25 January 2026, Sunday

Related news

January 25, 2026
January 25, 2026
January 25, 2026
January 24, 2026
January 24, 2026
January 24, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026

കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാറുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗം കേരളത്തില്‍ സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കുന്നു

Janayugom Webdesk
കോഴിക്കോട്
March 5, 2025 2:37 pm

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാറുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗം കേരളത്തില്‍ സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കാന്തപുരം വിഭാഗത്തിന്റെ മുശാവറ യോഗത്തിലാണ് തീരുമാനം. നിര്‍ദ്ദിഷ്ട സര്‍വകലാശാലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 100 കോടി രൂപ നീക്കിവയ്ക്കാനും തീരുമാനിച്ചു.സംഘടനക്ക് കീഴിലുള്ള പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളെ പുതിയ സര്‍വകലാശാലക്ക് കീഴില്‍ ഏകോപിപ്പിക്കാനാണ് സമസ്ത മുശാവറ യോഗം തീരുമാനിച്ചത്.

ഇതിനാവശ്യമായ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പരമ്പരാഗത വിദ്യാഭ്യാസ സംവിധാനങ്ങളെയും മെഡിക്കല്‍, വാണിജ്യ മേഖലയിലെ പുതിയ സംരംഭങ്ങളെയും എങ്ങനെ നവീകരിക്കാം എന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കും. കോഴിക്കോട് കേന്ദ്രീകരിച്ചായിരിക്കും സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കുക. സാമൂഹിക ശാസ്ത്രങ്ങള്‍ക്കും മാനവിക വിഷയങ്ങള്‍ക്കും പ്രാരംഭ ഘട്ടത്തില്‍ മുന്‍ഗണന നല്‍കുമെന്ന് സമസ്തയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ആധുനിക സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള മറ്റ് വിഷയങ്ങള്‍ പിന്നീട് ചേര്‍ക്കും.

നിലവില്‍ ഇന്ത്യയിലും വിദേശത്തുമുള്ള സര്‍വകലാശാലകളുമായി കൈകോര്‍ത്ത് സമസ്ത അതിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്‌സുകളും നടത്തുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. എല്ലാ കോഴ്‌സുകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് നിര്‍ദ്ദിഷ്ട സര്‍വകലാശാല ലക്ഷ്യമിടുന്നത്. സമസ്തയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാജ്യത്തും വിദേശത്തുമുള്ള 60 സര്‍വകലാശാലകളുമായി അക്കാദമിക് സഹകരണം പുലര്‍ത്തുന്നുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.