12 January 2026, Monday

കാലം മായ്‌ക്കാത്ത കാനം

കാനം രാജേന്ദ്രന്റെ ഓർമ്മകൾക്ക് നാളെ ( ഡിസംബർ ) രണ്ട് വയസ് 
Janayugom Webdesk
December 7, 2025 10:59 am

കിടങ്ങൂരുകാരനായ പികെവിക്കു ശേഷം സിപിഐയുടെ തലപ്പത്തേക്ക് എത്തിയ കോട്ടയംകാരനായിരുന്നു കാനം കൊച്ചുപുരയിടത്തിൽ വി കെ പരമേശ്വരൻ നായരുടെയും ടി കെ ചെല്ലമ്മയുടെയും മകനായ രാജേന്ദ്രൻ. പൊതുപ്രവർത്തകനായപ്പോൾ പേരിനൊപ്പം നാടിന്റെ പേരും ചേർത്തു. കാനം എന്ന ഗ്രാമം ഇ ജെ എന്ന എഴുത്തുകാരന്റെ പേരിനാലാണ് മലയാള സാഹിത്യ ലോകത്ത് ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ കാനം രാജേന്ദ്രന്റെ വളര്‍ച്ചയിലൂടെ അതു രാഷ്ട്രീയ കേരളത്തിലെ ശക്തനായ ഒരു നേതാവിന്റെ പേരായി മാറി. പിന്നീട് ഈ ഗ്രാമം അറിയപ്പെട്ടതും വളർന്നതുമെല്ലാം അദ്ദേഹത്തിലൂടെയായിരുന്നു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ വിപ്ലവ നക്ഷത്രമായിരുന്ന കാനം രാജേന്ദ്രൻ വിട പറഞ്ഞിട്ട് നാളെ രണ്ടാണ്ട് തികയുന്നു.

പതിനെട്ടു വയസാകാൻ കാത്തിരുന്ന് പാർട്ടി അംഗമായി

എഐഎസ്എഫിലൂടെ ആയിരുന്നു കാനം പൊതു രംഗത്തെത്തിയത്. പതിനെട്ടു വയസ്സാകാൻ കാത്തിരുന്ന് പാർട്ടി അംഗമായ ആളാണ് കാനം രാജേന്ദ്രൻ. കമ്യൂണിസ്റ്റ് പാർട്ടിയിൽ അക്കാലത്ത് കോട്ടയം ജില്ലയിലെത്തന്നെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളിലൊരാൾ. പതിന്നാല് വയസ്സു മുതൽ എഐഎസ്എഫ് പ്രവർത്തകനും പ്രാദേശിക, ജില്ലാ ഭാരവാഹിയുമായിരുന്ന പയ്യന്റെ രാഷ്ട്രീയബോധ്യം ഉറപ്പായ പാർട്ടി നേതൃത്വം പതിനെട്ടു വയസ്സായപ്പോൾത്തന്നെ അംഗത്വം കൊടുത്തു. അങ്ങനെയാണ്, ആദ്യത്തെ കമ്യൂണിസ്റ്റ് പാർട്ടി സർക്കാർ ഐക്യകേരളത്തിൽ അധികാരമേൽക്കുന്നതിന് ഏഴു വർഷം മുമ്പ്, 1950 നവംബർ 10ന് ജനിച്ച രാജേന്ദ്രൻ 1968ൽ പാർട്ടി അംഗമായത്. തൊട്ടടുത്ത വർഷം തന്നെ പത്തൊന്‍പതാം വയസ്സിൽ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയായി. ഇരുപതാം വയസ്സിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗവും 23-ാം വയസ്സിൽ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയും. രണ്ടു തവണ നിയമസഭയിലേക്കു ജയിച്ചു.

