ത്യോപചാരം. തലസ്ഥാനത്ത് പട്ടം പി എസ് സ്മാരകത്തിലും പിന്നീട് വിലാപയാത്ര കടന്നുപോയ വഴിയിലാകെയും ജനക്കൂട്ടം പ്രിയനേതാവിന് അന്ത്യാഭിവാദ്യം നേരുന്നതിന് എത്തിയപ്പോള്‍ കോട്ടയത്ത് എത്താന്‍ മണിക്കൂറുകള്‍ വൈകി.
രാവിലെ 9.50നായിരുന്നു കൊച്ചിയില്‍ നിന്ന് വിമാനത്തില്‍ മൃതദേഹം തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് വിലാപയാത്രയായി പതിനൊന്നുമണിയോടെ മൃതദേഹം വഹിച്ചുള്ള വാഹനം പട്ടത്തെ പി എസ് സ്മാരകത്തിന് മുന്നില്‍ വന്നുനിന്നപ്പോള്‍ ‘ഇല്ല ഇല്ല മരിക്കുന്നില്ല, സഖാവ് കാനം മരിക്കുന്നില്ല’ തുടങ്ങി ആയിരക്കണക്കിന് കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന മുദ്രാവാക്യങ്ങള്‍ അന്തരീക്ഷം ഭേദിച്ചു. പ്രിയനേതാവിനെ കാണാനെത്തിയതില്‍ എല്ലാ തുറകളിലുമുള്ളവരുമുണ്ടായിരുന്നു. പുഷ്പചക്രങ്ങളും പൂക്കൂടകളുമായി പൊട്ടിക്കരയുന്നവരും വിതുമ്പുന്നവരും തന്നെയായിരുന്നു എവിടെയും.
ആര്‍ത്തുകരഞ്ഞും വിതുമ്പിയും മുദ്രാവാക്യം വിളികളുമായി വന്നെത്തുന്ന ജനസഹസ്രങ്ങളെ നിയന്ത്രിക്കുന്നതിന് നിലയുറപ്പിച്ച ചുവപ്പ് വോളണ്ടിയര്‍മാരില്‍ ചിലര്‍ പോലും വിങ്ങലടക്കാന്‍ പാടുപെട്ടു. മൃതദേഹം പി എസ് സ്മാരകത്തിനകത്തെത്തിച്ചപ്പോള്‍ കൂടി നിന്ന നേതാക്കളും വിതുമ്പുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ പുറത്തുവന്ന വിതുമ്പല്‍ അടക്കാന്‍ പാടുപെടുന്നവരുടെ കാഴ്ചകള്‍ പിന്നെയും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പതിവില്‍ നിന്ന് ഭിന്നമായി ഇന്നലെ പകല്‍ അന്തരീക്ഷത്തിനും മൂകതയായിരുന്നു.
സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, മുതിര്‍ന്ന നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, കെ ഇ ഇസ്മയില്‍, സി ദിവാകരന്‍, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പ്രകാശ്ബാബു, പി സന്തോഷ് കുമാര്‍ എംപി, കണ്‍ട്രോള്‍ കമ്മിഷന്‍ സെക്രട്ടറി സത്യന്‍ മൊകേരി, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പാര്‍ട്ടി പതാക പുതപ്പിച്ചു. രാഷ്ട്രീയ‑സാമൂഹ്യ‑കലാ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് 2.15ഓടെ ജന്മദേശമായ കോട്ടയത്തേക്കുള്ള വിലാപയാത്ര ആരംഭിക്കുമ്പോഴും വാനോളമുച്ചത്തില്‍ മുദ്രാവാക്യങ്ങളുയര്‍ന്നു. വിലാപയാത്ര കടന്നുപോകുന്ന വഴികളിലെല്ലാം വലിയ ജനക്കൂട്ടമാണ് കാനത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കാത്തുനിന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ കേന്ദ്രങ്ങളിലാകെ ആയിരക്കണക്കിന് പേരുടെ അന്ത്യാഭിവാദനങ്ങളേറ്റുവാങ്ങിയാണ് കോട്ടയത്തെത്തിയത്. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് കോട്ടയം കാനത്തുള്ള വീട്ടുവളപ്പില്‍ നടക്കും. വെള്ളിയാഴ്ച വൈകിട്ട് അപ്രതീക്ഷിതമായാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗമുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.