18 November 2024, Monday
KSFE Galaxy Chits Banner 2

തീവ്രവര്‍ഗീയതയുടെ തീരമേഖല

Janayugom Webdesk
May 14, 2023 4:43 am

ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട കര്‍ണാടകത്തിലെ തീരദേശമേഖലയില്‍ വലിയ ഉലച്ചിലില്ലാതെ ബിജെപി നിന്നു. കലാപരാഷ്ട്രീയത്തിന്റെ പരീക്ഷണശാലയാക്കി സംഘ്പരിവാര്‍ മാറ്റിയ മേഖലയാണിത്. ഏതാണ്ട് ഒരുവര്‍ഷമായി ഹിജാബ് വിവാദത്തിലൂടെ മുസ്ലിം വിരുദ്ധത ആളിക്കത്തിക്കുകയും തീവ്രഹിന്ദുത്വം ജ്വലിപ്പിച്ച് നിര്‍ത്തുകയും ചെയ്തത് ഈ മേഖലയിലാണ്. പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ തീവ്ര മതവികാരം ഇളക്കിവിട്ട പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജയ് ബജ്‌റംഗ്ബലി ആഹ്വാനം വന്നതും തീരകർണാടകയിൽ നിന്നാണ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായകമാകും എന്ന് പ്രതീക്ഷിക്കപ്പെട്ട മേഖലയില്‍ 19 ല്‍ 12 സീറ്റുകളും അവര്‍ നേടി. കോണ്‍ഗ്രസ് ഇവിടെ നേടിയത് ആറ് സീറ്റുകളാണ്. കഴിഞ്ഞതവണ സീറ്റില്ലാതിരുന്ന ജെഡിഎസിനും ഒരു സീറ്റ് ലഭിച്ചിട്ടുണ്ട്. 2018ലെ തെരഞ്ഞെടുപ്പിൽ 16 സീറ്റുകളില്‍ ബിജെപിയാണ് ജയിച്ചത്. കോൺഗ്രസിന് മൂന്നു സീറ്റുണ്ടായിരുന്നു. രാഷ്ട്രീയമായും സാമുദായികമായും ഏതുനിമിഷവും അസ്വസ്ഥതകളുണ്ടാവാന്‍ സാധ്യതയുള്ള പ്രദേശമാണ് തീരദേശ കര്‍ണാടക. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുണ്ടായ പ്രക്ഷോഭത്തിനിടെ ഒരു സമുദായത്തിലെ രണ്ടുപേര്‍ കൊല്ലപ്പെട്ടത് ദക്ഷിണകന്നഡയിലെ മംഗളൂരു സൗത്ത് മണ്ഡലത്തിലാണ്.


ഇത് കൂടി വായിക്കൂ:ബിജെപിയുടെ ക്രൈസ്തവ പ്രീണനവും ആലഞ്ചേരിയുടെ മോഡീ പ്രണയവും 


കുക്കര്‍ ബോംബ് സ്ഫോടനം നടന്നതും ഇതേ മേഖലയിലാണ്. ദേശവിരുദ്ധ ചുമരെഴുത്ത് നടന്നതും ഭീകരവാദികള്‍ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയതും തീരദേശ കര്‍ണാടകയിലാണ്. വിവാദമായ രാഷ്ട്രീയക്കൊലപാതകങ്ങളും ഇവിടെ നടന്നിട്ടുണ്ട്. സുള്ള്യയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊല വലിയ ചര്‍ച്ചയായിരുന്നു. ജാതീയതയുടെ വലിയ സ്വാധീനമുള്ള ഉഡുപ്പി മണ്ഡലത്തില്‍നിന്നാണ് ഹിജാബ് വിവാദം രാജ്യമാകെ കത്തിപ്പടര്‍ന്നത്. ഉഡുപ്പി ഗവ. വനിതാ കോളജിലെ വിദ്യാര്‍ത്ഥിനികളാണ് ഹിജാബ് വിഷയത്തില്‍ സുപ്രീം കോടതിവരെ പോയത്. അതിനെ എതിര്‍ത്ത് തീവ്ര ഹിന്ദുസംഘടനകളും രംഗത്തെത്തി. ഹിജാബ് വിരുദ്ധ സംഘത്തിന് നേതൃത്വം നല്കിയ യശ്പാല്‍ സുവര്‍ണയാണ് ഇവിടെ ബിജെപിക്കായി മത്സരിച്ചത്. 30,000ത്തിലേറെ വോട്ടുകൾക്ക് ഇദ്ദേഹം കോൺഗ്രസിന്റെ പ്രസാദ് രാജ് കാഞ്ചനെ തോല്പിക്കുകയും ചെയ്തു. മൂന്നുതവണ മണ്ഡലത്തെ പ്രതിനിധാനംചെയ്ത സിറ്റിങ് എംഎല്‍എ കെ രഘുപതി ഭട്ടിനെ മാറ്റിയാണ് യുവനേതാവ് യശ്പാല്‍ സുവര്‍ണയ്ക്ക് സീറ്റ് നല്കിയത്. ബ്രാഹ്മണനായ രഘുപതി ഭട്ടിനെ മാറ്റി മൊഗവീര സമുദായ(മുക്കുവ)ക്കാരനായ യശ്പാലിന് സീറ്റ് നല്‍കുകവഴി മറ്റൊരു ജാതീയ പരീക്ഷണമാണ് ബിജെപി ലക്ഷ്യമിട്ടത്; തീരദേശത്തെ മുക്കുവ വിഭാഗത്തിന്റെ വോട്ട്. ഹിജാബ് വിരുദ്ധതയ്ക്ക് നേതൃത്വം നല്കിയ ആളെന്നനിലയില്‍ തീവ്ര ഹിന്ദുവികാരം ഉണര്‍ത്താമെന്നും കണക്കുകൂട്ടി. ദക്ഷിണ കന്നഡയിലെ റാലിയിലാണ് വോട്ടു ചെയ്യും മുമ്പ് ജയ് ബജ്‌റംഗ്ബലി എന്ന് വിളിക്കണമെന്ന് മോഡി ആവശ്യപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.