കരുത്തനായ നിയമസഭാ സാമാജികൻ

1960കളുടെ അവസാനവും എഴുപതുകളുടെ ആദ്യവും കോട്ടയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച കാനം, അക്കാലത്ത് വാഴൂര്‍ എംഎല്‍എ ആയിരുന്ന കടയിനിക്കാട് പുരുഷോത്തമന്‍ പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചാണ് സജീവ രാഷ്ട്രീയത്തിലെത്തുന്നത്. കേരളകോണ്‍ഗ്രസിന്റെ കുത്തകമണ്ഡലമെന്ന് എക്കാലത്തും വിധിയെഴുതപ്പെട്ട വാഴൂരില്‍ കടയനിക്കാട് പുരുഷോത്തമന്‍പിള്ളയ്ക്കുശേഷം ചെങ്കൊടിപാറിച്ചത് കാനം രാജേന്ദ്രന്റെ യുവത്വമായിരുന്നു. ഐക്യമുന്നണിയോട് കൂറുള്ള മണ്ഡലം എന്ന് പൊതുവേ വിശ്വസിക്കപ്പെട്ട മണ്ഡലത്തില്‍ സിപിഐയെ പടിപടിയായി വളര്‍ത്തിയെടുത്തതില്‍ മുഖ്യപങ്ക് വഹിച്ചത് അക്കാലത്ത് കാനം രാജേന്ദ്രന്‍ എന്ന ചെറുപ്പക്കാരനായിരുന്നു. 1982–1987 കാലയളവിലെ ഏഴാം കേരള നിയമസഭയുടെ കാലം. 1984 ജൂലൈ 27നാണ് സാലി കൊലക്കേസിലെ അന്വേഷണ റിപ്പോർട്ടുമായി ബന്ധപ്പെട്ട സബ്മിഷൻ കാനം രാജേന്ദ്രൻ സഭയിൽ ഉന്നയിച്ചത്. വയലാർ രവി ആയിരുന്നു ആഭ്യന്തരമന്ത്രി. കേരളത്തെ പിടിച്ചുകുലുക്കിയ സാലി വധക്കേസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കാനം നിരാഹാരസമരം നടത്തിയിട്ടാണ് കെ കരുണാകരൻ സർക്കാർ വിദ്യാധരൻ കമ്മിഷനെ വച്ചത്. പക്ഷേ, കമ്മിഷൻ റിപ്പോർട്ടു സമർപ്പിച്ച് രണ്ടു മാസമായിട്ടും അതിൽ തുടർനടപടികൾ ഉണ്ടായില്ല. “പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കുറ്റമുണ്ടെന്നാണ് അന്വേഷണ കമ്മിഷൻ റിപ്പോർട്ട് എന്നാണ് ഞാൻ മനസിലാക്കുന്നത്. ആ കമ്മിഷൻ റിപ്പോർട്ട് ഈ സഭയുടെ മേശപ്പുറത്തുവയ്ക്കണം. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗവൺമെന്റും ആഭ്യന്തരമന്ത്രിയും വേണ്ട നടപടികൾ സ്വീകരിക്കണം”-കാനം ആവശ്യപ്പെട്ടു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടൻ തുടർനടപടികൾ സ്വീകരിക്കും എന്ന് വയലാർ രവി ഉറപ്പ് നൽകി. പ്രതിപക്ഷത്തെ യുവ സാമാജികന്റെ അതിശക്തമായ ഇടപെടലിനെ നേരിൽ അഭിനന്ദിക്കാനും വയലാർ രവി മറന്നില്ല. എട്ടാം നിയമസഭയിൽ 1987 ഓഗസ്റ്റ് 12ന് ബജറ്റ് ചർച്ചയിൽ പങ്കെടുത്ത് കാനം രാജേന്ദ്രൻ നടത്തിയ പ്രസംഗം വർഷങ്ങൾക്കു ശേഷവും ഇന്ത്യൻ രാഷ്ട്രീയത്തിലും കേരളത്തിന്റെ കാര്യത്തിലും എത്രയോ പ്രസക്തമാണ് എന്ന് മനസിലാക്കുമ്പോഴാണ് അദ്ദേഹത്തിലെ രാഷ്ട്രീയ നേതാവിന്റെ ഉൾക്കനം കൂടുതൽ വ്യക്തമാവുക. കോൺഗ്രസ്സാണ് അന്ന് കേന്ദ്രത്തിൽ. കേരളത്തിൽ ഇ കെ നായനാരുടെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാരും. സംസ്ഥാനങ്ങൾക്കു അർഹമായ നികുതിവരുമാന വിഹിതം കിട്ടാത്തത് തുറന്നുകാട്ടി നടത്തിയ അതിശക്തമായ കാനത്തിന്റെ പ്രസംഗം കാലത്തെ അതിജീവിക്കുന്ന രാഷ്ട്രീയ പ്രാധാന്യത്തോടെ ഇന്നും നിൽക്കുന്നു.

മികച്ച ട്രേഡ് യൂണിയൻ നേതാവ്

തോട്ടം മാനേജരായിരുന്ന പിതാവിന്റെ ഒപ്പം നടന്ന് എസ്റ്റേറ്റുകളിലെ തൊഴിലാളികളുടെ ജീവിതം കണ്ടാണു രാജേന്ദ്രൻ വളർന്നത്. എല്ലാ അവധിക്കാലത്തും കാനം പിതാവിനൊപ്പം തോട്ടം മേഖലകളിൽ പോയിരുന്നു. പിൽക്കാലത്തു തൊഴിലാളികളുമായുള്ള ബന്ധത്തിനും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്കും സജീവ പരിഗണന നൽകാൻ ഇത് പ്രേരണയേകി. മുൻനിര ട്രേഡ് യൂണിയൻ നേതാക്കൾക്കൊപ്പം പ്രവർത്തിച്ച് അദേഹം എഐടിയുസിയുടെ തലപ്പത്തുവരെ എത്തി. 1970 ൽ സിപിഐ സംസ്ഥാന കൗൺസിലിലും പിന്നീട് എൻ ഇ ബാലറാം സെക്രട്ടറിയായിരിക്കേ സംസ്ഥാന സെക്രട്ടേറിയറ്റിലും അംഗമായി. 25 വയസായിരുന്നു അന്ന് പ്രായം. എംഎൻ, സി അച്യുതമേനോൻ, ടി വി തോമസ്, വെളിയം ഭാർഗവൻ തുടങ്ങിയ മഹാരഥന്മാർക്കൊപ്പമുള്ള പ്രവർത്തനത്തിലൂടെ ലഭിച്ച അനുഭവ സമ്പത്തായിരുന്നു കാനത്തിന്റെ വഴികാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.