18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

August 20, 2024
June 11, 2024
May 20, 2024
January 24, 2024
January 21, 2024
December 10, 2023
November 13, 2023
October 22, 2023
October 3, 2023
September 17, 2023

കരിപ്പൂർ വിമാനദുരന്തത്തിന് ഇന്ന് രണ്ടുവർഷം: രക്ഷാപ്രവർത്തകരോടുള്ള ആദരവറിയിച്ച് ആശുപത്രി കെട്ടിടം ഒരുങ്ങുന്നു

സുരേഷ് എടപ്പാൾ
മലപ്പുറം
August 7, 2022 9:31 am

മലപ്പുറം: രാജ്യത്തെ ഞെട്ടിച്ച കരിപ്പൂർ വിമാനദുരന്തത്തിന് ഇന്ന് രണ്ടുവർഷം തികയുന്നു. 2020 ഓഗസ്റ്റ് ഏഴിന് വൈകിട്ട് എയർ ഇന്ത്യ എക്സ്പ്രസ് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ടായിരുന്നു അപകടം. കനത്ത മഴയിൽ കാഴ്ച മറഞ്ഞതോടെ വിമാനം ഏതുവിധേനയും സുരക്ഷിതമായി മണ്ണിലിറക്കാനുള്ള പൈലറ്റിന്റെ ശ്രമത്തിനിടെ റൺവേയും കഴിഞ്ഞ് പുറത്ത് ഓപ്പറേഷൻ ഏരിയായിൽ ഇടിച്ചു നിന്ന വിമാനം നെടുകെ പിളരുകയായിരുന്നു. അപകടത്തില്‍ 21 പേർ മരിക്കുകയും 169 പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. മഴ കനത്ത ആ വെള്ളിയാഴ്ച ഇന്നും കരിപ്പൂർ നിവാസികളുടെ നെഞ്ചിടിപ്പേറ്റുകയാണ്. കൊറോണയിൽ വിറങ്ങലിച്ച് നാളുകൾ തള്ളിനീക്കിയിരുന്ന നാട് സടകുടഞ്ഞെഴുന്നേറ്റ് രക്ഷാപ്രവർത്തനത്തിനായി വിമാനത്താവളത്തിലേക്ക് കുതിച്ചു. അതീവ സുരക്ഷാമേഖലയായിട്ടും ദുരന്തമുഖത്തേക്ക് എടുത്ത് ചാടി ഔദ്യോഗിക സംവിധാനങ്ങൾക്കൊപ്പം നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ പല ജീവനുകളും രക്ഷിക്കാനായി. കരിപ്പൂരിലെ ജനതയുടെ രണ്ടും കല്പിച്ച രക്ഷാദൗത്യത്തിന് രാജ്യവും ലോകവും കൈയടിച്ചു.

