
കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിലെ അതിര്‍ത്തിനിര്‍ണയ നടപടി തുടങ്ങി.1980‑ൽ ഭാഗികമായി കമ്മിഷൻചെയ്തതിനുശേഷം അണക്കെട്ടിന്റെ റിസർവോയർ മേഖലകളുടെ അതിർത്തി പുനർനിർണയം നടത്തിയിരുന്നില്ല. പല ഭാഗത്തും അതിർത്തിക്കല്ലുകളില്ലാത്തത് കൈയേറ്റങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. സംസ്ഥാനസർക്കാർ നടപ്പാക്കുന്ന അണക്കെട്ട് പുനരുദ്ധാരണ പുരോഗമന പദ്ധതിയിൽ (ഡ്രിപ്-രണ്ട്) ഉൾപ്പെടുത്തിയാണ് സർവേ നടത്തുന്നത്. ജില്ലാ സർവേയർമാരുടെ നേതൃത്വത്തിൽ സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിനൊപ്പം ജലസേചനപദ്ധതിയിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അതിർത്തിക്കല്ലുകളും സ്ഥാപിച്ചുവരികയാണ്.
11 കിലോമീറ്ററാണ് വൃഷ്ടിപ്രദേശത്തിന്റെ ദൂരം. ഇതുമുഴുവൻ അളക്കും. റിസർവോയർ മേഖലകളിലേക്കുള്ള പൊതുജനങ്ങളുടെ കടന്നുകയറ്റം തടയുന്നതിനായി 2.5 കിലോമീറ്റർ കമ്പിവേലി സ്ഥാപിക്കും. അതിർത്തിനിർണയത്തിനിടെ കൈയേറ്റമുണ്ടെന്ന് കണ്ടെത്തുന്ന ഭാഗങ്ങളിൽ ഉടമകൾക്ക് ഒഴിഞ്ഞുപോകാനുള്ള നോട്ടീസ് നൽകുമെന്നും എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. അണക്കെട്ട് ഭാഗികമായി കമ്മിഷൻചെയ്തതിനുശേഷം 40 വർഷങ്ങൾക്കുശേഷമാണ് അതിർത്തി പുനഃപരിശോധന വീണ്ടും തുടങ്ങിയിട്ടുള്ളത്. ഇരുമ്പകച്ചോല, വെള്ളത്തോട്, കൊർണക്കുന്ന്, പായിപ്പുല്ല് ഭാഗങ്ങളിലൂടെയാണ് അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമുള്ളത്. മണ്ണാർക്കാട്, ഒറ്റപ്പാലം താലൂക്കുകളിൽ ജലസേചനസൗകര്യം ഒരുക്കുന്നതിന് 1963‑ലാണ് അണക്കെട്ട് നിർമാണം തുടങ്ങിയത്.
സമീപ പഞ്ചായത്തുകളിലെ കുടിവെള്ളവിതരണവും അണക്കെട്ട് കേന്ദ്രീകരിച്ചാണ്. ഡ്രിപ് പദ്ധതിയുടെ ആദ്യഘട്ടത്തിലുൾപ്പെടുത്തി അണക്കെട്ടിന്റെ ചോർച്ച അടയ്‌ക്കൽ, ചുറ്റുമതിൽ, സുരക്ഷാവേലി, അണക്കെട്ടിനുമുകളിലെ റോഡ് ടാറിങ്, ഷട്ടറിന്റെ അറ്റകുറ്റപ്പണികൾ, പെയിന്റിങ് എന്നിവ നടത്തിയിരുന്നു. രണ്ടാംഘട്ട പദ്ധതിയിൽ ആറുകോടിരൂപയുടെ നവീകരണത്തിനാണ് തുടക്കമിട്ടിട്ടുള്ളത്. ബസ്‌സ്റ്റാൻഡിനുള്ള സൗകര്യമേർപ്പെടുത്തൽ, ശൗചാലയം നിർമിക്കൽ, ചെക്ഡാമിന് ഇരുവശവും നവീകരിക്കൽ, നടപ്പാതനിർമാണം, ഉദ്യാനത്തിനുസമീപമുള്ള അണക്കെട്ടിനുതാഴെ ഭാഗത്ത് കട്ടവിരിച്ചുള്ള റോഡ് നിർമാണം, കൺട്രോൾ റൂം, അണക്കെട്ടിനുതാഴെയുള്ള കോസ്‌വേ മാറ്റി പുതിയ പുതിയപാലം, വാച്ച് ടവർ എന്നിവയും പദ്ധതിയിലുള്ളതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.