6 January 2025, Monday
KSFE Galaxy Chits Banner 2

പലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി കനി കുസൃതി കാന്‍ ചലച്ചിത്രോത്സവത്തില്‍

Janayugom Webdesk
പാരീസ്
May 24, 2024 8:59 pm

പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി മലയാളത്തിന്റെ പ്രിയ നടി കനി കുസൃതി കാന്‍ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാര്‍പ്പറ്റില്‍.
താരം പ്രധാനകഥാപാത്രമായ ’ ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന സിനിമയുടെ വേള്‍ഡ് പ്രീമിയറിന്റെ ഭാഗമായാണ് കാനിലെത്തിയത്. മൂന്ന് പതിറ്റാണ്ടിന് ശേഷം കാനില്‍ പാം ദിയോറിന് മത്സരിക്കുന്ന ഇന്ത്യന്‍ ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിലുണ്ട്. പായൽ കപാഡിയ ആണ് ചിത്രത്തിന്റെ സംവിധായിക. ആദ്യമായാണ് ഒരു ഇന്ത്യൻ വനിത കാനിലെ പാം ദിയോര്‍ മത്സര വിഭാഗത്തിലേക്ക് യോഗ്യത നേടുന്നത്. ഗ്രാൻഡ് ലൂമിയർ തിയേറ്ററിലായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം.
ഇതിന് മുന്നോടിയായി സംവിധായക പായൽ കപാഡിയ, പ്രധാന താരങ്ങളായ ദിവ്യ പ്രഭ, കനി കുസൃതി, ഹൃദ്ദു ഹാറൂൺ, ഛായാ ഖദം എന്നിവരോടൊപ്പം രണബീർ ദാസ്, ജൂലിയൻ ഗ്രാഫ്, സീക്കോ മൈത്രാ, തോമസ് ഹക്കിം എന്നിവർ റെഡ് കാർപ്പറ്റിൽ ചുവടുവച്ചു. ഇന്ത്യൻ താരങ്ങളെ ആവേശത്തോടെയാണ് കാൻ ഫെസ്റ്റിവലിൽ സ്വീകരിച്ചത്. 

പലസ്തീന്‍ ജനതയ്ക്ക് പിന്തുണയുമായി പാതിമുറിച്ച തണ്ണിമത്തന്റെ രൂപത്തിലുള്ള വാനിറ്റി ബാഗുമായാണ് കനി ചലിത്രോത്സവ വേദിയിലെത്തിയത്. ഗാസയില്‍ ഇസ്രായേല്‍ വംശഹത്യ തുടരുന്ന സാഹചര്യത്തില്‍ പലസ്തീന്‍ ജനതയ്ക്കൊപ്പം എന്ന ശക്തമായ നിലപാടാണ് കനി വ്യക്തമാക്കിയത്. തണ്ണിമത്തനിലെ നിറങ്ങളായ ചുവപ്പ്, പച്ച, വെളുപ്പ്, കറുപ്പ് എന്നിവയാണ് പലസ്തീന്‍ പതാകയിലുള്ളത്. കൂടാതെ പലസ്തീന്റെ സംസ്കാരത്തെയും പൈതൃകത്തെയും തണ്ണിമത്തന്‍ അടയാളപ്പെടുത്തുന്നു. താരം ബാഗും പിടിച്ച് നില്‍ക്കുന്ന ചിത്രം ആഗോളതലത്തില്‍ ചര്‍ച്ചയായി. സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ വൈറലായി. 

1980ല്‍ പലസ്തീന്‍ ചിത്രകാരനായ സ്ളിമന്‍ മന്‍സൂറിന്റെ ആര്‍ട് ഗ്യാലറിയില്‍ സെന്‍സര്‍ഷിപ്പിനെത്തിയ ഇസ്രായേല്‍ പട്ടാളക്കാരാണ് തണ്ണിമത്തന്‍ പ്രതിരോധ ചിഹ്നമായി മാറ്റിയതെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിട്ടുണ്ട്. പതാകയിലുള്ള നിറങ്ങള്‍ക്ക് സമാനമായ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ഇസ്രയേല്‍ ഉത്തരവിട്ടിരുന്നു. 25 കൊല്ലത്തിന് ശേഷം 1993 ലാണ് അത് പിന്‍വലിച്ചത്.
മുംബൈയിലെ രണ്ട് വ്യത്യസ്ത നഴ്‌സുമാരുടെ ജീവിതവുമായി ബന്ധപ്പെട്ട മനോഹരമായ പ്രണയമാണ് ’ ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’ പറയുന്നത്. ചിത്രം സൂക്ഷ്മവും ശക്തവുമാണെന്നാണ് നിരൂപകർ വിലയിരുത്തുന്നത്.

Eng­lish Summary:Kani Kusurti with Pales­tine Sol­i­dar­i­ty at the Cannes Film Festival
You may also like this video

TOP NEWS

January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.