17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

September 3, 2024
January 11, 2024
May 25, 2023
February 2, 2023
January 25, 2023
December 25, 2022
July 14, 2022
July 5, 2022
May 30, 2022
May 27, 2022

കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ വെബ്സീരീസ്; നെറ്റ്ഫ്ലിക്സ് ഇന്ത്യ മേധാവിക്ക് സമന്‍സയച്ച് കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
September 3, 2024 10:00 am

‘ഐസി 814 — ദി കാണ്ഡഹാര്‍ ഹൈജാക്ക്’ വെബ് സീരീസ് വിവാദത്തില്‍ നെറ്റ്ഫ്ലിക്സ് ഇന്ത്യ മേധാവിക്ക് സമന്‍സ് അയച്ച് കേന്ദ്രം. 1999ല്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ഹര്‍കത്-ഉള്‍-മുജാഹിദീന്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് വെബ് സീരീസില്‍ പറയുന്നത്.
രാജ്യത്തെ മുൾ‌മുനയിൽ നിർത്തിയ കാണ്ഡഹാർ വിമാനറാഞ്ചലിന്റെ ഏഴ് ദിവസം നീണ്ട ഉദ്വേ​ഗജനകമായ സംഭവങ്ങൾ പരമ്പരയില്‍ ചിത്രീകരിച്ചിട്ടുണ്ട്. വിമാനം റാഞ്ചിയ ഭീകരരുടെ പേരുകളെച്ചൊല്ലി സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പ്രചരണം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നെറ്റ്ഫ്ലിക്സ് ഇന്ത്യ ഉള്ളടക്ക മേധാവി മോണിക്ക ഷെര്‍ഗിലിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. 

ഇബ്രാഹിം അത്തര്‍, ഷാഹിദ് അക്തര്‍ സയ്യിദ്, സണ്ണി അഹമ്മദ് ഖാസി, മിസ്ത്രി സഹൂര്‍ ഇബ്രാഹിം, ഷാക്കിര്‍ എന്നിവരായിരുന്നു ഹൈജാക്കര്‍മാര്‍. വിമാനത്തിനുള്ളിൽ പരസ്പരം സംഭാഷണങ്ങൾക്കായി പ്രത്യേക കോഡ് പേരുകളാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ചീഫ്, ഡോക്ടര്‍, ബര്‍ഗര്‍, ഭോല, ശങ്കര്‍ എന്നിവയായിരുന്നു കോഡ് പേരുകള്‍. ഇതില്‍ ഭോല, ശങ്കര്‍ പേരുകള്‍ക്കെതിരെയാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്. അതേസമയം സംഭവത്തെക്കുറിച്ച് പഠിച്ച് തയ്യാറാക്കിയതാണ് പരമ്പരയെന്നും യഥാര്‍ത്ഥ സംഭവങ്ങള്‍ തന്നെയാണ് ആവിഷ്കരിച്ചിട്ടുള്ളതെന്നും സംവിധായകന്‍ അനുഭവ് സിൻഹ പറഞ്ഞു. വിജയ് വർമ്മ, നസീറുദ്ദീൻ ഷാ, പങ്കജ് കപൂർ, അരവിന്ദ് സ്വാമി എന്നിവർ പരമ്പരയിൽ പ്രധാനവേഷത്തിലെത്തുന്നു. 

1999 ഡിസംബര്‍ 24ന് 191 യാത്രക്കാരുമായി നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്നുയര്‍ന്ന വിമാനം അഞ്ചംഗസംഘം റാഞ്ചുകയായിരുന്നു. പിന്നീട് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അമൃത്സര്‍, ലാഹോര്‍, ദുബായ് എന്നിവിടങ്ങളില്‍ നിരവധി ലാന്‍ഡിങ്ങുകള്‍ വിമാനം നടത്തിയിരുന്നു. ഭീകരരായ മസൂദ് അസ്ഹര്‍, അഹമ്മദ് ഒമര്‍ സയീദ് ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് സര്‍ഗര്‍ എന്നിവരെ ഇന്ത്യന്‍ ജയിലുകളില്‍ നിന്ന് മോചിപ്പിക്കണമെന്നായിരുന്നു ഭീകരരുടെ ആവശ്യം. ഒടുവില്‍, അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ ഭീകരരെ മോചിപ്പിക്കാന്‍ നിര്‍ബന്ധിതരായി. ഓഗസ്റ്റ് 29ന് ആണ് വെബ്സീരിസ് നെറ്റ്ഫ്ലിക്സില്‍ അവതരിപ്പിച്ചത്.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.