വിഷുവിനെ വരവേൽക്കാൻ സ്വർണനിറമണിഞ്ഞൊരുങ്ങി കണിവെള്ളരിപ്പാടങ്ങൾ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കണിവെള്ളരി വിഷുവിനായി വിപണിയിലെത്തുന്നത് കോഴിക്കോട്ടെ പാടങ്ങളിൽ നിന്നാണ്. കുന്നമംഗലം, പെരുവയൽ നരിക്കുനി എന്നിവിടങ്ങളിലാണ് വെള്ളരി കൃഷി ചെയ്യുന്നത്.
വേനൽച്ചൂടിൽ കണിവെള്ളരികൾ വിണ്ടുകീറുകയും അപ്രതീക്ഷി വേനൽമഴയിൽ കൃഷികൾ കുറെയൊക്കെ നശിച്ചിട്ടുമുണ്ട്. എങ്കിലും ഇവയെല്ലാം അതിജീവിച്ച് വിഷുവിപണിയെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കർഷകർ. ഒരേക്കർ കൃഷിയിറക്കാൻ ഒരുലക്ഷം രൂപയാണ് മുതൽമുടക്ക്. വേനൽമഴ കൂടുതലായി കിട്ടിയത് വെള്ളരികൃഷിയെ പ്രതികൂലമായി ബാധിച്ചിരുന്നു.
പേരാമ്പ്രയിലെ സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തിൽ കണിവെള്ളരി വിളവെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. ഉരുണ്ട ആകൃതിയിൽ സ്വർണനിറമുള്ള കണിവെള്ളരിയാണ് ഇവിടെ കൃഷിചെയ്തത്. അരയേക്കർ സ്ഥലത്താണ് ഇവിടെ കൃഷി. 22 സ്ഥിരം തൊഴിലാളികളും 27 താല്‍ക്കാലിക തൊഴിലാളികളുമുണ്ട്. ഇത്തവണ ചൂട് നേരത്തേ കൂടിയതും വേനൽമഴയും കൃഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ഫാം സീനിയർ കൃഷി ഓഫിസർ പി പ്രകാശ് പറഞ്ഞു. ഫാമിൽ അഞ്ചുവർഷത്തോളമായി കണിവെള്ളരി കൃഷിചെയ്യുന്നുണ്ട്. കഴിഞ്ഞവർഷം മൂന്ന് ടണ്ണിലധികം വെള്ളരി ലഭിച്ചിരുന്നെന്നും ഇത്തവണ അതിലധികം വിളവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൃഷി ഓഫിസർ പറഞ്ഞു.
ഒന്നേകാൽ ഏക്കർ സ്ഥലത്ത് വിളവിറക്കിയപ്പോൾ പതിനായിരം കിലോ വെള്ളരി പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആറായിരം കിലോ മാത്രമാണ് കിട്ടിയതെന്ന് പെരുവയലിലെ കർഷകൻ ജയപ്രകാശ് പറഞ്ഞു. മൂവായിരത്തിലേറെ വെള്ളരികള്‍ കേടുവന്നു. പയർ, കയ്പ, പടവലം, മത്തൻ, വെണ്ട, ചീര എന്നിവയും കൃഷി ചെയ്യുന്നുണ്ട്. എന്നാൽ പ്രധാനം കണിവെള്ളരിയാണ്. റിലയൻസ് പോലുള്ള കമ്പനികൾക്ക് മൊത്തമായി വിൽക്കുകയാണ് പതിവെന്ന് ജയപ്രകാശ് പറഞ്ഞു. ദുബായിലേക്കും കയറ്റി അയയ്ക്കാറുണ്ട്. ഇത്തവണ അതിന് സാധിക്കുമോയെന്ന കാര്യത്തിൽ സംശയമാണ്.
രണ്ടുമാസത്തെ അധ്വാനമാണ് വെള്ളരിക്കൃഷിക്ക് വേണ്ടത്. വിത്തുനട്ടുകഴിഞ്ഞ് 50 ദിവസം കഴിയുമ്പോള്‍ വിളവെടുപ്പിന് തയ്യാറാവും. കേടുപാടൊന്നുമില്ലാത്ത സ്വർണനിറമുള്ള കണിവെള്ളരിക്ക് മോഹവിലയാണ്. ഇത്തവണ കിലോക്ക് 60, 70 രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയപ്രകാശ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.