ആംബുലൻസിനെ കാത്തുനിൽക്കാതെ സ്വന്തം വാഹനത്തിൽ പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് പായുകയായിരുന്നു. ത്യാഗപൂർവം പ്രവർത്തിച്ച സംസ്ഥാന പൊലീസും അഗ്നിരക്ഷാസേനയും രാജ്യത്തിന്റെ അഭിനന്ദനം ഏറ്റുവാങ്ങി. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണങ്ങൾ വിവിധ ഏജൻസികൾ നടത്തിയെങ്കിലും വ്യക്തമായ കാരണം കണ്ടെത്താനില്ല. മോശം കാലാവസ്ഥ, വൈമാനികന്റെ അമിത ആത്മവിശ്വാസം, അശ്രദ്ധ, റൺവേയുടെ പരിമിതി തുടങ്ങിയ കാരണങ്ങൾ പറയപ്പെടുന്നുണ്ടെങ്കിലും ഒന്നും തന്നെ സ്ഥിരീകരിക്കപ്പെട്ട റിപ്പോർട്ടായി പുറത്തുവന്നിട്ടില്ല. വിമാനം ഇറക്കിയത് റൺവേയുടെ ഏതാണ്ട് മധ്യഭാഗത്താണ്, ടച്ച്‍ലൈനിൽ നിന്നും ആയിരം മീറ്റർ കടന്ന്. പിന്നീട് റൺവേയിൽനിന്ന് തെന്നിനീങ്ങുകയായിരുന്നു. വൈമാനികന് അശ്രദ്ധ പറ്റിയെന്നായിരുന്നു ആദ്യ കണക്കുകൂട്ടൽ. അപകടത്തിന് കാരണം ടേബിൾ ടോപ്പ് ഭൂപ്രകൃതിയല്ലെന്നും കണ്ടെത്തി. ബ്ലാക്ക് ബോക്സും കോക്പിറ്റ് റെക്കോഡറുമടക്കം പരിശോധിച്ചെങ്കിലും യഥാർത്ഥ കാരണം ഇപ്പോഴും അവ്യക്തമാണ്. മരിച്ചവർക്കും പരിക്കേറ്റവർക്കും ആശ്വാസധനം ഏറെക്കുറെ ലഭ്യമാക്കാൻ എയർ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. ഇൻഷുറന്‍സ് തുകയായി ലഭിച്ച 640 കോടിയിൽ മരിച്ചവരുടെ ആശ്രിതർക്ക് രണ്ട് കോടി മുതൽ ആറ് കോടിവരെ നൽകി. പരിക്കേറ്റവർക്ക് 12 ലക്ഷം മുതൽ ഏഴുകോടിവരെയും വിതരണം ചെയ്തിട്ടുണ്ട്. ദുബായിൽ ജോലി ചെയ്യുന്ന ഒരാൾക്കും മലപ്പുറം താനൂർ സ്വദേശിക്കും മാത്രമാണ് ഇനി നഷ്ടപരിഹാരം കിട്ടാനുള്ളത്. രേഖകൾ സമർപ്പിച്ചതിലെ സാങ്കേതിക തകരാറാണ് കാരണമെന്നും തുക ഉടൻ കൊടുക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

മനുഷ്യസ്നേഹത്തിന്റെ ഒളിമങ്ങാത്ത അധ്യായം ഏഴുതിച്ചേർത്ത രക്ഷാപ്രവർത്തകരെ നാളത്തെ ദിനത്തിൽ നാട് ആദരിക്കും. വിമാനത്താവളത്തിനുസമീപം ചിറയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം ഒരുക്കിയാണ് അവരെ അഭിവാദ്യം ചെയ്യുന്നത്. മലബാർ ഡെവലപ്മെന്റ് ഫോറം കരിപ്പൂർ വിമാനാപകട ചാരിറ്റി ഫൗണ്ടേഷനാണ് കെട്ടിടം നിർമ്മിക്കുക. ഇതിന്റെ ധാരണാപത്രം ഞായർ രാവിലെ 10ന് മന്ത്രി വി അബ്ദുറഹ്‌മാൻ ഡിഎംഒ ആർ രേണുകയ്ക്ക് കൈമാറും. മലബാറിന്റെ വികസന സ്വപ്നങ്ങളുടെ മുഴുവൻ പ്രതീക്ഷയും ചിറകിലേറ്റുന്ന കരിപ്പൂർ വിമാനത്താവളത്തെ കയ്യൊഴിയാൻ സുരക്ഷാ പ്രശ്നമടക്കമുള്ള പല കാരണങ്ങളും കേന്ദ്രസർക്കാർ കണ്ടെത്തുമ്പോഴും ഏതുവിധേനയും കരിപ്പൂരിന് സംരക്ഷിത വലയമൊരുക്കയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. റൺവേ വികസനത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള പരിശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിലാണ് ഇവിടെ പുരോഗമിക്കുന്നത്.

Eng­lish Sum­ma­ry: karipur plane crash

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.